എച്ച്ഡബ്ല്യു ന്യൂസുമായി സൗത്ത് ലൈവ് കൈകോര്‍ക്കുന്നു

എച്ച്ഡബ്ല്യു ന്യൂസുമായി സൗത്ത് ലൈവ് കൈകോര്‍ക്കുന്നു

കൊച്ചി: ന്യൂസ്പോര്‍ട്ടലായ സൗത്ത്ലൈവ് ദേശീയ മാധ്യമസ്ഥാപനമായ എച്ച്ഡബ്ല്യു ന്യൂസ് നെറ്റ്വര്‍ക്കുമായി കൈകോര്‍ക്കുന്നു. രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന എച്ച്ഡബ്ല്യു ന്യൂസ്, സൗത്ത്ലൈവുമായി ചേരുന്നത് വായനക്കാര്‍ക്ക് നവ്യാനുഭവമായിരിക്കും.

വിശകലന വാര്‍ത്തകളില്‍ ശ്രദ്ധ കൊടുക്കുന്ന സൗത്ത്ലൈവ് എച്ച്ഡബ്ല്യു ന്യൂസുമായി കൈകോര്‍ക്കുന്നത് ഇരുസ്ഥാപനങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്ന് സൗത്ത്‌ലൈവ് നെറ്റ്‌വര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. ഒരേ നിലപാടുകളുള്ള രണ്ട് പ്രമുഖ സ്ഥാപനങ്ങള്‍ ഒരുമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാര്‍ത്തകളെ അവയുടെ വസ്തുതകള്‍ ചോരാതെ വായനക്കാരന്റെ മുന്നിലെത്തിക്കാന്‍ പുതിയ കൂട്ടുകെട്ട് വഴി തുറക്കുമെന്ന് എച്ച്ഡബ്ല്യു ന്യൂസ് നെറ്റ്‌വര്‍ക്ക് ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ സുജിത് നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെമ്പാടുമുള്ള മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും നിലപാടുകളെടുക്കുകയും ചെയ്യുന്ന സൗത്ത് ലൈവിന് ദേശീയ മാധ്യമരംഗത്തേക്കുള്ള ഒരു പുതിയ ചുവടുവയ്പ്പാണ് എച്ച് ഡബ്ല്യു ന്യൂസുമായുള്ള കൂട്ടുകെട്ടെന്ന് സൗത്ത്‌ലൈവ് മാനേജിംഗ് ഡയറക്റ്റര്‍ സജി കുര്യന്‍ പറഞ്ഞു.

വാര്‍ത്താധിഷ്ഠിത ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അഞ്ചാം സ്ഥാനമാണ് സൗത്ത്ലൈവിനുള്ളത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 4ജി നെറ്റ് വര്‍ക്കുകളുടെ കടന്നുവരവോടെ ഇന്റര്‍നെറ്റ് ഹൈവേ രാജ്യത്ത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വീഡിയോ കണ്ടന്റുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടുത്താനും ആരംഭിച്ചിട്ടുണ്ട്. 2019-2020 ല്‍ വീഡിയോ പ്ലാറ്റ്ഫോമിലും ആദ്യ സ്ഥാനങ്ങളിലെത്താനാണ് സൗത്ത്ലൈവ് ലക്ഷ്യമിടുന്നത്. ദേശീയ മാധ്യമ രംഗത്ത് സജീവമായ എച്ചഡബ്ല്യു ന്യൂസുമായി സഹകരിക്കുന്നതോടെ ഈ രംഗത്ത് ഏറെ മുന്നോട്ട് പോകാനാവുമെന്നും സജി കുര്യന്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy