ക്രെഡിഹെല്‍ത്ത് 50 നഗരങ്ങളില്‍

ക്രെഡിഹെല്‍ത്ത് 50 നഗരങ്ങളില്‍

ന്യൂഡെല്‍ഹി: ഹെല്‍ത്ത് ടെക് കമ്പനിയായ ക്രെഡിഹെല്‍ത്ത് പുതിയ വികസന പദ്ധതിയിലൂടെ ഇപ്പോള്‍ 50 നഗരങ്ങളില്‍ സേവനം നല്‍കുന്നതായി അവകാശപ്പെട്ടു. രണ്ടു ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വിവിധ ആരോഗ്യപരിപാലന സേവനങ്ങള്‍ നല്‍കുന്ന കമ്പനി വിവിധ പ്രാദേശിക വിപണികളിലെ തന്ത്രപരമായ വികസനത്തിലൂടെ രാജ്യത്തെ 30 ദശലക്ഷം ഉപഭോക്താക്കളിലേക്കു കൂടി എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്. അലഹബാദ്, ബെല്ലാരി, കട്ടക്, ദാവണ്‍ഗരെ, ഡെല്‍ഹി, ഗാസിയാബാദ്, ഹുബ്ലി, നെല്ലൂര്‍, ഒങ്കോലെ, പലന്‍പൂര്‍, സേലം, ഷിമോഗ, താനെ വിജയവാഡ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്രഡിഹെല്‍ത്ത് സേവനം ഇപ്പോള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പുതിയ വികസനപദ്ധതിയില്‍ 30,000 ഡോക്റ്റര്‍മാരും 630 ആശുപത്രികളുമാണ് കമ്പനിയുമായി സഹകരിക്കുന്നത്.

‘കമ്പനിയുടെ 80 ശതമാനത്തോളം രോഗികളും ചെറിയ നഗരങ്ങളില്‍ നിന്നുള്ള മിതമായ നിരക്കിലുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമല്ലാത്തവരാണ്. ഇവര്‍ മിക്കപ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരും മെഡിക്കല്‍ സേവനത്തിനായി കൂടുതല്‍ പണം മുടക്കേണ്ടി വരുന്നവരുമാണ്. ഇവരുടെ പ്രാദേശികഭാഷയില്‍ സംവദിച്ചുകൊണ്ട് അവര്‍ എത്ര പണം എവിടെയാണ് മുടക്കേണ്ടത് എന്നുള്ളതിനെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്.’ -ക്രെഡിഹെല്‍ത്ത് സ്ഥാപകനും എംഡിയുമായ രവി വിര്‍മാനി( Virmani) പറഞ്ഞു. നിലവില്‍ ഹിന്ദി, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം ലഭ്യമായ സേവനം കുറച്ചു മാസത്തിനുള്ളില്‍ കൂടുതല്‍ ഭാഷകളില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 2.5 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളാരംഭിച്ചുകൊണ്ട് തങ്ങളുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കാന്‍ അടുത്തിടെ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവുമായി ക്രെഡിഹെല്‍ത്ത് കൈകോര്‍ത്തിരുന്നു. ഈ പ്ലാറ്റ്‌ഫോം വഴി രാജ്യത്തെ നഗര-ഗ്രാമീണ മേഖലകളിലെ 16,000 പിന്‍കോഡുകളിലെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനാണ് പദ്ധതി.

Comments

comments

Categories: Business & Economy