റെസ്റ്റോറന്റ് മേഖലയില്‍ ജിഎസ്ടി അനുകൂല സ്വാധീനം ചെലുത്തിയെന്ന് സര്‍വെ

റെസ്റ്റോറന്റ് മേഖലയില്‍ ജിഎസ്ടി അനുകൂല സ്വാധീനം ചെലുത്തിയെന്ന് സര്‍വെ

മുംബൈ: ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ പ്രതിഫലനം പോസിറ്റീവായാണ് അനുഭവപ്പെട്ടതെന്ന് മുംബൈയിലെയും ബെംഗളുരുവിലെയും റെസ്‌റ്റോറന്റ് വ്യവസായം വ്യക്തമാക്കുന്നു. എന്നാല്‍ വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തത് പ്രധാന തടസമായി നിലനില്‍ക്കുന്നുണ്ടെന്നും ഗ്രാന്റ് തോണ്‍ടണ്‍ ഇന്ത്യ നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരര്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി വ്യവസായത്തിന് ഗുണം ചെയ്തുവെന്നാണ് ഇരു നഗരങ്ങളിലെയും 70 ശതമാനത്തിലധികം വ്യാപാരികളും സര്‍വെയില്‍ പ്രതികരിച്ചത്. സാങ്കേതികവിദ്യയുടെ പിന്തുള്ളയുള്ളതിനാല്‍ ജിഎസ്ടി നടപടിക്രമങ്ങള്‍ പാലിക്കുന്നത് എളുപ്പമാണെന്നാണ് 68 ശതമാനം ബിസിനസുകള്‍ ചൂണ്ടിക്കാട്ടിയത്.

ഉയര്‍ന്ന വാടക, പരിചയ സമ്പന്നരായ തൊഴിലാളികളെ നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇരു നഗരങ്ങളിലെയും റെസ്‌റ്റോറന്റ് വ്യവസായം നേരിടുന്ന സുപ്രധാന വെല്ലുവിളി. മുംബൈയിലെ 35 ഉം, ബെംഗളുരുവിലെ 25ഉം റെസ്‌റ്റോറന്റുകളുടെ ഉന്നത നേതൃത്വത്തിലുള്ളവരുടെ അഭിപ്രായം അടിസ്ഥാമാക്കിയാണ് ഗ്രാന്റ് തോണ്‍ടണ്‍ സര്‍വെ തയാറാക്കിയത്.

നോട്ട് അസാധുവാക്കല്‍ കൂടുതലായി ബാധിച്ചത് ബെംഗളുരുവിനെയാണ്. സര്‍വെയില്‍ പങ്കെടുത്ത ചുരുക്കം ചിലര്‍ മാത്രമാണ് നോട്ട് അസാധുവാക്കല്‍ മേഖലയെ ബാധിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത്. ഡിജിറ്റല്‍ പണമിടപാട് ഉയര്‍ത്തുകയെന്നത് നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നുവെങ്കിലും ബില്‍ നേരിട്ട് പണമായി നല്‍കുന്ന രീതിയാണ് ഇപ്പോഴും പ്രബലമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ റെസ്റ്റോറന്റ് വ്യവസായം ഗണ്യമായ വളര്‍ച്ച നേടുകയും സ്ഥിരമായ വളര്‍ച്ച നേടുകയുമാണ്. വില, പാചകശാലയുടെ നിലവാരം എന്നിവ സംബന്ധിച്ച ആശങ്കകളേക്കാള്‍ പ്രധാനമാണ് ഓര്‍ഗാനിക് ഭക്ഷണം നല്‍കണമെന്നതെന്ന് മുംബൈയില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ പ്രതികരിക്കുന്നു. ബെംഗളുരുവിലെ ഉപഭോക്തൃ മുന്‍ഗണനകളിലെ പ്രധാന പ്രവണത അഫോഡബിളിറ്റിയാണ്. ഫണ്ടിംഗിന് സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ക്ക് മുംബൈയില്‍ നിന്നുള്ള വ്യാപാരികള്‍ മുന്‍ഗണന നല്‍കുമ്പോള്‍ പ്രാഥമിക ഉറവിടമായി ബാങ്ക് ലോണുകളെയാണ് ബെംഗളുരുവിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Comments

comments

Categories: Business & Economy