സൗദി സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സംരംഭങ്ങള്‍ തുടങ്ങാം

സൗദി സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സംരംഭങ്ങള്‍ തുടങ്ങാം

റിയാദ്: സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പിന്തുണയില്ലാതെ തന്നെ സ്വതന്ത്രമായി സംരംഭം ആരംഭിക്കാം. രാജ്യത്ത് കാലാകാലങ്ങളായി തുടര്‍ന്നുവന്ന സമ്പ്രദായത്തിനാണ് ഇതോടെ മാറ്റം വരുന്നത്. ഇത്രനാള്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെയോ പുരുഷന്‍മാരായ ബന്ധുക്കളുടെയോ മറ്റോ അനുമതിയോട് കൂടി മാത്രമേ ബിസിനസിലേക്ക് ഇറങ്ങാനുള്ള സാഹചര്യമുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ഇനി മുതല്‍ സ്വതന്ത്രമായി സംരംഭം തുടങ്ങാന്‍ കടന്നുവരുന്ന സ്ത്രീകള്‍ക്കായി എല്ലാവിധ സഹായങ്ങളും നല്കുമെന്ന് കൊമേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയം അറിയിച്ചു. ബിസിനസിന് പുറമെ തനിച്ചുള്ള യാത്രകള്‍ക്കും സര്‍ക്കാര്‍ പേപ്പര്‍ വര്‍ക്കുകള്‍ക്കുമെല്ലാം സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെയോ രക്ഷകര്‍ത്താവിന്റെയോ സാക്ഷ്യപത്രം ആവശ്യമായിരുന്നു. ഇനി അത് വേണ്ട.

എണ്ണയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ വിവിധ മേഖലകളിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വിന്യസിക്കുന്നതിനായുള്ള നടപടികള്‍ അധികാരികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് വനിതാ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുത്തുന്നത്.

സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് വനിതാ നിക്ഷേപകരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വനിതകള്‍ക്കായി സംരംഭക മേഖല തുറന്നു കൊടുക്കപ്പെടുന്നത്. സ്ത്രീകള്‍ക്കായി വിവിധ തൊഴിലവസരങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലുമായി 140ഓളം അവസരങ്ങള്‍ സ്ത്രീകള്‍ക്കായി സജ്ജമാക്കിയിരിക്കുന്നുണ്ട്. ഇതിന് പുറമെ 107000 ആപ്ലിക്കേഷനുകള്‍ ഇതിനോടകം ലഭിച്ചതായാണ് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ഏറെ നാളുകളായി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും സാംസ്‌കാരിക രംഗത്തും പ്രകടമായ മാറ്റങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് മുന്നേറുന്നത്. ഇതിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കിക്കൊണ്ടാണ് പുതിയ പരിഷ്‌കാരവും നിലവില്‍ വരുന്നത്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് കാലാകാലങ്ങളായി സൗദിയില്‍ നിലനിന്നിരുന്ന വിലക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ പിതാവും രാജാവുമായ സല്‍മാന്‍ നീക്കിയിരുന്നു.

വിദേശ നിക്ഷേപകര്‍ക്കും സൗദിയിലെ യുവജനങ്ങള്‍ക്കും സംരംഭക മേഖലയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കി രാജ്യത്തിന്റെ സാമ്പത്തിക വികസനം സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതിനായുള്ള നടപടികളാണ് ഇപ്പോള്‍ കിരീടാവകാശി നടപ്പിലാക്കുന്നത്. സൗദിയിലെ സാമ്പത്തിക രംഗത്ത് വനിതകളുടെ സാന്നിധ്യം 22 ശതമാനത്തില്‍ നിന്ന് മൂന്നില്‍ ഒന്നായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. സൗദി അറേബ്യയുടെ വിഷന്‍ 2030ന്റെ അമരക്കാരനായി അറിയപ്പെടുന്ന പ്രിന്‍സ് മൊഹമ്മദ് പരമ്പരാഗതമായി പിന്തുടര്‍ന്നുവന്ന രീതികളുടെ പൊളിച്ചെഴുത്തിലൂടെ രാജ്യത്തെ കാലികമായി ഉയര്‍ത്തുകയാണ്.

 

Comments

comments

Categories: Arabia