കല്‍ക്കരി ഇറക്കുമതി 12% വര്‍ധിച്ചു

കല്‍ക്കരി ഇറക്കുമതി 12% വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ കല്‍ക്കരി ഇറക്കുമതി ജനുവരിയില്‍ 12.4 ശതമാനം വര്‍ധിച്ച് 18.49 മില്യണ്‍ ടണ്ണിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 16.44 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ടാറ്റ സ്റ്റീലിന്റെയും സംയുക്ത സംരംഭമായ എം-ജംക്ഷന്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സ്റ്റീല്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന കല്‍ക്കരി (കോക്കിംഗ് കോള്‍) ഇറക്കുമതിയില്‍ ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ സുസ്ഥിരമായ വളര്‍ച്ചയാണ് ജനുവരിയില്‍ നിരീക്ഷിച്ചിട്ടുള്ളത്. കല്‍ക്കരി വിലയുണ്ടായ ഇടിവും അടുത്തിടെ ഇന്ത്യന്‍ സ്റ്റീല്‍ മേഖലയില്‍ അനുഭവപ്പെട്ട വളര്‍ച്ചയുമാണ് കല്‍ക്കരി ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പെട്രോളിയം കല്‍ക്കരി ഇറക്കുമതിയില്‍ കഴിഞ്ഞ മാസം വലിയ ഇടിവാണുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മൊത്തം കല്‍ക്കരി ഇറക്കുമതിയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാലയളവിലെ മൊത്തം കല്‍ക്കരി ഇറക്കുമതി 179.5 മില്യണ്‍ ടണ്‍ ആണ്. മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ 180.8 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്.

തെര്‍മല്‍ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി സ്റ്റോക്കി പൊസിഷന്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് എം-ജംക്ഷന്‍ സിഇഒ വിനയ വര്‍മ പറഞ്ഞു. എന്നാല്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കല്‍ക്കരി സ്റ്റോക്ക് പൊസിഷനിലെ പുരോഗതി മന്ദഗതിയിലാണെന്നും അവര്‍ വ്യക്തമാക്കി. വോനല്‍കാലത്തിനു മുന്നോടിയായി രാജ്യത്ത് കല്‍ക്കരി ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അടുത്ത കുറച്ച് മാസങ്ങള്‍ക്കൂടി കല്‍ക്കരി ഇറക്കുമതി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷവും കല്‍ക്കരി ഇറക്കുമതിയിലെ വര്‍ധന തുടരുമെന്നാണ് വേള്‍ഡ് കോള്‍ അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ബെഞ്ചമിന്‍ സ്‌പോര്‍ടണ്‍ പറയുന്നത്.

Comments

comments

Categories: Business & Economy