വിപണി കൈയടക്കി കാന്താരി ഡോട്ട്

വിപണി കൈയടക്കി കാന്താരി ഡോട്ട്

കലര്‍പ്പില്ലാത്തെ കാന്താരിമുളകിന്റെ പൊടിയുമായി വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് കാന്താരി ഡോട്ട്

വിപണിയില്‍ ലഭ്യമായ ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളിലും ഇന്നു മായം കലര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. കറിപൗഡറുകളില്‍ എന്നല്ല മിക്ക ആഹാരസാധനങ്ങളുടെ കാര്യത്തിലും ഇതൊരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തരാവാന്‍ ശ്രമിക്കുകയാണ് കാന്താരി ഡോട്ട് ഉല്‍പ്പാദകര്‍. സാധാരണയായി ഉപയോഗിക്കുന്ന മുളക് പൊടികള്‍ക്കു പകരമായി കാന്താരി മുളകിന്റെ പൊടിയാണ് അവര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഗുണമേന്‍മയുടെ കാര്യത്തിലും മറ്റ് മുളക് പൊടികളേക്കാള്‍ മെച്ചപ്പെട്ടതാണിതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂര്‍ മാര്‍ക്കറ്റില്‍ സജീവമാണ് കാന്താരി ഡോട്ട്. 65 ഗ്രാമിന് 345 രൂപ വില വരുന്ന ബോട്ടിലുകള്‍ക്ക് വിദേശത്തുപോലും ആവശ്യക്കാര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നതും വിദേശ നാടുകളിലേക്ക് പോകുന്നവരിലൂടെ തന്നെ. സാധാരണ മുളകുപൊടി കറിക്കും മറ്റും നിറം കിട്ടാന്‍ വേണ്ടി മൂന്നും നാലും സ്പൂണുകള്‍ ഇടുന്ന സ്ഥാനത്ത് കാന്താരി മുളകുപൊടി ഒരു സ്പൂണ്‍ പോലും ആവശ്യമായി വരുന്നില്ല എന്നതാണ് കാന്താരി ഡോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ആവശ്യമായ നിറവും എരിവും അതില്‍ നിന്നു ലഭിക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ആശ്വാസം പകരാനും കാന്താരി ഡോട്ടിനു കഴിയും. ഒരു ബിസിനസ് എന്നതിലുപരി ആളുകള്‍ക്ക് ഗുണപ്രദമാവുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നുമാണ് ഈ ബിസിനസിലേക്ക് കടന്നതെന്ന് കാന്താരി ഡോട്ടിന്റെ ഉല്‍പ്പാദകര്‍ പറയുന്നു. സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാനുള്ള ചെറിയ ലാഭം മാത്രമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ തുടിക്കുണ്ട് എന്ന സ്ഥലത്താണ് കാന്താരി ഡോട്ടിന്റെ ഉല്‍പ്പാദനം. കണ്ണൂരില്‍ മാത്രമല്ല, തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലും കാന്താരി കൃഷി ഇവര്‍ക്കുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്ത് ജോലിക്കാരെ നിയോഗിച്ചാണ് കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കാന്താരി കൃഷിയ്ക്ക് വെള്ളത്തിനു പുറമെ വളമായി ഇവര്‍ ഉപയോഗിക്കുന്നത് ചകിരിപ്പൊടി, ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയാണ്. മറ്റ് രാസവളങ്ങള്‍ ഒട്ടും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഒഡിഇ ആര്‍ട്ട് അഡ്വര്‍ടൈസിംഗ് എന്ന സ്ഥാപനത്തിന്റെ ഒരു സബ് പ്രോഡക്റ്റുകളില്‍ ഒന്നാണ് കാന്താരി ഡോട്ട്. കാന്താരി മുളകുപൊടിക്കു പുറമെ കാന്താരി അച്ചാര്‍, കാന്താരി ഉപ്പിലിട്ടത് എന്നിവയിലേക്ക് കടക്കാന്‍ കൂടി സ്ഥാപനം ഒരുങ്ങുന്നുണ്ട്. സ്വന്തം കൃഷിയിടത്തില്‍ വിളയിച്ചെടുത്ത കാന്താരി മുളകുകള്‍ മാത്രമാണ് ഇവര്‍ പൊടിയാക്കാന്‍ ഉപയോഗിക്കുന്നത്. 5 കിലോ മുളക് പൊടിച്ച് എടുക്കുമ്പോള്‍ ആകെ ലഭിക്കുന്നത് 1 കിലോ മുളകുപൊടിയാണ്. മഴക്കാലമാണ് കാന്താരി നന്നായി വിളയാന്‍ യോജിച്ച സമയം. ആ കാലയളവില്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 350 രൂപ വരെ നിരക്കുണ്ടാകും. കാന്താരി സീസണ്‍ അല്ലാത്ത സമയങ്ങളില്‍ കിലോയ്ക്ക് 700 രൂപ മുതല്‍ 1500 വരെ എത്താറുണ്ട്. കണ്ണൂര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സജീവമായുള്ള കാന്താരി ഡോട്ട് കോഴിക്കോടേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും അവഗണിച്ച് കൊണ്ട് ഗ്ലാസ് ബോട്ടിലുകളിലായാണ് കാന്താരി ഡോട്ട് മാര്‍ക്കറ്റില്‍ എത്തുന്നത്.

Comments

comments

Categories: Branding, Slider