റൗണ്ട്‌മെനുവിനെ കരീം ഏറ്റെടുത്തു

റൗണ്ട്‌മെനുവിനെ കരീം ഏറ്റെടുത്തു

ദുബായ്: ഗള്‍ഫ് മേഖലയില്‍ യുബറിന്റെ ശക്തമായ എതിരാളിയാണ് കരീം. ആപ്പ് അധിഷ്ഠിത ടാക്‌സി സേവനരംഗത്ത് തങ്ങളുടേതായ മുദ്ര ഇതിനോടകം പതിപ്പിച്ച് കഴിഞ്ഞ കരീം ഫുഡ് ഡെലിവറി രംഗത്തും സജീവമാകാനുള്ള ശ്രമത്തിലാണ്. ഇതിനായി റൗണ്ട് മെനും എന്ന സംരംഭത്തെ ഏറ്റെടുത്തതായി കമ്പനി ഇന്നലെ പ്രഖ്യാപിച്ചു. റെസ്റ്ററന്റ് ലിസ്റ്റിംഗും ഓണ്‍ലൈന്‍ റിസര്‍വേഷനും നടത്തുന്ന പ്ലാറ്റ്‌ഫോമാണ് റൗണ്ട് മെനു.

റൗണ്ട് മെനുവിന്റെ ആപ്പും വെബ്‌സൈറ്റും ഏറ്റെടുത്തതായി കരീം അറിയിച്ചു. ഏറ്റെടുക്കല്‍ തുക എത്രയാണെന്ന് വ്യക്തമല്ല. റൗണ്ട് മെനു ഉപഭോക്താക്കള്‍ക്കായുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ഉടന്‍ നടത്തുമെന്ന് കരീം അറിയിച്ചു.

ഒമ്പ് അറബ് രാജ്യങ്ങളിലെ 18 നഗരങ്ങളില്‍ റൗണ്ട് മെനുവിന് ശക്തമായ സാന്നിധ്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ കമ്പനി മികച്ച രീതിയിലുള്ള പ്രകടനം നടത്തുന്നതായാണ് വിലയിരുത്തല്‍.

തലബത്, സൊമാറ്റോ, യുബര്‍ഈറ്റ്‌സ്, ഡെലിവെരൂ തുടങ്ങിയ ഫുഡ് ഡെലിവറി കമ്പനികള്‍ സജീവമായിടത്തേക്കാണ് കരീമും ചുവടുവെക്കുന്നത്. 2012ലാണ് റൗണ്ട് മെനു ലോഞ്ച് ചെയ്തത്. അതിന് ശേഷം കമ്പനി ഇതുവരെ 3.1 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.

നിക്ഷേപകരില്‍ നിന്ന് 500 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് വലിയ വികസന പദ്ധതികള്‍ക്ക് ജൂണില്‍ തുടക്കം കുറിക്കുമെന്ന് കരീം അറിയിച്ചു. ജര്‍മനിയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഡെയിംലര്‍, സൗദിയിലെ വമ്പന്‍ കമ്പനി കിംഗ്ഡം ഹോള്‍ഡിംഗ് തുടങ്ങിയ ബഹുരാഷ്ട്ര സംരംഭങ്ങള്‍ കരീമില്‍ നിക്ഷേപം നടത്തും. സ്വകാര്യ ബസുകളുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്ന ചെറിയ കമ്യൂട്ടര്‍ സര്‍വീസുകള്‍ നടത്തുന്ന ഈജിപ്റ്റിലെ ഒരു സ്റ്റാര്‍ട്ടപ്പില്‍ കഴിഞ്ഞ ജൂൈല മാസത്തില്‍ കരീം നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Arabia