മഹീന്ദ്ര ഇലക്ട്രിക് പുതുതായി 400 കോടി രൂപ മുതല്‍മുടക്കും

മഹീന്ദ്ര ഇലക്ട്രിക് പുതുതായി 400 കോടി രൂപ മുതല്‍മുടക്കും

വര്‍ഷംതോറും 20,000 വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : മഹീന്ദ്ര ഇലക്ട്രിക് കര്‍ണ്ണാടക പ്ലാന്റില്‍ പുതുതായി 400 കോടി രൂപയുടെ നിക്ഷേപം നടത്തും. പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കും പുതിയ നിക്ഷേപമെന്ന് മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ കമ്പനി അറിയിച്ചു. ബാറ്ററി സംബന്ധമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും തുക വിനിയോഗിക്കും.

2010 നുശേഷം കര്‍ണ്ണാടക പ്ലാന്റില്‍ മഹീന്ദ്ര ഇലക്ട്രിക് 600 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. വര്‍ഷംതോറും 20,000 വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ് ബാബു പറഞ്ഞു. ബെംഗളൂരുവിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നൈപുണ്യ വികസനത്തിന് തുക ചെലവഴിക്കും. നിലവില്‍ പ്രതിവര്‍ഷം 5,000 വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമാണ് കര്‍ണ്ണാടക പ്ലാന്റിന് ശേഷിയുള്ളത്.

2010 നുശേഷം മഹീന്ദ്ര ഇലക്ട്രിക് കര്‍ണ്ണാടക പ്ലാന്റില്‍ 600 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്

ഇ2ഒ പ്ലസ് കാറും വാഹനങ്ങള്‍ക്ക് ആവശ്യമായ ഇലക്ട്രിക് കിറ്റുകളും കര്‍ണ്ണാടക പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഇ-വെരിറ്റോ, ഇ-സുപ്രോ എന്നീ ഇലക്ട്രിക് വാഹനങ്ങളും മഹീന്ദ്രയുടേതാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് ഇലക്ട്രിക് മൊബിലിറ്റി ബോധവല്‍ക്കരണം നടത്തുന്നതിന്റെ നടപടികളിലാണ്. ബെംഗളൂരു ആസ്ഥാനമായ ഭാഗീരഥി ട്രാവല്‍ സൊലൂഷന്‍സ് എന്ന ഫഌറ്റ് ഓപ്പറേറ്റര്‍ സ്ഥാപനത്തിന് ചടങ്ങില്‍ മഹീന്ദ്ര ഇ-വെരിറ്റോ കാറുകള്‍ വിതരണം ചെയ്യും. ആയിരം ഇ-വെരിറ്റോ കാറുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ ഭാഗീരഥിയില്‍നിന്ന് മഹീന്ദ്ര ഇലക്ട്രിക് നേരത്തെ നേടിയിരുന്നു. 100 കോടിയിലധികം രൂപയുടേതാണ് ഈ ഓര്‍ഡര്‍.

Comments

comments

Categories: Auto