എയര്‍ടെല്‍ ആഫ്രിക്കയുടെ മൂല്യം 6.6 ബില്യണ്‍ ഡോളര്‍

എയര്‍ടെല്‍ ആഫ്രിക്കയുടെ മൂല്യം 6.6 ബില്യണ്‍ ഡോളര്‍

കൊല്‍ക്കത്ത: ഭാരതി എയര്‍ടെല്ലിന്റെ ആഫ്രിക്കന്‍ യൂണിറ്റിന് 6.6 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി. കമ്പനിയുടെ ആഫ്രിക്കയിലെ ബിസിനസ് ഐപിഒയുടെ സാധ്യതകള്‍ തേടുന്നതിനിടെയാണ് മൂല്യം പുറത്തുവന്നിരിക്കുന്നത്. നാസ്ഡാക്, ലക്‌സംബെര്‍ഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, യൂറോനെക്‌സ്റ്റ് ആംസ്റ്റര്‍ഡാം, ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എന്നിവ പോലുള്ള വമ്പന്‍ അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളില്‍ എയര്‍ടെല്‍ ആഫ്രിക്കയെ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചാണ് എയര്‍ടെല്‍ ആഫ്രിക്കയുടെ മൂല്യം തിട്ടപ്പെടുത്തിയത്. എബിറ്റ്ഡയുടെ ആറു മടങ്ങാണ് (പലിശ, നികുതികള്‍, തേയ്മാനം, ചെലവ് എന്നിവ കൂട്ടാതെയുള്ള വരുമാനം) എയര്‍ടെല്‍ ആഫ്രിക്കയുടെ മൂല്യമെന്ന് അവര്‍ പറയുന്നു. 2019 സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയുടെ മൂല്യം 6.6 ബില്യണ്‍ ഡോളറിലെത്തുമെന്നും വിലയിരുത്തപ്പെടുന്നു. അറ്റനഷ്ടം 5.5 ബില്യണ്‍ ഡോളര്‍ എന്ന് കണക്കാക്കിയതിനു ശേഷം ഭാരതി ആഫ്രിക്കയുടെ ഓഹരി മൂല്യം 1.1 ബില്യണ്‍ ഡോളറായും നിശ്ചയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ഓഹരി വിപണിയില്‍ കമ്പനിയുടെ ആഫ്രിക്കന്‍ ബിസിനസ് ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകള്‍ വിലയിരുത്താന്‍ ബാങ്കുകളോടോ ഇടനിലക്കാരോടോ ചര്‍ച്ച നടത്താന്‍ എയര്‍ടെല്‍ തങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലെ അനുബന്ധ കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇന്റര്‍നാഷണല്‍ (നെതര്‍ലന്‍ഡ്‌സ്) ബിവി (ബെയ്ന്‍ ബിവി)യുടെ ഡയറക്റ്റര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ടെല്‍ ആഫ്രിക്കയുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ഭാരതി എയര്‍ടെല്‍ ഇന്റര്‍നാഷണല്‍. അതേസമയം, ആഫ്രിക്കന്‍ ബിസിനസിന്റെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് എയര്‍ടെല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭാരതി എയര്‍ടെലിനു സാന്നിധ്യമുണ്ട്.

ആഫ്രിക്കയില്‍ എയര്‍ടെല്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. മുന്‍ വര്‍ഷത്തെ 93 മില്യണ്‍ ഡോളര്‍ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബര്‍ പാദത്തില്‍ 76 മില്യണ്‍ ഡോളറിന്റെ ലാഭം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡാറ്റ ട്രാഫിക്കിലും എയര്‍ടെല്‍ മണി ഇടപാടുകളിലുമുണ്ടായ വര്‍ധനയാണ് നേട്ടത്തിനു കാരണമെന്നു കണക്കാക്കപ്പെടുന്നു.

Comments

comments

Categories: Business & Economy