രാജ്യത്തിന് പുറത്തേക്കുള്ള യാത്രികരില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര വിപണി

രാജ്യത്തിന് പുറത്തേക്കുള്ള യാത്രികരില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര വിപണി

ന്യൂഡെല്‍ഹി: രാജ്യത്തു നിന്നു പുറത്തേക്കുള്ള യാത്രകളുടെ വര്‍ധനവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും യാത്രാ സേവനദാതാക്കളും. മെട്രോ, വിസ, എന്നിവയ്ക്ക് പുറമേ വിഎഫ്എസ് ഗ്ലോബല്‍, ബിഎല്‍എസ് ഇന്റര്‍നാഷണല്‍, കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഗ്ലോബല്‍ സര്‍വീസസ് തുടങ്ങിയ യാത്രാ സേവനദാതാക്കള്‍ തങ്ങളുടെ സേവനങ്ങള്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിസാ നടപടിക്രമങ്ങള്‍ പല രാജ്യങ്ങളും ലളിതമാക്കിയിട്ടുണ്ടെന്നതും ഇക്കാര്യത്തില്‍ സഹായകമാകും.

ആഗോളതലത്തില്‍ 2017ല്‍ എട്ട് പുതിയ ഗവണ്‍മെന്റ് ക്ലൈന്റുകളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ സാധിച്ചിട്ടുണ്ടെന്ന് വിഎഫ്എസ് ഗ്ലോബല്‍ ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ് സിഒഒ വിജയ് മല്‍ഹോത്ര പറഞ്ഞു. ഇതില്‍ ജോര്‍ജിയ, അള്‍ജീരിയ, യുക്രെയ്ന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ ഇന്ത്യയില്‍ സേവനത്തിനായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയില്‍ 4.5 മില്യണ്‍ വിസാ അപേക്ഷകള്‍ പ്രൊസസ് ചെയ്തുവെന്നും പൂനെ, കൊച്ചി, ജലന്ധര്‍, അഹമ്മദാബാദ്, ചണ്ഡീഗഢ്, ജയ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യന്‍ യാത്രക്കാരെ തങ്ങളുടെ ടൂറിസം വിപണികളിലെ വളര്‍ച്ചയെ നയിക്കുന്നവരായാണ് പരിഗണിക്കുന്നതെന്നും അതുകൊണ്ടുതന്നെ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നുവെന്നും കോക്‌സ് ആന്‍ഡ് കിംഗ്‌സലെ റിലേഷന്‍ഷിപ്പ്‌സ് ഹെഡ് കരണ്‍ ആനന്ദ് പറഞ്ഞു. യാത്രാ ആവശ്യകതകള്‍ സൗകര്യപ്രദമാക്കുന്നതും മികച്ച എയര്‍ കണക്റ്റിവിറ്റിയും കൂടുതല്‍ ഇന്ത്യക്കാര്‍ വിദേശത്തേക്ക് യാത്ര പോകുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസ, പാസ്‌പോര്‍ട്ട്, കോണ്‍സുലാര്‍, അറ്റസ്‌റ്റേഷന്‍, സിറ്റിസണ്‍ സവീസസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സ്‌പെയിനിലേക്കുള്ള തങ്ങളുടെ മൂന്നാമത് വിസ ആപ്ലിക്കേഷന്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ തുറന്നിരുന്നു. നിലവില്‍ മുംബൈയിലും ഡെല്‍ഹിയിലും കേന്ദ്രങ്ങളുള്ള ഇവര്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ്. കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത് തെക്കേ ഇന്ത്യന്‍ വിപണിയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ജോയ്ന്റ് എംഡി ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ വിസ ഔട്ട്‌സോഴ്‌സിംഗ് അതുപോലെ തന്നെ ഇ- ഗവേണന്‍സ് അല്ലെങ്കില്‍ സിറ്റിസണ്‍ സര്‍വീസ് എന്നിവയില്‍ പുതിയ പദ്ധതികളുമായി ഈ വര്‍ഷം ബിസിനസ് വിപുലീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2017 നവംബറില്‍ ഇന്ത്യന്‍, യുക്രെയ്ന്‍ പൗരന്‍മാര്‍ക്കായി ചില വിസാ ആനുകൂല്യങ്ങള്‍ ജപ്പാന്‍ പ്രഖ്യാപിക്കുകയുണ്ടായി. 2017 ഓഗസ്റ്റില്‍ ഖത്തറും ഇത്തരത്തില്‍ ആനുകൂല്യം അനുവദിച്ചു. ഷെങ്കന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ വിസയുള്ളവരും യാത്ര ചെയ്തിട്ടുള്ളതുമായ ഇന്ത്യക്കാര്‍ക്ക് ഇസ്രയേലും വിസാ രേഖകളില്‍ ഇളവുകള്‍ നല്‍കി. 2017 ഡിസംബറില്‍ എല്ലാ കിഴക്കന്‍ എയര്‍പോര്‍ട്ടുകള്‍ക്കുമായി ഫ്രീ വിസ പ്രോഗ്രാമുമായി റഷ്യയും രംഗത്തെത്തിയിരുന്നു.

Comments

comments

Categories: Business & Economy