മെഷീന്‍ സ്‌പെഷല്‍ ബിരിയാണിക്കൂട്ടുമായി അല്‍മാഇദ

മെഷീന്‍ സ്‌പെഷല്‍ ബിരിയാണിക്കൂട്ടുമായി അല്‍മാഇദ

ഹോട്ടല്‍ ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തെ പറ്റി ഏറെ വ്യാകുലപ്പെടുന്ന കാലഘട്ടമാണിത്. മികച്ച ഭക്ഷണം സുരക്ഷിതമായി എവിടെ ലഭിക്കുമെന്ന അന്വേഷണത്തില്‍ ഇന്ന് ആവര്‍ത്തിച്ച് കേള്‍ക്കുന്ന പേരാണ് അല്‍മാഇദ. പൂര്‍ണമായും യന്ത്രസഹായത്തോടെ നിര്‍മിക്കുന്ന ബിരിയാണിയാണ് അല്‍മാഇദയുടെ സ്‌പെഷ്യല്‍. മെഷീനിന്റെ കൃത്യത മാത്രമല്ല, അതിനൊപ്പം പ്രിസര്‍വേറ്റീവുകള്‍ ഒന്നു പോലും ചേര്‍ക്കാത്ത, കേരളീയ രുചിക്കൂട്ടുകള്‍ മാത്രം ചേര്‍ത്താണ് ഈ ബിരിയാണി മേശപ്പുറത്തെത്തുന്നത്. ആവി പറക്കുന്ന ബിരിയാണിക്കൊപ്പം ആരോഗ്യകരമായ ഭക്ഷണ സമ്പ്രദായത്തിന്റെ പേര് കൂടിയാണ് അല്‍മാഇദ

മലയാളി ആഘോഷങ്ങളിലെ പ്രധാനവിഭവമായി ഇന്ന് ബിരിയാണി മാറിക്കഴിഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ഭക്ഷണ താല്‍പര്യങ്ങളില്‍ കൂടി ഉണ്ടായ മാറ്റത്തിന്റെ നേര്‍ക്കാഴ്ചയായി ബിരിയാണിയുടെ ഈ മേല്‍ക്കൊയ്മയെ വിലയിരുത്താം. എന്നാല്‍ ഈ മാറ്റം ബിരിയാണിയുടെ പാചകത്തില്‍ പ്രകടമാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കാലഘട്ടത്തിനും ആളുകളുടെ സ്വീകാര്യതയിലും കാലികമായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നിരിക്കെ ബിരിയാണിയുടെ പാചകം മാത്രം എന്തിന് പഴഞ്ചനായി നില്‍ക്കണം.? ബിരിയാണി നിര്‍മാണത്തില്‍ എന്ത് ആധുനികത എന്നു മറുചോദ്യം ഉയര്‍ത്തുന്നവര്‍ അങ്കമാലി കരിയാട് വളവിലെ അല്‍മാഇദ റെസ്‌റ്റൊറന്റില്‍ പോയാല്‍ മതി. പൂര്‍ണമായും യന്ത്രങ്ങളില്‍ നിര്‍മിച്ചെടുക്കുന്ന, പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാത്ത മികച്ച ബിരിയാണിയുടെ സ്വാദ് എന്തെന്ന് നേരിട്ട് മനസിലാക്കാനാകും.

ആധുനികതയുടെ ഭക്ഷണത്തളിക

ബിരിയാണി മധുരത്തിന്റെ ആധുനിക ഭാവം മലയാളിക്ക് മുന്നില്‍ നിരത്തിക്കൊണ്ട് അല്‍മാഇദ കുറിക്കുന്നത് ഭക്ഷണ വ്യവസായത്തിന്റെ പുതുപുത്തന്‍ തലങ്ങളാണ്. കേരളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ മാത്രം ചേര്‍ത്തുകൊണ്ട് ഇവിടെ തയാറാക്കുന്ന മുഗള്‍ മലബാറി ബിരിയാണി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഭക്ഷണത്തളിക എന്നാണ് അല്‍മാഇദ എന്ന അറബിക് വാക്കിന്റെ അര്‍ത്ഥം. സര്‍വവും മായം നിറഞ്ഞ ഇക്കാലത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കലര്‍പ്പില്ലാത്ത ഭക്ഷണം പ്രദാനം ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന അല്‍മാഇദ, ബിരിയാണി രുചികളുടെ പുതിയ പേരായി മാറിയിരിക്കുകയാണ്. മാളയില്‍ തയാറാക്കിയിരിക്കുന്ന അത്യാധുനിക കിച്ചണില്‍ നിന്നാണ് അല്‍മാഇദയുടെ റെസ്‌റ്റൊറന്റുകളിലേക്ക് വിഭവങ്ങളെത്തിക്കുന്നത്. പൂര്‍ണമായും മെഷീന്‍ സജ്ജീകരണങ്ങളില്‍ തയാറാക്കുന്നതായതിനാല്‍ ഒരു തരിയില്‍ പോലും രുചിയോ വേവോ വ്യത്യാസമാകില്ല. അതിനൊപ്പം വൃത്തിയുടെ കാര്യത്തിലും ഉന്നത നിലവാരമാണ് അല്‍മാഇദ പുലര്‍ത്തുന്നത്. കിച്ചണ്‍ നിര്‍മാണത്തിന്റെ അടിസ്ഥാന ഘട്ടങ്ങള്‍ മുതല്‍ക്കെ ഈ നിലവാരം നിലനിര്‍ത്താന്‍ അല്‍മാഇദ ശ്രമിക്കുന്നുണ്ട്.

മണിക്കൂറില്‍ 800 പ്ലെയ്റ്റ് ബിരിയാണിയും പ്രതിദിനം 5000 ബിരിയാണിയും നിര്‍മിക്കാന്‍ പ്രാപ്തമായ മെഷീന്‍ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എത്ര തന്നെ പാകം ചെയ്താലും ഒരിക്കലും രുചിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയുമില്ല. അതിനാല്‍ തന്നെ അല്‍മാഇദയുടെ രുചി സ്ഥിരതയാര്‍ന്നതായി നിലനില്‍ക്കുന്നു. പഴയ സമ്പ്രദായത്തില്‍ ഭക്ഷണത്തിന്റെ വൃത്തിയും ഏകീകരണവുമെല്ലാം സ്ഥിരതയുള്ളതാക്കി നിലനിര്‍ത്താന്‍ സാധിക്കില്ല. അല്‍മാഇദയില്‍ അരി കഴുകുന്നത് മുതല്‍ പാചകം വരെ ചെയ്‌തെടുക്കുന്നത് മെഷീന്‍ തന്നെയാണ്. അരി വേവിക്കല്‍, ചിക്കന്‍, മട്ടണ്‍ എന്നിവയുടെ പാചകം, സവാള അരിയല്‍, മസാല ചേര്‍ക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ഇതിനൊപ്പം അരിയും ഇറച്ചിയും ഒരേ സമയം വേവിച്ചെടുക്കാനും മെഷീന്‍ വഴി സാധിക്കും. ഇതിനായി ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന കോംബി മെഷീനാണ് ഉപയോഗിക്കുന്നത്. രണ്ടുഘട്ടങ്ങളായി നടക്കുന്ന പാചകത്തില്‍ ആദ്യഘട്ടത്തില്‍ അരിയും ഇറച്ചിയും വേര്‍തിരിച്ച് വേവിച്ചെടുത്ത ശേഷം രണ്ടും കൂട്ടിച്ചേര്‍ത്ത് ദം ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെ ഇറച്ചിയിലെ നീരും മറ്റും ബിരിയാണിയിലേക്ക് നല്ലവിധത്തില്‍ കലരും. പാചകത്തിനായുള്ള ഇറച്ചി, മസാല ചേര്‍ത്ത് തലേന്നു തന്നെ ഫ്രീസറില്‍ കയറ്റി വെക്കുകയാണ് പതിവ്. ഇത് മസാലക്കൂട്ട് മികച്ച രീതിയില്‍ ഇറച്ചിയിലേക്കിറങ്ങുന്നതിന് സഹായകമാകും. അതിനുപരിയായി എണ്ണയുടെ കുറഞ്ഞ ഉപയോഗവും അല്‍മാഇദയെ വ്യത്യസ്തമാക്കുന്നു. ഇറച്ചി വറുക്കുന്നതിനായും മറ്റും വളരെ കുറഞ്ഞ അളവില്‍ മാത്രം എണ്ണയേ ആവശ്യമായി വരികയുള്ളൂ. ഇതിനൊപ്പം ചിക്കനിലുള്ള സത്ത് മുഴുവനായും അതിലേക്ക് തന്നെ വലിയുകയും ചെയ്യും.

റെസ്റ്റൊറന്റിന് പുറമെ സല്‍ക്കാര പരിപാടികളിലേക്കും മറ്റും ബിരിയാണി എങ്ങനെ എത്തിക്കാമെന്ന ചിന്തയില്‍ നിന്നാണ് പുതിയ കണ്ടെയ്‌നറിന്റെ ആശയമുദിക്കുന്നത്. മികച്ച രീതിയില്‍ അടച്ചുറപ്പിക്കുന്ന കണ്ടെയ്‌നര്‍, ഭക്ഷണത്തിന്റെ ചൂടാറാതെ നിലനില്‍ക്കുന്നതിനും സഹായിക്കും. അതിനുപരിയായി ബിരിയാണിച്ചെമ്പിന് ചുറ്റിലും തുണി ചേര്‍ന്ന് നാലാള്‍ ചേര്‍ന്ന് കഷ്ടപ്പെട്ട് ചുമക്കുന്ന പഴയകാല രീതിയുടെ പൊളിച്ചെഴുത്ത് കൂടിയായി അത്. സല്‍ക്കാര വേദികളിലേക്ക് മുന്‍വശത്തുകൂടി പോലും കൊണ്ടുപോകാവുന്ന വിധത്തിലുള്ള കണ്ടെയ്‌നറുകളാണ് അല്‍മാഇദ ഉപയോഗിക്കുന്നത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന ഈ കണ്ടെയ്‌നറുകളില്‍ പാചകത്തിനായി ഉപയോഗിച്ച ട്രേകള്‍ അങ്ങനെ തന്നെ കയറ്റി വെക്കാവുന്നതാണ്. 1000 ബിരിയാണിക്ക് 16 കണ്ടെയ്‌നറുകള്‍ മാത്രമേ ആവശ്യമായി വരൂ. റെസ്‌റ്റൊറന്റിലേക്ക് ബിരിയാണി എത്തിക്കുന്നതും ഈ കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് തന്നെയാണ്.

ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് അല്‍മാഇദ വ്യത്യസ്തമാകുന്നത് ഉല്‍പ്പന്നത്തിന്റെ മികവും വ്യത്യസ്തതയും കൊണ്ട് തന്നെയാണ്. പ്രിസര്‍വേറ്റീവ്‌സ് ഒന്നും തന്നെ ചേര്‍ക്കാത്തതിനാല്‍ ഇതര ബിരിയാണികളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനകം അല്‍മാഇദ ബിരിയാണി കേടുവരും. ഇതര സ്ഥാപനങ്ങളില്‍ വലിയ അളവില്‍ പ്രിസര്‍വേറ്റീവുകളും മറ്റും ചേര്‍ക്കുന്നതിനാലാണ് ബിരിയാണി കൂടുതല്‍ സമയം കേടുവരാതിരിക്കുന്നത്. അതിനൊപ്പം തന്നെ സാധാരണയായി ബിരിയാണി കഴിച്ച ശേഷമുണ്ടാവുന്ന ക്ഷീണവും ദാഹവുമൊന്നും അല്‍മാഇദ ബിരിയാണി കഴിച്ചാലുണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാരണങ്ങളില്‍ നിന്നുതന്നെ ഇവ രണ്ടും തമ്മിലുള്ള താരതമ്യത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയും.

സൗഹൃദക്കരുത്ത്

രണ്ട് കുടുംബങ്ങളുടെ സൗഹൃദക്കരുത്തില്‍ പടുത്തുയര്‍ത്തിയ പേരാണ് അല്‍മാഇദ. അഷ്‌റഫ് പിഎ, സാദിക്ക് കെഎ, ഭാര്യമാരായ അഡ്വ. സബീന അഷ്‌റഫ്, ഉമൈബാന്‍ സാദിക്ക്, സാദിക്കിന്റെ പുത്രന്‍ അബ്ദുള്‍ അലീം തുടങ്ങി ഇരുകുടുംബങ്ങളുടെയും കൂട്ടായ കഠിനാധ്വാനമാണ് അല്‍മാഇദയ്ക്ക് രുചി കൂട്ടുന്നത്. സഞ്ചാരപ്രേമികളായ ഇരു കുടുംബങ്ങളും ധാരാളം യാത്രകളിലും പങ്കാളികളാണ്. ഭക്ഷണങ്ങളിലെ വൈവിധ്യങ്ങള്‍ മനസിലാക്കുന്നതിനായിതന്നെ നിരവധി യാത്രകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദീര്‍ഘദൂര യാത്രകളിലും മറ്റും ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത് മികച്ച ഭക്ഷണശാലകള്‍ കണ്ടെത്തുക എന്നതിലായിരുന്നു. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് മികച്ചതും സുരക്ഷിതവുമായ ഭക്ഷണം നല്‍കുക എന്ന ആശയത്തിലേക്കും അല്‍മാഇദയിലേക്കും എത്തിച്ചേരുന്നത്.

സംരംഭം തുടങ്ങുന്ന സാഹചര്യത്തില്‍ ചുരുങ്ങിയ രീതിയില്‍ തുടങ്ങി കാലഘട്ടത്തിനൊപ്പം പതിയെ വികസിപ്പിക്കുന്ന സ്വതവേയുള്ള രീതികള്‍ക്കെതിരായി, ആരംഭം തന്നെ മികച്ച രീതിയിലായിരിക്കണമെന്ന ചിന്ത മാനേജ്‌മെന്റിനുണ്ടായിരുന്നു. ഒരു മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ അവിടുത്തെ ഏറ്റവും മികച്ച രീതിയിലായിരിക്കണം തുടങ്ങേണ്ടത്. അല്ലാത്തപക്ഷം അതിലേക്ക് തിരിയരുതെന്നാണ് അഷ്‌റഫിന്റെ അഭിപ്രായം. ഈ ചിന്താഗതി തന്നെയാണ് സ്ഥാപനം ഇന്നും തുടര്‍ന്നു പോരുന്നത്. യൂറോപ്യന്‍ സാങ്കേതിക വിദ്യയുടെ വില കൂടിയ മെഷീന്‍ സജ്ജീകരണങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നതും ഇതിന്റെ പിന്‍ബലത്തിലാണ്. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ബിരിയാണിയായി അല്‍മാഇദ പ്രസിദ്ധിയിലേക്ക് ഉയരുകയാണ്. സ്ഥാപനത്തിന്റെ വികസനത്തിനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മറ്റുമായി മികച്ച പ്രവര്‍ത്തനമാണ് ഡയറക്റ്റര്‍ ബോര്‍ഡ് കാഴ്ചവെക്കുന്നത്. ഓരോരുത്തരും വിവിധ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തിരിക്കുന്നു. സാദിക്ക് കെഎ ചെയര്‍മാന്‍ സ്ഥാനവും അഷ്‌റഫ് പിഎ ഡയറക്റ്റര്‍ സ്ഥാനവും വഹിക്കുമ്പോള്‍ അഡ്വ. സബീന അഷ്‌റഫ് ലീഗല്‍ വിഭാഗവും ഉമൈബാന്‍ സാദിക്ക് പ്രൊഡക്ഷന്‍ ആന്‍ഡ് പ്ലാന്റ് മേഖലയുടെ ഡയറക്റ്ററായും പ്രവര്‍ത്തിക്കുന്നു. മാര്‍ക്കറ്റിംഗ്, മീഡിയ വിഭാഗങ്ങളുടെ ചുമതല അബ്ദുള്‍ അലീമിനാണുള്ളത്.

വളരുന്ന ശൃംഖല

നിലവില്‍ 3 റെസ്‌റ്റൊറന്റുകളാണ് അല്‍മാഇദയ്ക്കുള്ളത്. കരിയാട് വളവിലെ എസി, നോണ്‍ എസി റെസ്‌റ്റൊറന്റുകള്‍ക്ക് പുറമെ അങ്കമാലിയിലും റെസ്‌റ്റൊറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കിച്ചണ്‍ സജ്ജീകരണത്തിലെ മികവ് തെല്ലും കുറവ് വരാതെയാണ് റെസ്‌റ്റൊറന്റുകളുടെയും രൂപകല്‍പ്പന. പഴയകാല കോഴിക്കോടന്‍ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന എസി റെസ്‌റ്റൊറന്റ് തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. അടുത്തപടിയായി ഫ്രാഞ്ചൈസികള്‍ വ്യാപിപ്പിക്കിക്കുന്നതിനാണ് അല്‍മാഇദ ലക്ഷ്യം വെക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് അല്‍മാഇദയെന്ന പേര് എത്തിക്കുന്നതിനൊപ്പം തന്നെ മികവിന്റെ ബിരിയാണി രുചി കൂടി വ്യാപിക്കപ്പെടും. ഫ്രാഞ്ചൈസികള്‍ക്കായി അവസരങ്ങള്‍ നല്‍കുക വഴി നിരവധിയാളുകള്‍ക്ക് സംരംഭക മേഖലയിലേക്കുള്ള വാതിലുകള്‍ കൂടിയാണ് അല്‍മാഇദ തുറന്നിടുന്നത്. നിശ്ചിത ദൂരത്തിനപ്പുറത്തേക്ക് ബിരിയാണി കൊണ്ടുപോകാന്‍ സാധിക്കില്ലെന്നതിനാല്‍ ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും ശൃംഖല വിന്യസിക്കുക. വിവാഹ സല്‍ക്കാരങ്ങള്‍ക്കും മറ്റുമായി ഭക്ഷണമെത്തിക്കുന്നതും ഈ പരിധിക്കകത്ത് തന്നെയാക്കി ക്രമീകരിച്ചിരിക്കുകയാണ്. കൂടുതല്‍ സമയം കേടുവരാതെയിരിക്കില്ല എന്നതിനാലാണ് ഇത്തരത്തിലുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം തന്നെ വിളമ്പുമ്പോഴും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. ബിരിയാണി കഴിവതും വൈകി കൊണ്ടുപോകാനാണ് അല്‍മാഇദ പറയുന്നത്. രാത്രി പരിപാടികള്‍ക്കും മറ്റുമായി വൈകുന്നേരത്തിന് മുമ്പേ തന്നെ ഭക്ഷണം എത്തിച്ച് വെക്കുന്ന രീതിയില്‍ നിന്ന് മാറി, ഭക്ഷണം വിളമ്പേണ്ട സമയമാകുമ്പോഴേക്കും മാത്രം എത്തിക്കാനാണ് അല്‍മാഇദയുടെ നിര്‍ദേശം.

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേക്ക് ഫ്രാഞ്ചൈസികള്‍ വ്യാപിപ്പിക്കുന്നതിനാണ് സ്ഥാപനം ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. മാളയിലെ കിച്ചണില്‍ നിന്ന് ഭക്ഷണമെത്തിക്കാവുന്ന പരിധിയില്‍ ഫ്രാഞ്ചൈസികള്‍ സജ്ജമായിക്കഴിയുമ്പോള്‍ അടുത്ത കിച്ചണ്‍ തയാറാക്കിക്കൊണ്ട് വ്യവസായത്തെ വ്യാപിപ്പിക്കും. ഇത്തരത്തില്‍ അല്‍മാഇദ എന്ന പേര് കേരളത്തിലാകെ വ്യാപിക്കപ്പെടും. ഇതിനോടകം തന്നെ നിരവധി സല്‍ക്കാരങ്ങളിലും മറ്റും ശ്രദ്ധാ കേന്ദ്രമായി മാറിയ അല്‍മാഇദ ബിരിയാണിയെ പറ്റി കേട്ടറിഞ്ഞ് നിരവധിയാളുകള്‍ ദിനംപ്രതി റെസ്‌റ്റൊറന്റിലെത്തുന്നുണ്ട്. ഇന്ന് കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാതെ ഒരു വ്യവസായത്തിനും നിലനില്‍പ്പ് സാധ്യമാകില്ല എന്ന നിജസ്ഥിതി മനസിലാക്കിക്കൊണ്ടാണ് അല്‍മാഇദ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ആധുനികത എന്നത് വൈദേശികതയുടെ കടന്നുകയറ്റമാണെന്ന മിഥ്യാധാരണയെയും തിരുത്തിക്കുറിക്കുന്നുണ്ട് അല്‍മാഇദ. കേരളത്തിന്റെ തനതു രുചിക്കൂട്ടുകളിലേക്ക് ബിരിയാണിയെ തിരികെയെത്തിച്ചുകൊണ്ടാണ് അല്‍മാഇദ രുചിക്കൂട്ടുകളൊരുക്കുന്നത്. ആധുനിക മെഷിനറി സജ്ജീകരണങ്ങള്‍ കൂടിയാകുമ്പോള്‍ പഴമയുടെ പുത്തന്‍ പര്യവേഷമായി അത് മാറുകയും ചെയ്യുന്നു. 200 പേര്‍ക്കുള്ള ബിരിയാണിയും ഇറച്ചിയും ഞൊടിയിടയ്ക്കുള്ളിലാണ് ഇവിടെ തയാറാകുന്നത്. അതും ഒരു അരിമണിയില്‍ പോലും തെല്ലും വ്യതിയാനങ്ങള്‍ ഇല്ലാതെ. ഇതിനൊപ്പം ആദ്യമായി മെഷീന്‍ പത്തിരി വിപണിയിലെത്തിച്ചതും അല്‍മാഇദ തന്നെ. അരിപ്പൊടി, ഉപ്പ്, വെള്ളം എന്നിവ മാത്രം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന പത്തിരിയും പൂര്‍ണമായും പ്രിസര്‍വേറ്റീവുകള്‍ ഇല്ലാതെയാണ് വിപണിയിലെത്തുന്നത്.

ഇതര ബിരിയാണികളില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഘടകങ്ങളുടെയും രുചി വേറിട്ടറിയാന്‍ സാധിക്കുമെന്നതും അല്‍മാഇദയുടെ മാത്രം പ്രത്യേകതയാണ്. പേരില്‍ മാത്രം ആധുനികത ഉയര്‍ത്തിക്കാട്ടി നിരവധി റെസ്‌റ്റൊറന്റുകള്‍ വിപണിയില്‍ നിറയുന്ന ഇക്കാലത്താണ്, ആധുനികത എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അല്‍മാഇദ മാതൃക സൃഷ്ടിക്കുന്നത്. കേരളത്തനിമയുടെ കലര്‍പ്പില്ലാത്ത രുചിക്കൂട്ടിനെ യന്ത്രവല്‍കൃത സുരക്ഷയുമായി കൂട്ടിച്ചേര്‍ത്ത് ഭക്ഷണ രംഗത്ത് അല്‍മാഇദ സൃഷ്ടിക്കുന്ന വിപ്ലവം ഇന്നു വലിയൊരു ആവശ്യകത കൂടിയാണ്. ഇന്ന് കരിയാട് വളവില്‍ ദിനംപ്രതി തിരക്കേറി വരികയാണ്. മനം നിറയ്ക്കുന്ന മാസ്മരിക രുചിക്കൂട്ടുമായി അല്‍മാഇദ ആ തിരക്കിന്റെ സൃഷ്ടികര്‍ത്താവായി മാറുന്നു.

Comments

comments

Categories: Branding, Slider