കൊച്ചിയില്‍ എസ്ബിഐയുടെ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍

കൊച്ചിയില്‍ എസ്ബിഐയുടെ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍

കൊച്ചി: രാജ്യത്ത് ഏറ്റവുമധികം എന്‍ആര്‍ഐ നിക്ഷേപം എത്തുന്ന കേരളത്തില്‍ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കമിട്ടു. കൊച്ചിയിലാണ് ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ആര്‍ഐ അനുബന്ധ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രമാണ് ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍.

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കിംഗ് സേവനങ്ങളായ വെല്‍ത്ത് മാനേജ്‌മെന്റ്, എസ്ബിഐ ഇന്റലിജന്റ് അസിസ്റ്റ്, ഫ്രീ പോസ്റ്റ് ബോക്‌സ് സര്‍വീസ്, എസ്ബിഐ മിംഗിള്‍, യുഎസിലെ ഉപഭോക്താക്കള്‍ക്ക് റെമിറ്റന്‍സ് സേവനം എന്നിവയും ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററില്‍ ലഭിക്കും.

2018 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം 33 ലക്ഷം എന്‍ആര്‍ഐ ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. ഇവര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി 16 സര്‍ക്കിളുകളിലായി വ്യാപിച്ച് കിടക്കുന്ന 66 സ്ഥലങ്ങളിലെ 92 എന്‍ആര്‍ഐ ശാഖകളും നിരവധി എന്‍ആര്‍ഐ ഇന്റന്‍സീവ് ശാഖകളും ഉണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററില്‍ കേന്ദ്രീകരിക്കും. എസ്ബിഐ ശാഖകള്‍, ഉപഭോക്താക്കള്‍, റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍, റെപ്രസന്റേറ്റീവ് ഓഫീസുകള്‍, ഫോറിന്‍ ഓഫീസുകള്‍ എന്നിവയുമായി ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനുള്ള കേന്ദ്രം കൂടിയാണ് ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍.

ലോകത്തിന്റെ ഏത് ഭാഗത്തുള്ള എന്‍ആര്‍ഐ ഉപഭോക്താവിനും ബാങ്കിംഗ് സേവനങ്ങള്‍ ഓണ്‍ലൈനായി ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററില്‍ നിന്നും ലഭിക്കും. എകൗണ്ട് തുറക്കല്‍, വായ്പകള്‍ക്കുള്ള തത്വത്തിലുള്ള അംഗീകാരം, റെമിറ്റന്‍സ്, സാങ്കേതിക വിദ്യകള്‍ എന്നീ സേവനങ്ങള്‍ പലിശീലനം സിദ്ധിച്ച ജീവനക്കാരിലൂടെ 24X7 സമയവും ലഭിക്കും.

എന്‍ആര്‍ഐ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ എല്ലാ ഉല്‍പ്പന്നങ്ങളും എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലോകത്തെവിടെയുമുള്ള ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെ സേവനം എളുപ്പത്തില്‍ ലഭിക്കാന്‍ ഇത് സഹായിക്കും. ഇക്കാരണത്താലാണ് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ കേന്ദ്രീകൃത രീതിയില്‍ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററിലൂടെ നല്‍കുന്നത്. ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍ ഉദ്ഘാടനം ചെയ്ത് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

സാങ്കേതികമായ മുന്നേറ്റം കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും പണമിടപാടുകളിലെ ക്രമക്കേടിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി പണം അയക്കുന്നതിനുള്ള പ്രവണത കൂടുതല്‍ പേര്‍ ബാങ്ക് അകൗണ്ടുകള്‍ തുറക്കുന്നതിന് വഴിതെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1864ല്‍ കൊളംബോയിലാണ് എസ്ബിഐ ആദ്യത്തെ അന്താരാഷ്ട്ര ശാഖ ആരംഭിക്കുന്നത്. ഇന്ന് 37 രാജ്യങ്ങളിലായി 207 ഓഫീസുകള്‍ എസ്ബിഐക്കുണ്ട്.

 

Comments

comments

Categories: Business & Economy