ബള്‍ക്ക് ടാങ്കര്‍ ലോറികളുടെ സമരം പിന്‍വലിക്കണമെന്ന് എണ്ണകമ്പനികള്‍

ബള്‍ക്ക് ടാങ്കര്‍ ലോറികളുടെ സമരം പിന്‍വലിക്കണമെന്ന് എണ്ണകമ്പനികള്‍

കൊച്ചി : ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുള്ള എണ്ണകമ്പനികള്‍ 2015 ജനുവരി 23 ന് അഞ്ച് കൊല്ലത്തേക്ക് ക്ഷണിച്ച പുതിയ ടെണ്ടറിനോടനുബന്ധിച്ചാണ് മിന്നല്‍ സമരം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാന അടിസ്ഥാനത്തിലാണ് ഇത്തവണ ടെണ്ടര്‍ ക്ഷണിച്ചത്. സംസ്ഥാന എല്‍പിജി പ്ലാന്റുകളില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് അതത് സംസ്ഥാനത്തെ ട്രക്കുകള്‍ ഉപയോഗിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കിഴക്കന്‍ മേഖല ബള്‍ക്ക് എല്‍പിജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അസോസിയേഷനും ദക്ഷിണ മേഖല അസോസിയേഷനും ഫെബ്രുവരി 12 നാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. 13 ന് ഉച്ചയോടെ കിഴക്കന്‍ മേഖല അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും ദക്ഷിണ മേഖല അസോസിയേഷന്‍ സമരം തുടരുകയാണ്.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ വിവിധ എണ്ണശുദ്ധീകരണശാലയിലേക്കും ഇറക്കുമതി ടെര്‍മിനലിലേക്കും ദക്ഷിണ മേഖല ട്രക്ക് അസോസിയേഷന്‍ ട്രക്കുകള്‍ അയക്കുന്നില്ല. നിലവിലുള്ള കരാറിന് ഏപ്രില്‍ 30 വരെ കാലാവധി ഉണ്ടെന്നിരിക്കെ അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ എണ്ണകമ്പനികളും ട്രക്ക് ഓപ്പറേറ്റര്‍മാരും ഒരുപോലെ ബാധ്യസ്ഥരാണ്.

പുതിയ ടെണ്ടറുകളും നടപടിക്രമങ്ങളും ഫെബ്രുവരി 6 ന് വിവിധ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി ഉടമകളുമായി ചര്‍ച്ച ചെയ്തിരുന്നു. പുതിയ ടെണ്ടര്‍ നടപടിക്രമങ്ങള്‍ ദക്ഷിണമേഖല ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന് മാത്രം സ്വീകാര്യമായില്ല എന്നതാണ് വിചിത്രം. ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തും സമരമില്ല.
സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് പുതിയ പഞ്ചവല്‍സര കരാറിന്റെ മറ്റൊരു ഉദ്ദേശ്യം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ടാങ്ക് ട്രക്കുകളുടെ ഉപയോഗം വഴി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുവാനും കഴിയും. സമരത്തെ നേരിടാന്‍ എല്ലാവിധ ബദല്‍ സംവിധാനങ്ങളും ഒരുക്കുമെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy