അര്‍ബന്‍ക്ലാപും ഹൗസ്‌ജോയും സ്വകാര്യ ലേബല്‍ ആരംഭിക്കാനൊരുങ്ങുന്നു

അര്‍ബന്‍ക്ലാപും ഹൗസ്‌ജോയും സ്വകാര്യ ലേബല്‍ ആരംഭിക്കാനൊരുങ്ങുന്നു

മുംബൈ: ഓണ്‍ ഡിമാന്റ് സേവനദാതാക്കളായ അര്‍ബന്‍ക്ലാപും ഹൗസ്‌ജോയിയും ബ്യൂട്ടി, ഗൃഹോപകരണ വിഭാഗത്തില്‍ സ്വകാര്യ ലേബലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മേഖലയില്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കുകയാണ് ലക്ഷ്യം. സേവനവിഭാഗത്തിനപ്പുറം ഉല്‍പ്പന്ന വിഭാഗത്തിലേക്കും സാന്നിധ്യം വിപുലീകരിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ ലേബലുകള്‍ അവതരിപ്പിക്കുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ നിര്‍മാതാവും വിപണനം നടത്തുന്ന കരാറുകാരനും ഒരാളായിരിക്കുമെന്നതിനാല്‍ ഗുണനിലവാരത്തില്‍ കുറവു വരാതെ തന്നെ ഉല്‍പ്പന്നത്തിന്റെ വില കുറക്കാന്‍ കഴിയുമെന്നും ഈ മേഖലയില്‍ വലിയ വരുമാന സാധ്യതയാണുള്ളതെന്നും അര്‍ബന്‍ക്ലാപ് സിഇഒ അഭിരാജ് ബാല്‍ അഭിപ്രായപ്പെട്ടു. ഗൃഹോപകരണ വിഭാഗത്തില്‍ സ്‌പെയര്‍ പാര്‍ട്‌സിലാണ് അര്‍ബന്‍ക്ലാപ് സ്വകാര്യ ലേബലുകളാരംഭിക്കുകയെന്നാണ് കരുതുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും കമ്പനിക്ക് പുതിയ വരുമാന സ്രോതസ് ലഭിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ ഡിമാന്‍ഡ് സേവന വിപണികളെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാന വിഹിതത്തിന്റെ നാലില്‍ ഒരു ഭാഗം സംഭാവന ചെയ്യുന്ന ഉല്‍പ്പന്ന വിഭാഗമാണ് ബ്യൂട്ടി മേഖല. പ്രസ്തുത പ്ലാറ്റ്‌ഫോമുകളില്‍ ഉയര്‍ന്ന വിലയുള്ള ലോട്ടസ്, സാറ കോസ്‌മെറ്റിക്‌സ്, ലോറെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വലിയ വിപണി നിലവിലുണ്ട്. ഈ ഉല്‍പ്പന്ന വിഭാഗത്തില്‍ സ്വകാര്യ ലേബലുകള്‍ അവതരിപ്പിച്ചുകൊണ്ട് ഈ വിപണിക്ക് പുറത്തേക്ക് സാന്നിധ്യം വിശാലമാക്കുകയാണ് ഈ കമ്പനികള്‍. ബ്യൂട്ടി വിഭാഗത്തില്‍ മോയ്ച്ചറൈസ്, സണ്‍സ്‌ക്രീന്‍, നൈറ്റ് ക്രീം, നെയില്‍ പെയിന്റ് , ഷാംപൂ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലാണ് ഹൗസ്‌ജോയ് സ്വകാര്യ ലേബലുകളാരംഭിക്കാന്‍ പദ്ധതിയിടുന്നത്.

Comments

comments

Categories: Business & Economy