കറുത്ത കാറുകള്‍ ദുശ്ശകുനം ; കണ്ടുപോകരുതെന്ന് തുര്‍ക്‌മെനിസ്ഥാന്‍ പ്രസിഡന്റ്

കറുത്ത കാറുകള്‍ ദുശ്ശകുനം ; കണ്ടുപോകരുതെന്ന് തുര്‍ക്‌മെനിസ്ഥാന്‍ പ്രസിഡന്റ്

വളയിട്ട കൈകള്‍ വളയം പിടിക്കരുതെന്ന് പ്രസിഡന്റ് കുര്‍ബാംഗുലി ബെര്‍ദിമുഖമ്മെദോവ് നേരത്തെ ഉത്തരവിട്ടിരുന്നു

അഷ്ഗാബാദ് : മധ്യ ഏഷ്യന്‍ രാജ്യമായ തുര്‍ക്‌മെനിസ്ഥാനില്‍ കറുത്ത കാറുകള്‍ നിരോധിച്ചു. ഏകാധിപതിയായ പ്രസിഡന്റ് കുര്‍ബാംഗുലി ബെര്‍ദിമുഖമ്മെദോവിന്റേതാണ് വിചിത്രമായ തീരുമാനം. തങ്ങളുടെ കാര്‍ കാണാനില്ലെന്ന പരാതിയോടെയാണ് രാവിലെ ജനങ്ങളില്‍ പലരും ഉറക്കമുണര്‍ന്നത്. പരസ്പരം വിവരം തിരക്കിയപ്പോഴാണ് കാണാതായ കാറുകളെല്ലാം കറുത്തതാണെന്ന് മനസ്സിലായത്. പ്രസിഡന്റ് കുര്‍ബാംഗുലി ബെര്‍ദിമുഖമ്മെദോവിന്റെ ഉത്തരവ് ഫെഡറല്‍ ഗവണ്‍മെന്റ് നടപ്പാക്കുകയായിരുന്നുവെന്ന് അവസാനം കാറുടമകള്‍ തിരിച്ചറിഞ്ഞു.

ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കറുത്ത കാറുകള്‍ ദുശ്ശകുനമാണെന്ന് കുര്‍ബാംഗുലി ബെര്‍ദിമുഖമ്മെദോവിന് ‘ബോധോദയ’മുണ്ടാവുകയായിരുന്നു. നിരോധന ഉത്തരവ് പുറത്തിറക്കിയതോടെ രാജ്യ തലസ്ഥാനമായ അഷ്ഗാബാദിലെ കറുത്ത കാറുകളെല്ലാം കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്നു. കറുത്തതിന് പകരം മറ്റൊരു പെയിന്റ് പൂശാമെന്ന് സമ്മതിച്ച് ഒപ്പുവെയ്ക്കാന്‍ തയ്യാറായാല്‍ ഉടമസ്ഥര്‍ക്ക് കറുത്ത കാറുകള്‍ തിരികെ കൊണ്ടുപോകാം. റീസ്‌പ്രേ അധികം വൈകരുത്. ഇതിനുശേഷം മാത്രമേ കാര്‍ നിരത്തിലിറക്കാവൂ എന്നാണ് വ്യവസ്ഥ.

മറ്റൊരു പെയിന്റ് പൂശാമെന്ന് സമ്മതിച്ച് ഒപ്പുവെയ്ക്കാന്‍ തയ്യാറായാല്‍ കാറുകള്‍ തിരികെ കൊണ്ടുപോകാം

വാഹനങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമായ തീരുമാനം കുര്‍ബാംഗുലി ബെര്‍ദിമുഖമ്മെദോവ് നേരത്തെ കൈക്കൊണ്ടിരുന്നു. രാജ്യത്തെ വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റ് ഉത്തരവിട്ടത്. രാജ്യത്തെ മിക്ക കാറപകടങ്ങള്‍ക്കും കാരണം സ്ത്രീ ഡ്രൈവര്‍മാരാണെന്ന ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ ഇസ്ഗന്ദര്‍ മുളിക്കോവിന്റെ കണ്ടെത്തലാണ് ഇതിന് ഇടയാക്കിയത്. പ്രസിഡന്റിന്റെ ഉത്തരവ് ധിക്കരിച്ച വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സുകളെല്ലാം തുര്‍ക്‌മെനിസ്ഥാന്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Comments

comments

Categories: Auto