പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എയര്‍സെല്‍ എന്‍സിഎല്‍ടിയിലേക്ക്

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എയര്‍സെല്‍ എന്‍സിഎല്‍ടിയിലേക്ക്

മുംബൈ: നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലി(എന്‍സിഎല്‍ടി)ല്‍ പാപ്പരത്തത്തിന് അപേക്ഷിക്കാന്‍ ടെലികോം കമ്പനിയായ എയര്‍സെല്‍ തയാറെടുക്കുന്നു. ഇതിനു മുന്നോടിയായി ഡയറക്റ്റര്‍ ബോര്‍ഡ് പിരിച്ചുവിട്ടുവെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. വ്യവസായിയായ അനന്ത കൃഷ്ണന്റെ നേതൃത്വത്തില്‍ മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസ് ആണ് എയര്‍സെലിന്റെ മാതൃ കമ്പനി. വായ്പാഭാരത്താല്‍ വലയുന്ന കമ്പനിക്ക് മാക്‌സിം നേരത്തേ സാമ്പത്തിക പിന്തുണ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.

15,500 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍സെല്ലിനുള്ളത്. കടബാധ്യതകളുടെ പരിഹാരത്തിനായി സെപ്റ്റംബര്‍ മുതല്‍ വായ്പാദാതാക്കളുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് മതിയായ സാമ്പത്തികം കമ്പനിക്കില്ലെന്നാണ് വിവരം. വേതനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ കമ്പനി ഉടന്‍ നിര്‍ത്തിവെക്കുമെന്നാണ് കമ്പനിയോയടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കള്‍ യോഗം ചേരുന്നുണ്ട്.

പ്രതിമാസം 400 കോടി രൂപയാണ് എയര്‍സെലിന്റെ വരുമാനം. ഇതില്‍ 100 കോടി രൂപ ടെര്‍മിനേഷന്‍ ചാര്‍ജായി മറ്റ് ഓപ്പറേറ്റര്‍മാരിലേക്ക് പോകും. വില്‍പ്പനക്കാരടക്കമുള്ളവര്‍ക്ക് 280 കോടി രൂപ നല്‍കണം. ബാക്കി തുക ലൈസന്‍സ് ഫീസ്, നികുതികള്‍,പലിശ എന്നിവയ്ക്കായി അടയ്ക്കണം. 60 കോടി രൂപയോളം പേമെന്റ് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എയര്‍സെലുമായുള്ള ഇന്റര്‍കണക്റ്റ് സേവനങ്ങള്‍ ഐഡിയ സെല്ലുലാര്‍ അടുത്തിടെ അവസാനിപ്പിച്ചിരുന്നു.

മാക്‌സിം കമ്പനിയുടെ പിന്തുണയില്‍ എയര്‍സെലിന്റെ കടബാധ്യത പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ബാങ്കര്‍മാര്‍ക്കുള്ളത്. 5,000ത്തോളം ജീവനക്കാരാണ് എയര്‍സെലിന് കീഴിലുള്ളത്. ജിടിഎല്‍ ഇന്‍ഫ്രാ,ഭാരതി ഇന്‍ഫ്രാടെല്‍, ഇന്‍ഡസ് ടവേഴ്‌സ്, എടിസി എന്നിവിടങ്ങളിലായി 40,000ത്തിലധികം ടവറുകള്‍ എയര്‍സെല്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. പേമെന്റ് മുടങ്ങിയതിനെ തുടര്‍ന്ന് ഈ മേഖലയിലും എയര്‍സെല്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

 

Comments

comments

Categories: Business & Economy
Tags: Aircel, nclt