ഇഇഎസ്എല്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വാങ്ങും

ഇഇഎസ്എല്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വാങ്ങും

ഏപ്രില്‍ മാസത്തോടെ ആഗോള ടെന്‍ഡര്‍ വിളിക്കും

ന്യൂഡെല്‍ഹി : പൊതു മേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) പുതുതായി പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വാങ്ങും. ഇതിനായി ഏപ്രില്‍ മാസത്തോടെ പുതിയ ആഗോള ടെന്‍ഡര്‍ വിളിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നത്. ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

ഇഇഎസ്എല്ലിന്റെ ഇലക്ട്രിക് വാഹന പദ്ധതിയില്‍ സംസ്ഥാനങ്ങളും വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 10,000 വീതം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് രണ്ട് ആഗോള ടെന്‍ഡറുകളാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് വിളിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇഇഎസ്എല്‍ ഈയാഴ്ച്ച ആന്ധ്ര പ്രദേശ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ ഇഇഎസ്എല്ലിനെ സമീപിക്കുകയാണ്. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളില്‍നിന്നായിരിക്കും ആന്ധ്ര സര്‍ക്കാരിന് കൈമാറുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ 4,000 ഇലക്ട്രിക് വാഹനങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ 2,000 ഇലക്ട്രിക് വാഹനങ്ങളും ആവശ്യപ്പെട്ടതായി സൗരഭ് കുമാര്‍ പറഞ്ഞു.

പതിനായിരം ഇവി വിതരണം ചെയ്യുന്നതിന് ഇഇഎസ്എല്‍ ഈയാഴ്ച്ച ആന്ധ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിളിച്ച ആദ്യ ടെന്‍ഡറിലൂടെ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികളില്‍നിന്നാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത്. രണ്ടാം ടെന്‍ഡറില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗരഭ് കുമാര്‍ പറഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെ 11.20 ലക്ഷം രൂപ വീതം നല്‍കിയാണ് ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികളില്‍നിന്ന് ഇലക്ട്രിക് കാറുകള്‍ സംഭരിക്കുന്നത്. ആദ്യ ടെന്‍ഡറിന്റെ ആദ്യ ഘട്ടത്തില്‍ 500 കാറുകളാണ് ഏറ്റെടുക്കുന്നത്.

Comments

comments

Categories: Auto