പോര്‍ഷെ 911 ജിടി3 സ്വന്തമാക്കി നാരായണ്‍ കാര്‍ത്തികേയന്‍

പോര്‍ഷെ 911 ജിടി3 സ്വന്തമാക്കി നാരായണ്‍ കാര്‍ത്തികേയന്‍

2.3 കോടി രൂപയാണ് എക്‌സ് ഷോറൂം വില

മുംബൈ : മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നാരായണ്‍ കാര്‍ത്തികേയന്‍ പുതിയ പോര്‍ഷെ 911 ജിടി3 സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് പോര്‍ഷെ 911 ജിടി3 പുറത്തിറക്കിയത്. 2.3 കോടി രൂപയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ നാരായണ്‍ കാര്‍ത്തികേയന്‍ സ്വന്തമാക്കിയ കാറിന് വളരെ വില കൂടും. മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവറിനായി കാര്‍ വളരെയധികം കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

ഗാര്‍ഡ്‌സ് റെഡ് നിറമുള്ള കാറാണ് നാരായണ്‍ കാര്‍ത്തികേയന്‍ തെരഞ്ഞെടുത്തത്. കാബിനില്‍ കറുത്ത ലെതറെറ്റ്, അല്‍കാന്റര ലെതര്‍ സീറ്റുകള്‍ എന്നിവ കാണാം. ക്ലബ്‌സ്‌പോര്‍ട് പാക്കേജ് തെരഞ്ഞെടുത്തതിനാല്‍ ജിടി3 യില്‍ സ്‌പോര്‍ട് ബക്കറ്റ് സീറ്റുകള്‍ ലഭിച്ചു. പോര്‍ഷെ ട്രാക്ക് പ്രിസിഷന്‍ ആപ്പ്, ലാപ് ട്രിഗര്‍ പ്രിപറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌പോര്‍ട് ക്രോണോ പാക്കേജ് കൂടി നാരായണ്‍ കാര്‍ത്തികേയന്‍ തെരഞ്ഞെടുത്തു. ഡാഷ്‌ബോര്‍ഡില്‍ സ്റ്റോപ്‌വാച്ച്, പുതുതായി വികസിപ്പിച്ച പോര്‍ഷെ ട്രാക്ക് പിസിഷന്‍ ആപ്പ് എന്നിവ ഉള്‍പ്പെടുന്ന ഓപ്ഷണല്‍ പാക്കേജാണിത്. ഒരു സെക്കന്‍ഡിന്റെ നൂറിലൊരു അംശം പോലും കൃത്യമായി സ്‌പോര്‍ട് ക്രോണോ സ്‌റ്റോപ്‌വാച്ചിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും തെളിയും.

ഈയിടെ പുറത്തിറക്കിയ മെഴ്‌സിഡീസ്-എഎംജി ജിടി ആര്‍, നിസ്സാന്‍ ജിടി-ആര്‍, ഔഡി ആര്‍8 എന്നീ ഓപ്ഷനുകള്‍ നാരായണ്‍ കാര്‍ത്തികേയന് ഇന്ത്യയിലുണ്ടായിരുന്നു. എന്നാല്‍ പോര്‍ഷെയ്ക്കാണ് ആ ഭാഗ്യം ലഭിച്ചത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, അമേരിക്കന്‍ കമ്പനിയായ ബോസിന്റെ സറൗണ്ട് സൗണ്ട് സിസ്റ്റം, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് 911 ജിടി3 യിലെ കംഫര്‍ട്ട്, എന്റര്‍ടെയ്ന്‍മെന്റ് ഫീച്ചറുകള്‍. ആപ്പിള്‍ കാര്‍പ്ലേ കൂപ്പെയില്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നു.

മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ക്കായി വളരെയധികം കസ്റ്റമൈസ് ചെയ്തതിനാല്‍ കാറിന് വില കൂടും

4 ലിറ്റര്‍, 6 സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിനാണ് പുതിയ പോര്‍ഷെ 911 ജിടി3 യുടെ ഹൃദയം. 493 ബിഎച്ച്പി കരുത്തും പരമാവധി 540 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 7 സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, കൂടുതല്‍ ആവേശം പകരുന്ന 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ഓപ്ഷനുകള്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 3.4 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 318 കിലോമീറ്ററാണ് ടോപ് സ്പീഡ്. മാന്വല്‍ ഗിയര്‍ബോക്‌സില്‍ 0.5 സെക്കന്‍ഡ് അധികം സമയം വേണം. എന്നാല്‍ ടോപ് സ്പീഡ് 320 കിലോമീറ്ററാണ്.

Comments

comments

Categories: Auto