കൈവിട്ട് പോയ കളിവഞ്ചി

കൈവിട്ട് പോയ കളിവഞ്ചി

നമ്മുടെ കുട്ടികള്‍ അത്യധ്വാനത്തിലാണെപ്പോഴും. അവന്റെ ഒരു ദിവസത്തെ ടൈംടേബിള്‍ ഇരുപത്തിനാല് മണിക്കൂറില്‍ ഒതുങ്ങുന്നില്ല

‘യെ ദൗലത് ഭി ലെ ലോ യെ ശൊഹരത് ഭി ലെ ലോ

ഭലേ ഛിന്‍ ലോ മുഝ്‌സെ മേരി ജവാനി

മഗര്‍ മുഝ്‌കൊ ലൗടാ ദോ ബഛ്പന്‍ കാ സാവന്‍

വോ കാഗസ് കി കശ്തി വോ ബാരിഷ് കാ പാനി

വോ കാഗസ് കി കശ്തി വോ ബാരിഷ് കാ പാനി’

1987 ല്‍ ഇറങ്ങിയ ‘ആജ്’ എന്ന ചിത്രത്തിന് വേണ്ടി സുദര്‍ശന്‍ ഫാകിര്‍ എഴുതി, ജഗ്ജീത് സിംഗ് ഈണം നല്‍കി, ജഗ്ജീത് സിംഗും ചിത്ര സിംഗും ചേര്‍ന്ന് ആലപിച്ച ഗാനം.

(എന്റെയീ സമ്പത്തും എന്റെയീ പ്രശസ്തിയും

എന്റെയീ തീഷ്ണ യൗവനത്തിളപ്പും

എന്നില്‍നിന്നൊന്നൊന്നായി തിരിച്ചെടുത്താലുമിദം

എനിക്ക് തിരികെ തരികയെന്റെയാ കുട്ടിക്കാലം,

എന്റെയാ കടലാസ് തോണിയും ഇത്തിരി മഴവെള്ളവും)

പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ കണ്ണടയോ കോണ്‍ടാക്റ്റ് ലെന്‍സോ മറ്റ് രീതിയിലുള്ള ദൃഷ്ടിരക്ഷയോ ഉപയോഗിക്കുന്നവരുടെ അനുപാതം ഏകദേശം 25% ആയിരുന്നു 14 വര്‍ഷം മുന്‍പ്, 2004 ല്‍. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച്, അത് ഇപ്പോള്‍ 56% ആയി മാറിയിരിക്കുന്നു. മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, ഈ കണക്കിന്റെ വേറെയൊരു വശം കാണാം. നഗരജനതയില്‍ 86% വരുന്ന ഈ അനുപാതം, ഗ്രാമീണജനതയില്‍ 10 ശതമാനത്തില്‍ താഴെയാണ്. ആദിവാസി വിഭാഗങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയും. ഗ്രാമീണ, ആദിവാസി മേഖലകളില്‍ കുട്ടികളിലെ കാഴ്ചക്കുറവ് പ്രശ്‌നം തിരിച്ചറിയാതെ പോകുന്നതാണ് എന്ന വാദം അംഗീകരിക്കുകയാണെങ്കില്‍ തന്നെ, അത് കൃത്യമായി കണ്ടെത്തിയാലും അനുപാതത്തില്‍ വരാവുന്ന വര്‍ധന ഊഹിക്കാവുന്നതേയുള്ളൂ. മുംബൈ നഗരത്തില്‍ ഫഌറ്റുകളില്‍ ജീവിക്കുന്ന കുട്ടികളില്‍ ഏകദേശം 90 ശതമാനം പേരും കാഴ്ചക്കുറവിന് ചികിത്സ തേടിയിട്ടുള്ളപ്പോള്‍, ചേരിനിവാസികളില്‍ ഇത് 30 ശതമാനം മാത്രമാണ്.

കുട്ടികളിലെ കാഴ്ചക്കുറവ് തിരിച്ചറിയുന്നത്, സ്‌കൂളില്‍ എത്തുമ്പോഴാണ്. ബോര്‍ഡില്‍ എഴുതിയ അക്ഷരങ്ങള്‍ കുട്ടിക്ക് വ്യക്തമായി കാണാനാവുന്നില്ല. അടുത്തുള്ളവയെക്കാള്‍ ദൂരെയുള്ളവ കാണാനാണ് കുട്ടിക്ക് പ്രയാസം. ഫഌറ്റിലെ കുട്ടിയുടെ ദൃഷ്ടി തനിക്ക് ചുറ്റുമുള്ള നാല് ചുമരുകള്‍ക്കപ്പുറം സഞ്ചരിക്കുന്നില്ല. അവള്‍ക്ക്/ അവന് കളിക്കുവാന്‍ മൊബീല്‍ഫോണിലെ സ്‌ക്രീനാണുള്ളത്;കാണുവാന്‍ ടെലിവിഷനിലെ കാഴ്ചകള്‍ മാത്രവും. എന്നാല്‍ ഗ്രാമീണ ബാലികാബാലന്മാര്‍ക്ക് മലമടക്കിലുദിച്ച സൂര്യന്റെ വിദൂരത മുതല്‍ എല്ലാം ദൃശ്യമാകുന്നുണ്ട്. അവരുടെ കണ്ണുകള്‍ മാത്രകള്‍ക്കുള്ളില്‍ തൊട്ടടുത്തുള്ളവയില്‍ നിന്ന് അനന്തതയിലേക്ക് പായുന്നുണ്ട്. ആ പാച്ചില്‍ അവന്റെ കണ്ണുകളുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നു. എറിഞ്ഞ് വീഴ്ത്തിയ മാങ്ങയും നെല്ലിക്കയും എല്ലാം അവര്‍ക്ക് പോഷകങ്ങള്‍ നല്‍കുന്നുണ്ട്.

അവന്‍ മഴ കൊള്ളുന്നുണ്ട്, അവന്‍ വെയില്‍ കൊള്ളുന്നുണ്ട്, അവന്‍ ഓടുന്നുണ്ട്, അവന്‍ ചാടുന്നുണ്ട്, അവന്‍ കൂട്ടുകൂടുന്നുണ്ട്, അവന്‍ അടി കൂടുന്നുണ്ട്, അവന്‍ പ്രകൃതിയെ കാണുന്നുണ്ട്, മനുഷ്യനെ കാണുന്നുണ്ട്, മൃഗങ്ങളോടും കിളികളോടും സംവദിക്കുന്നുണ്ട്. അവന്‍ സ്‌ക്രീനില്‍ കണ്ണ് നട്ട് ഇരിക്കുന്ന സമയം തുലോം കുറവാണ്. അത് അവന്റെ കണ്ണുകളുടെയും ശരീരത്തിന്റെയും മാത്രമല്ല, മാനസികമായ ആരോഗ്യവും പോഷിപ്പിക്കുന്നു. ഈ സൗഭാഗ്യങ്ങള്‍, സൂര്യനുദിക്കുന്നതിന് മുന്‍പ് ട്യൂഷന്‍ തുടങ്ങി സൂര്യനസ്തമിച്ചാലും ട്യൂഷന്‍ തീരാത്ത, കയ്യുംകാലും കാഴ്ചയും ഉറയ്ക്കുന്നതിന് മുന്‍പ് കളിപ്പാട്ടമായി മൊബീല്‍ഫോണ്‍ കയ്യില്‍ കിട്ടിയ കുട്ടിക്ക് ലഭിക്കുന്നില്ല. സ്‌കൂട്ടറിന്റെയും കാറിന്റെയും പിന്‍സീറ്റില്‍ ഇരുന്ന് മൊബീല്‍ സ്‌ക്രീനിലൂടെ ലോകം കാണാന്‍ തുടങ്ങുന്ന അവന്‍ ഒടുവിലൊടുവില്‍ ജീവിതസന്തോഷങ്ങള്‍ നുകരുന്നതിലും പിന്‍സീറ്റില്‍ ആവുന്നു. അവന്റെ ഭാവനകള്‍ മൊബീല്‍ഫോണിന്റെ അഞ്ചിഞ്ചിനപ്പുറം യാത്ര ചെയ്യുന്നില്ല. ്

നമ്മുടെ കുട്ടികള്‍ അത്യധ്വാനത്തിലാണെപ്പോഴും. അവന്റെ ഒരു ദിവസത്തെ ടൈംടേബിള്‍ ഇരുപത്തിനാല് മണിക്കൂറില്‍ ഒതുങ്ങുന്നില്ല. പഠനകാര്യത്തില്‍ അവന്‍ എപ്പോഴും അതിസമ്മര്‍ദ്ദത്തിലാണ്. അവന്റെ സര്‍ഗ്ഗശേഷി, സ്വയം അടയാളപ്പെടുത്താനുള്ള അവന്റെ കഴിവ് ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ രക്തസാക്ഷിയാവുന്നു. കൗതുകങ്ങളെ താലോലിക്കുവാന്‍ സമയം ലഭിക്കുമ്പോഴാണ് കുട്ടിയുടെ അന്വേഷണത്വര ശക്തമാവുന്നത്. അവിടെയാണവന്‍ പലതും കണ്ടെത്തുന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ പഠനത്തില്‍ കഴിയുന്ന കുട്ടി ബാക്കി സമയം സ്‌ക്രീനുമായി മാത്രം സല്ലപിക്കുമ്പോള്‍ അവന്റെ ആരോഗ്യകരമായ മാനസിക വളര്‍ച്ച മുരടിക്കുന്നു. സത്യത്തില്‍ അവന്‍ മാതാപിതാക്കളെത്തന്നെ അവരുടെ സ്വത്വഭാവങ്ങളില്‍ മനസിലാക്കുന്നില്ല. കുട്ടിയെ മാതാപിതാക്കളും മനസിലാക്കുന്നില്ല. എല്ലാവരും സമൂഹമാധ്യമങ്ങളില്‍ വ്യാപൃതരാണ്. സാമൂഹ്യപരമായ ഒരു വന്‍വിടവാണ് ഇവിടെ സംഭവിക്കുന്നത്.

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തെ കുറിച്ച് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഈയിടെ ഒരു മാര്‍ഗനിര്‍ദേശക രേഖ പുറത്തിറക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് സഹജമായി അറിയുന്ന കാര്യം തന്നെയാണ് ഈ രേഖയും ഊന്നിപ്പറയുന്നത്. കുട്ടികള്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണം. അങ്ങനെ വരുമ്പോള്‍, അവര്‍ക്ക് കൂടുതല്‍ സ്വതന്ത്രസമയം ലഭിക്കുന്നു. അവിടെ അവന്റെ ഭാവനകളില്‍ അഗ്‌നി ജ്വലിക്കുന്നു, അവന് വിസ്മയങ്ങളില്‍ നിന്ന് അനുഭൂതി ലഭിക്കുന്നു, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടെത്താനാവുന്നു.

കുട്ടികള്‍ക്ക് ഒഴിവുസമയം കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ക്ക് ചില പരിശീലനങ്ങള്‍ ലഭിക്കണം എന്നിടത്താണ് ഇന്നിപ്പോള്‍ സ്ഥിതി. ദൈനംദിനചര്യകള്‍ക്ക് ചില ചട്ടക്കൂടുകള്‍ വേണം. എന്നാല്‍ അതൊരു മുഷിഞ്ഞ ടൈംടേബിള്‍ ആവരുത്. മറിച്ച് ആ ചിട്ടവട്ടങ്ങള്‍ ഒരു ശീലത്തിന്റെ ഭാഗമാകണം. എല്ലാവരുടെയും ഭക്ഷണം ഒരേ സമയത്തായാല്‍ തമ്മില്‍ തമ്മില്‍ ഉള്ള ആശയവിനിമയം കൂടുതല്‍ ദൃഢമാവും. അതുപോലെ, അത്താഴത്തിന് മുന്‍പ് മൊബീലുകള്‍ എല്ലാം ഒന്നിച്ച് ചാര്‍ജ് ചെയ്യാന്‍ വയ്ക്കാം. ആ സമയം അത് സ്വിച്ച്ഓഫ് ചെയ്താല്‍ കുറഞ്ഞ വൈദ്യുതിച്ചെലവില്‍ മൊബീലുകള്‍ ഫുള്‍ചാര്‍ജ് ചെയ്യാം. അത്രയും നേരം നമ്മുടെ മാത്രമല്ല, കുട്ടിയുടെയും ശ്രദ്ധ മൊബീലില്‍ നിന്ന് തിരിയുന്നു. കുട്ടിയുടെ പഠനസമയമെല്ലാം അതിന് മുന്‍പ് തീരണം. തത്സമയം ടിവിയും ഓഫ് ചെയ്ത് വച്ചാല്‍ നമ്മുടേതായ ഒരു ലോകം സൃഷ്ടിക്കപ്പെടുകയായി. ഇതുപോലുള്ള രണ്ടോ മൂന്നോ ഇടവേളകള്‍ ദിവസത്തിലുണ്ടാവണം. അത് കൃത്രിമമായി സൃഷ്ടിച്ചതാകരുത്; സ്വമേധയാ വരുന്നതാകണം.

വിവിധ ഉദ്ദേശങ്ങള്‍ക്കായി നമ്മള്‍ നിരവധി യാത്രകള്‍ ചെയ്യുന്നുണ്ട്. ബദ്ധപ്പെട്ട് നടത്തുന്ന ഈ യാത്രകളില്‍ പക്ഷേ, ആനന്ദജനകമായി ഒന്നുമില്ല. എന്നാല്‍ സകുടുംബം മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള, യാതൊരു പ്രത്യേകലക്ഷ്യവുമില്ലാത്ത, സമയനിയന്ത്രണങ്ങള്‍ ഇല്ലാത്ത, യാത്രകള്‍ കുട്ടികളുടെ ഭാവന വളരുന്നതില്‍ വളരെ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ‘ബോബനും മോളിയും’ വരച്ചിരുന്ന റ്റോംസ് പറയാറുണ്ട്- ഏതെങ്കിലും ആഴ്ചയില്‍ ഫലിതസമൃദ്ധമായ ആശയങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹം കോട്ടയം റെയ്ല്‍വേ സ്റ്റേഷനില്‍ എത്തി കിട്ടുന്ന തീവണ്ടിക്ക് ടിക്കറ്റെടുത്ത് വടക്കോട്ടാണെങ്കില്‍ തൃശ്ശൂര്‍ വരെയോ തെക്കോട്ടാണെങ്കില്‍ തിരുവനന്തപുരം വരെയോ പോയി അടുത്ത വണ്ടിക്ക് തിരിച്ച് കോട്ടയത്തേക്ക് പോരും; ആ യാത്രയില്‍ നല്ല നല്ല ആശയങ്ങള്‍ മനസില്‍ വരികയും അവ കുറിച്ച് വച്ച് പിന്നീട് വരക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത് എന്ന്.

മാതാപിതാക്കളുടെ മനസിലെ സംഘര്‍ഷങ്ങള്‍ കുട്ടികളിലേക്ക് സംക്രമിക്കുന്നുണ്ട്. അപ്പോള്‍ കുട്ടി അന്തര്‍മുഖനാവുന്നു. ആ സ്വയം പിന്‍വലിയല്‍ കുട്ടിയെ എത്തിക്കുന്നത് ഒരുതരം അരക്ഷിതത്വബോധത്തിലേക്കാണ്. ചിന്താശക്തികളെ ഊതിക്കെടുത്തുന്ന അവസ്ഥ. അത് എല്ലാ സര്‍ഗവാസനകളെയും കൊന്നൊടുക്കും. അതുപോലെയാണ്, കുട്ടികളുടെ ഭാവിയെ പറ്റിയുള്ള അത്യാകാംഷകള്‍ അവരോട് പങ്കുവയ്ക്കുന്നതും. ജീവിതലക്ഷ്യം ഡോക്ടറാവുക, അല്ലെങ്കില്‍ എന്‍ജിനീയറാവുക എന്നതാണ് എന്ന് കുട്ടിയോട് പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചാല്‍ അത് കുട്ടി വിശാലമായ കാഴ്ചപ്പാടുകളെ നിരാകരിക്കുന്നതിലേക്ക് പരിണമിക്കും. ഒരു കുട്ടി ഭാവിയില്‍ ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം കുട്ടിക്ക് വിട്ട് നല്‍കുക. അപ്പോഴാണ് കുട്ടിയുടെ സര്‍ഗ്ഗചേതന ഉണരുന്നത്. മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സമ്മാനം യഥാര്‍ത്ഥമായൊരു കുട്ടിക്കാലമാണ്. ആ സമയത്ത് അവരെ പിടിച്ച് വലിയവരാക്കരുത്. അത് കുട്ടിയാണ്; കുട്ടിക്കാലത്തെ എല്ലാ കളികളും എല്ലാ ചോദനകളും എല്ലാ ചാപല്യങ്ങളും അവനുണ്ടാവട്ടെ. അവന്‍ സ്വയം കണ്ടെത്തും.

ചിന്താശക്തിയുള്ള, സര്‍ഗബോധമുള്ള, ഭാവനപൂര്‍ണ്ണമായ സങ്കല്‍പ്പങ്ങളുള്ള ഒരു തലമുറയ്ക്ക് മാത്രമേ നാളത്തെ ലോകം വാര്‍ത്തെടുക്കാനാവൂ. ആ തലമുറയാണ് ഇന്നത്തെ കുട്ടികള്‍. അവര്‍ക്ക് ചിന്തിക്കാന്‍ സമയം നല്‍കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. കളിവഞ്ചി കളിക്കുന്ന കുട്ടിക്ക് മാത്രമേ വലിയ കെട്ടുവള്ളങ്ങള്‍ സ്വപ്‌നം കാണാനാവൂ. അവനായിരിക്കും നാളെ വലിയ ജലയാനങ്ങള്‍ നിര്‍മ്മിക്കുന്നത്. കുട്ടികള്‍ കളിക്കട്ടെ, വെറുതെയിരിക്കട്ടെ, സ്വപ്‌നം കാണട്ടെ, അവരുടെ ഭാവന വിരിയട്ടെ. സമൂഹമാധ്യമത്തില്‍ നിന്ന് അവനെ സമൂഹത്തിലേക്ക് വഴി മാറ്റി നടത്തുക. ലോകം അവന്‍ കണ്ടറിയട്ടെ.

ജീവിതത്തിലെ ഏറ്റവും നല്ല സമയം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, വെറുതെയിരിക്കാന്‍ കഴിഞ്ഞ സമയങ്ങളാണെന്ന്. ജോലിത്തിരക്കിന്റെയും ഔദ്യോഗികഭാവങ്ങളുടെയും ആടയാഭരണങ്ങളെല്ലാം അഴിച്ച് വച്ച് അല്‍പ്പനേരം ഒന്ന് വെറുതെയിരിക്കുമ്പോഴുള്ള സുഖം വേറെയാണ്. അതുകൊണ്ടാണ്, ‘ഒന്ന് വെറുതേയിരിക്കുവാന്‍ മോഹം’ എന്ന് കവി പാടിയത്. കാരണം ഉള്ളിലെ പൈതല്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. കൈവിട്ട് പോയ കളിവഞ്ചി നമുക്ക് കുട്ടികള്‍ക്ക് നല്‍കാം.

 

Comments

comments

Categories: Slider, Top Stories

Related Articles