വന്‍ മാറ്റങ്ങളുമായി പുതിയ സുസുകി വിറ്റാരയുടെ അരങ്ങേറ്റം ഉടന്‍

വന്‍ മാറ്റങ്ങളുമായി പുതിയ സുസുകി വിറ്റാരയുടെ അരങ്ങേറ്റം ഉടന്‍

2019 മാരുതി സുസുകി വിറ്റാര എന്ന പേരിലായിരിക്കും കാര്‍ ഇന്ത്യയിലെത്തുന്നത്. അടുത്ത വര്‍ഷം പുറത്തിറക്കും

ന്യൂഡെല്‍ഹി : പുതിയ സുസുകി വിറ്റാര വരുന്നു. വലിയ മാറ്റങ്ങളോടെയാണ് 2019 മോഡല്‍ സുസുകി വിറ്റാര അവതരിപ്പിക്കുന്നത്. കാര്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഉല്‍പ്പാദന ഘട്ടത്തിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. മാര്‍ച്ച് 8 ന് തുടങ്ങുന്ന ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ സുസുകി വിറ്റാര ആഗോള അരങ്ങേറ്റം കുറിക്കും.

ഫോട്ടോ : നിലവിലെ (നാലാം തലമുറ) സുസുകി വിറ്റാര

പുനര്‍രൂപകല്‍പ്പന ചെയ്ത ബംപര്‍, ഫ്രണ്ട് ഗ്രില്ല് എന്നിവ കൂടാതെ പരിഷ്‌കരിച്ച ഫോഗ് ലാംപുകളും പുതിയ സുസുകി വിറ്റാരയിലെ പ്രധാന മാറ്റങ്ങളാണ്. കാറിന് മുന്നില്‍ സെന്‍സര്‍ നല്‍കിയിട്ടുണ്ട്. അതായത് ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റത്തോടെയായിരിക്കും കാര്‍ വരുന്നത്. അമിത വേഗതയിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിന് ഈ സംവിധാനം സഹായിക്കും. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ (എസിസി) സിസ്റ്റവും കാറിന് നല്‍കിയേക്കും. മുന്നിലുള്ള കാറിന്റെ വേഗമനുസരിച്ച് പുതിയ സുസുകി വിറ്റാരയുടെ വേഗം ഓട്ടോമാറ്റിക്കായി കൂടുകയും കുറയുകയും ചെയ്യും.

കാറിന് പന്‍ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ കാണാം. പുതിയ ടെയ്ല്‍ ലാംപ് സെക്ഷന്‍ മുന്‍ഗാമിയേക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും. മുമ്പത്തേക്കാള്‍ ഉയര്‍ന്ന യാത്രാസുഖം ലഭിക്കുന്നതിന് കാറിന് ഉള്‍വശത്ത് പുതിയ സീറ്റുകള്‍ കാണാം. പവര്‍ട്രെയ്ന്‍ സംബന്ധിച്ചാണെങ്കില്‍, 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. മെച്ചപ്പെട്ട ഓഫ്-റോഡ് ഡ്രൈവിംഗിന് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഓപ്ഷണലായി നല്‍കും.

മാര്‍ച്ച് 8 ന് തുടങ്ങുന്ന ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ സുസുകി വിറ്റാര ആഗോള അരങ്ങേറ്റം കുറിക്കും

പുതിയ വിറ്റാര ഇന്ത്യയില്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല. 2019 മാരുതി സുസുകി വിറ്റാര എന്ന പേരിലായിരിക്കും കാര്‍ ഇന്ത്യയിലെത്തുന്നത്. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍ എന്നിവയായിരിക്കും ഇന്ത്യയിലെ എതിരാളികള്‍.

Comments

comments

Categories: Auto