എസ്‌ഐബി സ്‌കോളര്‍ പദ്ധതി: രണ്ടാം പതിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

എസ്‌ഐബി സ്‌കോളര്‍ പദ്ധതി: രണ്ടാം പതിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ്‌ഐബി സ്‌േകാളര്‍’ എന്ന പേരില്‍ മെറിറ്റ് സ്‌േകാളര്‍ഷിപ്പ് പദ്ധതി 2016 ഡിസംബറില്‍ അവതരിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നുളള മികച്ച പ്രതികരണം കണക്കിലെടുത്ത് ബാങ്ക് 2017-18 അധ്യയന വര്‍ഷത്തിലേക്കുള്ള എസ്‌ഐബി സ്‌കോളര്‍ പദ്ധതിയുടെ രണ്ടാം പതിപ്പ് അവതരിപ്പിച്ചു.

മലബാറിന്റെ സാസ്‌കാരിക സാഹിത്യ കേന്ദ്രമായ കോഴിക്കോട്ടായിരുന്നു ഉദ്ഘാടന ചടങ്ങ്. സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി ജി മാത്യു, മറ്റു ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കേരളത്തിലെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് പിന്തുണയേകുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് സാമ്പത്തികം തടസമായി നില്‍ക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവരുടെ ബിരുദ പഠനത്തിന് കൈത്താങ്ങാകാനുമായി രൂപകല്‍പ്പന ചെയ്ത മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് എസ്‌ഐബി സ്‌കോളര്‍. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കുറഞ്ഞ, ബിപിഎല്‍ കുടുംബങ്ങളിലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

എസ്‌ഐബി സ്‌കോളര്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ഫീസ് ഘടന അനുസരിച്ച് ട്യൂഷന്‍ ഫീസ് ബാങ്ക് നല്‍കുകയോ അല്ലെങ്കില്‍ 100% റീഇംബേഴ്‌സ്‌മെന്റ് നല്‍കുകയോ ചെയ്യുന്നു. കൂടാതെ റെഗുലര്‍ കോഴ്‌സ് കാലാവധിയില്‍ പ്രതിമാസം 4000 രൂപ ഹോസ്റ്റല്‍/ജീവിത ചെലവായി വിദ്യാര്‍ത്ഥികളുടെ സേവിംഗ്‌സ് എക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് കൈമാറുകയോ ചെയ്യുന്നു.

ഓരോ ജില്ലയില്‍ നിന്നും 5 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നതാണ് രണ്ടാം പതിപ്പിന്റെ പ്രധാന സവിശേഷത. മുന്‍പതിപ്പില്‍ ഇത് 3 മാത്രമായിരുന്നു. ഈ വര്‍ഷം എഴുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കുന്നത്. കൂടാതെ പദ്ധതിയുടെ നേട്ടം സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ കോഴ്‌സുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് 2015-16 അല്ലെങ്കില്‍ 2016-17 അധ്യയന വര്‍ഷത്തിലെ പ്ലസ് ടു പരീക്ഷയില്‍ കുറഞ്ഞത് 85% മാര്‍ക്കോടെ പാസായി, കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ റെഗുലര്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചത്.

കേരളത്തിലെ നിരവധി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ എസ്‌ഐബി സ്‌കോളര്‍ പദ്ധതി സഹായകരമാകും. പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ, റീട്ടെയില്‍ ബാങ്കിംഗ് പവര്‍ഹൗസ് ആയി മാറിക്കൊണ്ടിരിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമാണെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി ജി മാത്യു പറഞ്ഞു.

 

Comments

comments

Categories: Banking