ഇന്ത്യയില്‍ സ്വന്തം സ്റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഷഓമി

ഇന്ത്യയില്‍ സ്വന്തം സ്റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഷഓമി

ന്യൂഡെല്‍ഹി: കമ്പനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ ഇന്ത്യയില്‍ ആംരഭിക്കാന്‍ ചൈനീസ് ഇലക്ട്രോണിക്‌സ് ഭീമന്‍ ഷഓമി തയാറെടുക്കുന്നു. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഷഓമിയുടെ നീക്കം. ഈ വര്‍ഷം ആദ്യമാണ് സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ടിലൂടെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്, നേരത്തെയിത് 49 ശതമാനമായിരുന്നു. ഇതോടെ സര്‍ക്കാര്‍ അംഗീകാരമില്ലാതെ തന്നെ വിദേശ കമ്പനികള്‍ക്ക് സ്വന്തം റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ സാധിക്കും.

വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലുമെല്ലാം സ്വന്തം ഉടമസ്ഥതയിലുള്ള ‘ മി ഹോം’ സ്‌റ്റോറുകള്‍ ഉടന്‍ തുറക്കുമെന്ന് ഷഓമി ഇന്ത്യ എംഡി മനു ജയ്ന്‍ പറഞ്ഞു. നിലവില്‍ ഏഴ് നഗരങ്ങളിലായി 23 മി ഹോം സ്‌റ്റോറുകള്‍ കമ്പനിക്കുണ്ട്. എന്നാല്‍ ഇവയെല്ലാം ഫ്രാഞ്ചസികളുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ 16ലധികം നഗരങ്ങളിലായി 1500 മി-മുന്‍ഗണന സ്റ്റോറുകളും കമ്പനിക്കുണ്ട്. ഇവ മള്‍ട്ടി-ബ്രാന്‍ഡ് സ്‌റ്റോറുകളാണ്.

തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ഇന്ത്യയില്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഷഓമി. ബുധനാഴ്ച തങ്ങളുടെ ടെലിവിഷന്‍ ഷഓമി പുറത്തിറക്കിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇവയുടെ വില്‍പ്പന. 55 ഇഞ്ച് എല്‍ഇഡി ടിവിയുടെ വില 39,999 രൂപയാണ്. ബിസിനസ് വളരുന്നതിനനുസരിച്ച് പ്രദേശികമായി ടിവി നിര്‍മാണവും നടപ്പാക്കുമെന്നാണ് മനു ജയ്ന്‍ പറയുന്നത്.

രാജ്യത്ത് സ്വന്തമായി സ്‌റ്റോറുകള്‍ തുറക്കുന്നതിന് ഷഓമി നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കമ്പനിയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടിയതിനാല്‍ ശ്രമം തടസപ്പെടുകയായിരുന്നു. കൊറിയന്‍ കമ്പനിയായ സാംസംഗ് വര്‍ഷങ്ങളായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ പുലര്‍ത്തി വന്നിരുന്ന മേധാവിത്വത്തെ തകര്‍ത്ത് ഡിസംബര്‍ പാദത്തില്‍ ഷഓമി ഒന്നാമതെത്തിയതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ഐഡിസി റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു.

Comments

comments

Categories: Business & Economy