രുചിയുടെ കലവറ വിരല്‍ത്തുമ്പില്‍

രുചിയുടെ കലവറ വിരല്‍ത്തുമ്പില്‍

കൊച്ചിയുടെ അടുക്കളകളില്‍ നിന്നും കുതിക്കുന്നു പാര്‍വതിയുടെ ‘ടേസ്റ്റ് ജെറ്റ്’. നിങ്ങള്‍ക്ക് രുചികരമായി പാചകം ചെയ്യാന്‍ അറിയാമോ? പാചകത്തിനായി അടുക്കളയില്‍ ചെലവഴിക്കാന്‍ അല്‍പം സമയമുണ്ടോ? നിങ്ങളുടെ പാചകത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? എങ്കില്‍ മികച്ച വരുമാനം നേടുന്നതുള്ള അവസരങ്ങള്‍ ടേസ്റ്റ് ജെറ്റിലൂടെ നിങ്ങളെ തേടി വരും. സ്വന്തമായി വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് മികച്ച വരുമാനം നേടാനുള്ള വഴിയൊരുക്കുകയാണ് ടേസ്റ്റ് ജെറ്റ് എന്ന തന്റെ സ്ഥാപനത്തിലൂടെ പാര്‍വതി രാകേഷ് എന്ന സംരംഭക. വീടുകളില്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷണത്തിന് വെബ്‌സൈറ്റ് വഴി വിപണി കണ്ടെത്തുകയാണ് പാര്‍വതി.

ഭക്ഷണപ്രിയയായ, നന്നായി പാചകം ചെയ്യുന്ന, രുചിയുടെ ലോകത്ത് പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചാല്‍ അത് ഏതു മേഖലയില്‍ ആയിരിക്കും? എന്താ സംശയം ഭക്ഷ്യരംഗത്ത് തന്നെ. തൃപ്പുണിത്തുറ സ്വദേശിനിയായ പാര്‍വതി രാകേഷിന്റെയും ടേസ്റ്റ് ജെറ്റിന്റെയും സംരംഭകത്വ യാത്ര തുടങ്ങുന്നത് ഇങ്ങനെയാണ്. കാറ്ററിംഗ് സര്‍വീസ് പാരമ്പര്യമുള്ള, മഹാലക്ഷ്മി കാറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പാര്‍വതിയുടെ അച്ഛന്‍. അതുകൊണ്ടുതന്നെ പാര്‍വതിക്ക് ചെറുപ്പം മുതല്‍ക്ക് രുചിയുടെ ലോകത്തോടായിരുന്നു ഏറെ പ്രിയം. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി, കോഴിക്കോട് എന്‍ഐടിയില്‍ ഉപരിപഠനവും കഴിഞ്ഞു. വീട്ടുകാര്‍ എല്ലാവരും കരുതി പാര്‍വതി എന്‍ജിനീയറിംഗ് രംഗത്ത് ചുവടുറപ്പിക്കും എന്ന്. എന്നാല്‍ അവര്‍ക്ക് തെറ്റി.

ഭക്ഷ്യരംഗത്തോട് ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന ഇഷ്ടം പാര്‍വതിയെ വിടാതെ പിന്തുടരുകയായിരുന്നു. സാധാരണ എല്ലാവരും ചെയ്യുന്ന പോലെ ഒരു ഹോട്ടലോ റെസ്റ്റോറന്റോ തുടങ്ങുന്നതില്‍ ആയിരുന്നില്ല പാര്‍വതിയുടെ ചിന്ത. വ്യത്യസ്തമായി എന്ത് ചെയ്യാനാകും എന്നതായിരുന്നു. അപ്പോഴാണ്, എംഎസ്‌സി ഇലക്ട്രോണിക്‌സ് ബിരുദധാരിയായ, രാകേഷുമൊത്തുള്ള പാര്‍വതിയുടെ വിവാഹം. സ്വന്തമായി ബിസിനസ് തുടങ്ങുക എന്നത് സ്വപ്നമായി കൂടെ കൊണ്ട് നടക്കുന്ന രാകേഷ് ജീവിതത്തിലേക്ക് വന്നതോടെ, പാര്‍വതിയുടെ മനസ്സിലെ സംരംഭകത്വമോഹങ്ങള്‍ക്കും ചിറക് മുളച്ചു.

ഫുഡ് ഇന്‍ഡസ്ട്രി വിട്ടൊരു കളിയില്ല!

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു തസ്തികയില്‍ മാസശമ്പളം വാങ്ങി, വീട് വിട്ടാല്‍ ഓഫീസ്, ഓഫീസ് വിട്ടാല്‍ വീട് എന്ന തലത്തിലേക്ക് ചുരുങ്ങേണ്ട കാര്യമില്ല എന്ന് തീരുമാനിച്ചിടത്ത് നിന്നുമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി എന്ന ആശയം പാര്‍വതിക്ക് ലഭിക്കുന്നത്. ഒട്ടു മിക്ക ഹോട്ടലുകളും ബേക്കറികളും ഫുഡ് ഹോം ഡെലിവറി ചെയ്യുന്നുണ്ട് എങ്കിലും സ്വതസിദ്ധമായ കേരളീയ പാചകത്തിന്റെ രുചി, നാടന്‍ വിഭവങ്ങളുടെ സ്വാദ്, കൈപ്പുണ്യമുള്ള മുത്തശ്ശി ചേരുവകള്‍ ചേര്‍ത്ത നമ്മുടെ തനത് രുചികള്‍..ഇതൊന്നും തന്നെ ഒരു ഹോട്ടലിനും മുന്‍ഗണനയല്ല. അപ്പോള്‍, തന്റെ സ്ഥാപനത്തിന്റെ യുഎസ്പി അതായിരിക്കണം എന്ന് പാര്‍വതി ഉറപ്പിച്ചു.

എന്നാല്‍, എങ്ങനെ പ്രാവര്‍ത്തികമാക്കും? ആരില്‍ നിന്നെല്ലാം ഭക്ഷണം ശേഖരിക്കും? എങ്ങനെ വിപണി കണ്ടെത്തും? സാധ്യതകള്‍ ശരിയായി വിനിയോഗിക്കുവാന്‍ ബിസിനസില്‍ മുന്‍പരിചയമില്ലാത്ത എനിക്ക് സാധിക്കുമോ? ഇങ്ങനെ ചോദ്യങ്ങള്‍ ഒട്ടനവധി ബാക്കിയായി. തന്റെ ആശങ്കള്‍ ഭര്‍ത്താവ് രാകേഷുമായി പങ്കുവച്ചപ്പോള്‍ തന്നെ, പാര്‍വതിക്ക് ആശങ്കകള്‍ മറികടക്കുന്നതിനുള്ള പോംവഴിയും കിട്ടി എന്നതാണ് വാസ്തവം.

പാര്‍വതിയും രാകേഷും സാങ്കേതിക മേഖലയില്‍ നല്ല പരിജ്ഞാനമുള്ളവര്‍ ആയതിനാല്‍ സ്വന്തമായി ഉപഭോക്തൃ സൗകര്യപ്രദമായ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി അതുവഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം എന്നായി തീരുമാനം. അതിനു ശേഷം രണ്ടാം ഘട്ടമായ ഷെഫുകളെ കണ്ടെത്തല്‍ ആരംഭിക്കണം. അങ്ങനെ സ്ഥാപനത്തിന് പേരിട്ടു ടേസ്റ്റ് ജെറ്റ്. അതിനുശേഷം ഉപഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പ വഴിയില്‍ കൈകാര്യം ചെയ്യാനും ഓര്‍ഡറുകള്‍ നല്‍കാനും കഴിയുന്ന രീതിയില്‍ ഒരു വെബ്‌സൈറ്റ് നിര്‍മിച്ചു. www.tastejet.co.in എന്ന വെബ്‌സൈറ്റ് തയ്യാറായതോടെ രണ്ടാം ഘട്ടമായ കൈപ്പുണ്യമുള്ള ഷെഫുകളെ കണ്ടെത്തുക എന്നതായി അടുത്ത ദൗത്യം.

രുചിയുടെ കാര്യത്തില്‍ നോ കോംപ്രമൈസ്!

സ്ഥാപനത്തിന്റെ ആദ്യഘട്ടം കൊച്ചി കേന്ദ്രീകരിച്ച് മാത്രമായിരുന്നു, ഷെഫുകളും കൊച്ചിക്കാര്‍ തന്നെ. ഉണ്ടാക്കി വിതരണം ചെയ്യുന്ന ഭക്ഷണം ഉപഭോക്താക്കളില്‍ എത്തുന്നതിനു മുന്‍പ് ചീത്തയാകാതിരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഏതു വിഭവവും ഉണ്ടാക്കുകയും ടേസ്റ്റ് ജെറ്റ് വഴി വില്‍ക്കുകയും ചെയ്യാം, എന്നാല്‍ ഒരൊറ്റ നിര്‍ബന്ധം മാത്രം രുചികരമായിരിക്കണം, മായം ചേര്‍ക്കരുത്. സമ്മതമെങ്കില്‍ താത്പര്യമുള്ള കൊച്ചിക്കാര്‍ക്ക്, പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് ടേസ്റ്റ് ജെറ്റിന്റെ ഭാഗമാകാം. ഹോം ഷെഫുമാര്‍ എന്നാണ് ടേസ്റ്റ് ജെറ്റിന്റെ ഷെഫുമാര്‍ അറിയപ്പെടുന്നത്.

പ്രവര്‍ത്തനം നിബന്ധനകള്‍ക്ക് വിധേയം

പാചകത്തില്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള പ്ലാറ്റ്‌ഫോം ആണെന്ന് കരുതി തോന്നുന്നപോലെ എല്ലാവര്‍ക്കും സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിയില്ല. ആദ്യമായി താല്‍പര്യമുള്ളവര്‍, തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന വിഭവം, അതിന്റെ പ്രത്യേകതകള്‍ എന്നിവ ടേസ്റ്റ് ജെറ്റിന്റെ വെബ്‌സൈറ്റ് വഴിയോ ഫോണ്‍ വഴിയോ പാര്‍വതിയെ അറിയിക്കണം. ഹോം ഷെഫ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സ് നേടിയവരും ആകണം. പാചകത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ നേടാവുന്ന ഒന്നാണ് ഈ ലൈസന്‍സ്. സൈറ്റ് വഴി ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധിക്കുകയാണ് ആദ്യ പടി. അതിനു ശേഷം, ടേസ്റ്റ് ജെറ്റ് പ്രതിനിധികള്‍ ഷെഫുമാര്‍ക്ക് പാചകം, പാക്കിംഗ്, ഡെലിവറി എന്നിവ സംബന്ധിച്ച് ഒരു ബോധവത്കരണ ക്ലാസ് എടുക്കും. ഈ ഘട്ടം കൂടി കഴിഞ്ഞാല്‍ പിന്നെ ടേസ്റ്റ് ജെറ്റിന്റെ ഭാഗമായി പാചകം ആരംഭിക്കാം.

കൊച്ചിയില്‍ മാത്രമാണ് ഡെലിവറി എന്നതിനാല്‍, ഉപഭോക്താക്കളും കൊച്ചി സ്വദേശികള്‍ തന്നെ. ഹോം ഷെഫുമാര്‍ അവര്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ വിവരണവും അത് ഏതെല്ലാം ദിവസങ്ങളില്‍ ലഭ്യമാകും എന്ന കാര്യവും ടേസ്റ്റ് ജെറ്റ് വെബ്‌സൈറ്റ് വഴി അറിയിക്കും.

ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം, പാചകക്കാരിയുടെ ബയോഡാറ്റ, വിഭവങ്ങളുടെ വിവരണം എന്നിവ വായിച്ച് ഓര്‍ഡര്‍ നല്‍കാം. ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് ടേസ്റ്റ് ജെറ്റ് പ്രതിനിധികള്‍ ഹോം ഷെഫുമാരുടെ വീട്ടില്‍ എത്തി ഭക്ഷണ പാക്കറ്റുകള്‍ എടുത്ത് ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കും. കേടാവാത്ത ഭക്ഷണസാധങ്ങള്‍ക്കാണ് ആവശ്യക്കാര്‍ അധികവും.

ആദ്യഘട്ടത്തില്‍ മൂന്നു ഷെഫുമാര്‍ മാത്രമാണ് ടേസ്റ്റ് ജെറ്റിന് ഉണ്ടായിരുന്നത്. എന്നാല്‍ പാചകത്തില്‍ നിന്നും മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ മുന്നോട്ടു വന്നു. നിലവില്‍ 65 ഹോം ഷെഫുമാരാണ് സ്ഥാപനത്തിനുള്ളത്. വിവിധതരം അച്ചാറുകള്‍, ബിരിയാണി, പുളിയിഞ്ചി, എന്ന് വേണ്ട, കേരളത്തിന്റെ തനത് രുചികളും നോര്‍ത്തേണ്‍ വിഭവങ്ങളും ഇന്ന് ടേസ്റ്റ് ജെറ്റിലൂടെ ആളുകളിലേക്ക് എത്തുന്നു.

ലോണ്‍ എടുത്ത് തുടക്കം

ഒരു ബിസിനസ് തുടങ്ങാന്‍ വിചാരിച്ചാല്‍, അതിനു മനസ്സുണ്ടെങ്കില്‍ പിന്നെ വച്ച് താമസിപ്പിക്കരുത് എന്നാണ് പാര്‍വതിയുടെ അഭിപ്രായം. ടേസ്റ്റ് ജെറ്റിന്റെ ബിസിനസ് പ്ലാന്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ തന്നെ ഫണ്ട് കണ്ടെത്താനുള്ള വഴികളും പാര്‍വ്വതി അന്വേഷിച്ചു. മാര്‍ക്കറ്റിംഗ്, ഡെലിവറി, ടെക്‌നോളജി, അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിക്ഷേപം അനിവാര്യമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ബജറ്റ് പ്രകാരം ഇതിനായി 20 ലക്ഷം രൂപ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ് ലോണ്‍ ആയി എടുത്തു. കയ്യില്‍ നിന്നും 15 ലക്ഷം രൂപ കൂടി ചേര്‍ത്ത് 35 ലക്ഷം രൂപയുടെ ഇന്‍വെസ്‌റ്‌മെന്റിലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങി രണ്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ തന്നെ ടേസ്റ്റ് ജെറ്റ് ബ്രേക്ക് ഈവന്‍ ആയി എന്നത് പര്‍വതിയുടെയും രാകേഷിന്റെയും തീവ്ര പരിശ്രമത്തിന്റെ ഫലമാണ്.

പ്രവര്‍ത്തനം തുടങ്ങി സ്ഥാപനം ശരിയായ ദിശയില്‍ എത്തിയതോടെ പുറത്തു നിന്നും ഫണ്ടിംഗ് ലഭിക്കുകയും താത്പര്യമുള്ള നിരവധിയാളുകള്‍ നിക്ഷേപകരായി വരാന്‍ തുടങ്ങുകയും ചെയ്തു. അതോടെ സ്ഥാപനം കൂടുതല്‍ മികച്ച പദ്ധതികള്‍ വിഭാവനം ചെയ്യുകയാണ്.

ലക്ഷ്യം ‘ആമസോണ്‍’ ആകുക

ടേസ്റ്റ് ജെറ്റിന്റെ ഭാവി ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാല്‍ പാര്‍വതി പറയും ഫുഡ് രംഗത്തെ ആമസോണ്‍ ആകുക. ഓണ്‍ലൈന്‍ ആയി, ലോകത്തിന്റെ ഏതുഭാഗത്തും എല്ലാത്തരം ഭക്ഷണവും ലഭ്യമാക്കുന്ന ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആക്കി ടേസ്റ്റ് ജെറ്റിനെ മാറ്റുക എന്നതാണ് പാര്‍വതിയുടെ വലിയ ലക്ഷ്യം. 2020 ആണ് ഈ നേട്ടം കൈവരിക്കുന്നതിനുള്ള വര്‍ഷമായി പാര്‍വതി മനസ്സില്‍ കാണുന്നത്. നിലവില്‍ സാങ്കേതിക വിദഗ്ധരായ നാലുപേര്‍, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ രണ്ടുപേര്‍, ഡെലിവറി വിഭാഗത്തില്‍ 16 പേര്‍ എന്നിങ്ങനെയാണ് ടേസ്റ്റ് ജെറ്റിന്റെ തൊഴിലാളികളുടെ എണ്ണം. സാങ്കേതികവിദ്യക്ക് നേതൃത്വം നല്‍കുന്നത് രാകേഷ് ആണ്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗത്തിലാണ് പാര്‍വതിയുടെ ശ്രദ്ധ.

കൂടുതല്‍ പാചക വിദഗ്ധര്‍ മുന്നോട്ടു വന്നാല്‍ മാത്രമേ, സ്ഥാപനം ഇനിയും വളരൂ എന്നാണ് പാര്‍വതിയുടെ ഭാഷ്യം. നിലവില്‍ ഹോം ഷെഫുകള്‍ക്ക് പുറമെ ചെറുകിട റെസ്റ്റോറന്റുകളും പാചക യൂണിറ്റുകളും ടേസ്റ്റ് ജെറ്റിന്റെ ഭാഗമാണ്. കൊച്ചിക്ക് പുറമെ കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടേസ്റ്റ് ജെറ്റ്.

ഇന്ത്യ മുഴുവന്‍ വ്യാപിക്കാന്‍ വീക്കെന്‍ഡ് ബസാര്‍

നിലവില്‍ കൊച്ചിയില്‍ മാത്രമാണ് പ്രവര്‍ത്തനമുള്ളത് എങ്കിലും ഓള്‍ ഇന്ത്യ തലത്തില്‍ ടേസ്റ്റ് ജെറ്റിന്റെ സാന്നിധ്യം അറിയിക്കുന്നതിനായി അടുത്തിടെ ലോഞ്ച് ചെയ്ത പരിപാടിയാണ് വീക്കെന്‍ഡ് ബസാര്‍. വ്യാഴം, വെള്ളി , ശനി എന്നീ ദിവസങ്ങളില്‍ മാത്രമാണ് വീക്കെന്‍ഡ് ബസാര്‍ ഉണ്ടാകുക. ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് നിന്നുള്ള വീട്ടമ്മമാര്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വീക്കെന്‍ഡ് ബസാര്‍ വഴി വില്‍ക്കാം. എന്നാല്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്താന്‍ വൈകും എന്നതിനാല്‍ കേടാകാത്ത അച്ചാറുകള്‍, വൈനുകള്‍, തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ആയിരിക്കും ഇത്തരത്തില്‍ വില്‍ക്കുക.

അവസരങ്ങള്‍ നമ്മെ തേടി വരില്ല

നമുക്ക് ചുറ്റും ധാരാളം അവസരങ്ങള്‍ ഉണ്ട്. ഇവയില്‍ ശരിയായത് കണ്ടെത്തി സ്വന്തമാക്കുക എന്നതാണ് പ്രധാനം. അവസരങ്ങള്‍ ഒരിക്കലും നമ്മെ തേടി വരില്ല. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരുമായ ധാരാളം വീട്ടമ്മമാര്‍ സ്വന്തമായി ഒരു വരുമാനവും ഇല്ലാതെ വീടിനുള്ളില്‍ ഒതുങ്ങി കഴിയുന്നത് കണ്ടിട്ടുണ്ടായ മനസ്താപമാണ് ടേസ്റ്റ് ജെറ്റിന്റെ ഭാഗമായി വനിതകളെ കൊണ്ട് വരാന്‍ എന്നെ സ്വാധീനിച്ചത്. പിന്നെ അടിസ്ഥാനപരമായി ബിസിനസില്‍ സ്ത്രീ, പുരുഷന്‍ എന്ന വ്യത്യാസമില്ല. ഒരു സംരംഭക എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ തൃപ്തയാണ്-പാര്‍വതി പറയുന്നു.

Comments

comments

Categories: Branding, Slider, Women