നെല്‌ലേ ഇന്ത്യയുടെ വില്‍പ്പന വരുമാനം 10,000 കോടി കടന്നു

നെല്‌ലേ ഇന്ത്യയുടെ വില്‍പ്പന വരുമാനം 10,000 കോടി കടന്നു

ന്യൂഡെല്‍ഹി: നെസ്‌ലേ ഇന്ത്യയുടെ വാര്‍ഷിക വില്‍പ്പന വരുമാനം 10,000 കോടി രൂപ കടന്നു. കഴിഞ്ഞ വര്‍ഷം മൊത്തം 10,135.11 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. മാഗി നൂഡില്‍സ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കഫേ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരാണ് നെസ്‌ലേ.

വില്‍പ്പന വരുമാനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 59.6 ശതമാനം വര്‍ധിച്ചു. 311.83 കോടി രൂപയാണ് ഈ പാദത്തില്‍ കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാന പാദത്തില്‍ 195.41 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ പാദത്തില്‍ മൊത്തം വില്‍പ്പന വരുമാനം 10.9 ശതമാനം വര്‍ധിച്ച് 2,589.64 കോടി രൂപയായി. കയറ്റുമതി വില്‍പ്പന 12.7 ശതമാനം വര്‍ധിച്ചതായും നെസ്‌ലേ ഇന്ത്യ അറിയിച്ചു.

1912 മുതലാണ് നെസ്‌ലേ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 10,000 കോടി രൂപയിലധികം വില്‍പ്പന മൂല്യം നേടിയ നിരവധി ഫുഡ് കമ്പനികള്‍ ഇന്ത്യയിലൂണ്ട്. ഈ ക്ലബ്ബില്‍ ഇപ്പോള്‍ നെസ്‌ലേയും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. 2015ല്‍ ആരോഗ്യം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് മാഗി നൂഡില്‍സിന് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇതിനു മുന്‍പേതന്നെ നെസ്‌ലേ 10,000 കോടി സെയ്ല്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചേനെ. മാഗി നൂഡില്‍സ് നിരോധിച്ചത് കാരണം കമ്പനിക്ക് അര ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. 2014ല്‍ 9,854.84 കോടി രൂപയായിരുന്നു കമ്പനിയുടെ വില്‍പ്പന മൂല്യം. മാഗി നൂഡില്‍സുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് 2015ല്‍ ഇത് 8,175.31 കോടി രൂപയായി ചുരുങ്ങി.

Comments

comments

Categories: Business & Economy