അബുദാബി ഒരു ‘അഫോര്‍ഡബിള്‍ ലക്ഷ്വറി’: മുബാറക് അല്‍ നുഎമി

അബുദാബി ഒരു ‘അഫോര്‍ഡബിള്‍ ലക്ഷ്വറി’: മുബാറക് അല്‍ നുഎമി

കൊച്ചി: അബുദാബിയെന്ന അഫോര്‍ഡബിള്‍ ലക്ഷ്വറി ടൂറിസം ഡെസ്റ്റിനേഷനെ കേരളത്തിനു പരിചയപ്പെടുത്താനും നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനുമായി അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ്്് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ആരംഭിച്ച മേള ഇന്നലെയാണ് അവസാനിച്ചത്.

അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് സംഘടിപ്പിച്ച മേള ലോക മാര്‍ക്കറ്റില്‍ അബുദാബി നഗരത്തിന്റെ രണ്ടാമത്തെ ബെസ്റ്റ് മാര്‍ക്കറ്റായ ഇന്ത്യയില്‍ നിന്ന് തങ്ങളുടെ നഗരത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണെന്ന്് അബുദാബി കള്‍ച്ചര്‍-ടൂറിസം വകുപ്പ,് പ്രൊമോഷന്‍ ആന്‍ഡ് ഓവര്‍സീസ് ഓഫീസസ് ഡയറക്ടര്‍ മുബാറക് അല്‍ നൂഎമി പറഞ്ഞു.

കേരളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെക്കൂടി ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചത്. പലര്‍ക്കും അബു ദാബിയെന്ന ടൂറിസം ഡെസ്റ്റിനേഷനെപ്പറ്റി അറിയില്ല. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒരു അഫോര്‍ഡബിള്‍ ലക്ഷ്വറിയാണ് തങ്ങളുടെ നഗരമെന്ന് മുബാറക് അല്‍ നൂഎമി പറഞ്ഞു.

അബുദാബി ഏറെ ചെലവേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതുള്‍പ്പെടെയുള്ള ബോധവല്‍ക്കരണമാണ് അബുദാബി വീക്കിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കും കുടുംബമൊത്തുമുള്ള യാത്രകള്‍, സിനിമാചിത്രീകരണം, കച്ചവടം, വിവാഹം തുടങ്ങിയവയ്ക്ക് ഏറെ യോജിച്ച ഇടമാണ് അബുദാബി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ധാരാളം ടൂറിസ്റ്റുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അബുദാബി പ്രതീക്ഷിക്കുന്നു. ലോക മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം അബുദാബി സന്ദര്‍ശിച്ച 50 ലക്ഷം ടൂറിസ്റ്റുകളുടെ എണ്ണം 2020 തോടെ 78 ലക്ഷം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അബുദാബി ടൂറിസത്തിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് ചൈനയാണ്. ഇന്ത്യ രണ്ടാമതും, മൂന്നാം സ്ഥാനത്ത് യുകെയുമാണ്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 3.2 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് അബുദാബിയിലെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 11% വര്‍ധനയാണിത്. ഇത്തിഹാദ് എയര്‍വേയ്‌സിനും ജെറ്റ് എയര്‍വേയ്‌സിനും ഇന്ത്യയിലെ 13 പട്ടണങ്ങളില്‍ നിന്നായി അബുദാബിയിലേക്ക് ആഴ്ച തോറും 282 സര്‍വീസുകളുണ്ട്.

കേരളം വളരെ വിലപ്പെട്ട ഒരു മാര്‍ക്കറ്റായതിനാലാണ് അബുദാബി ടൂറിസം പ്രൊമോഷന് കേരളത്തില്‍ തുടക്കമിട്ടത്. കേരളത്തില്‍ നിന്നും നല്ലൊരു ശതമാനം ടൂറിസ്റ്റുകള്‍ അബുദാബി സന്ദര്‍ശിക്കുണ്ട്-അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തികരംഗം മികവ് കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നിന്ന് ഒട്ടേറെപ്പേര്‍ വിദേശ വിനോദയാത്രകള്‍ നടത്തുന്നതിനാല്‍ തങ്ങള്‍ക്ക് ഏറെ പ്രധാനമാണ് ഈ വിപണിയെന്ന് മുബാറക് അല്‍ നൂഎമി പറഞ്ഞു.
അബുദാബി വീക്ക് ഇതേ മാസം 23 മുതല്‍ കൊല്‍ക്കൊത്തയിലും സംഘടിപ്പിക്കും.

ഫെറാറി വേള്‍ഡ് അബുദാബി, ഡെസര്‍ട്ട് സഫാരി, അതിഗംഭീരമായ അബുദാബി ലൂവെര്‍ എന്നീ ലോകോത്തര അബുദാബി അനുഭവങ്ങളുടെ യഥാര്‍ത്ഥസമാനമായ ഇന്ററാക്റ്റീവ് വിര്‍ച്വല്‍ അനുഭവങ്ങളുമായാണ് മേള സംഘടിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് ഒരു യഥാര്‍ത്ഥ ഫെറാറി കാണാനും അഡ്രിനാലിന്‍ ഇളകിമറിയുന്ന ഫെറാറി സവാരി ആസ്വദിക്കാനും അവസരമുണ്ട്. മണലും ബെദൂയിന്‍ ടെന്റുകളും സഫാരി ജീപ്പുകളും പരമ്പരാഗത അറബിക് വിശ്രമകേന്ദ്രങ്ങളും ദീപവിതാനങ്ങളും നിറഞ്ഞ അല്‍ ഐന്‍ കൊട്ടാരം, അല്‍ ദഫ്ര മേഖല എന്നിവ മേളയില്‍ പുന:സൃഷ്ടിച്ചിരുന്നു.

അബുദാബിയുടെ വിവിധ ഭാഗങ്ങളുടെ ത്രിഡി മാപ്പുകള്‍ അബുദാബി വീക്കിലുണ്ടായിരുന്നു. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ അബുദാബി സന്ദര്‍ശനത്തിനുള്ള പാക്കേജ് ട്രിപ്പുകളും സമ്മാനമായി നല്‍കുന്നുണ്ട്. ഈ പ്രദേശത്തിന്റെ കായികവിനോദങ്ങളും പാചകവൈവിധ്യവും കലാ, സാഹിത്യ മേഖലകളിലെ സമ്പന്നതയും പ്രദര്‍ശനത്തിനുണ്ട്.

Comments

comments

Categories: Arabia