വിവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്ന പ്രസാധകര്‍

വിവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്ന പ്രസാധകര്‍

2018ല്‍ പരിഭാഷകളിലേക്കുള്ള കേന്ദ്രീകരണം കൂടുതലായിരിക്കും

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കസിന്റെ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിന്റെ’ മില്യണ്‍ കണക്കിന് കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. പുസ്തകത്തിന്റെ കവറില്‍ മാര്‍ക്കസിന്റെ പേര് എല്ലാവരും കണ്ടു. എന്നാല്‍ ഗ്രിഗറി റബാസ എന്ന പേരിന് അധികം പ്രാധാന്യം ലഭിച്ചുകണ്ടില്ല. ഈ നോവലിന്റെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള റബാസയുടെ വിവര്‍ത്തനം സ്പാനിഷിലുള്ള യഥാര്‍ത്ഥ കൃതിയേക്കാള്‍ മികച്ചതാണെന്ന് മാര്‍ക്കസ് തന്നെ പ്രഖ്യാപിച്ചിരുന്നു. വിവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നത് വളരെ അപൂര്‍വമാണ്.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. പുസ്തകത്തിന്റെ പുറംചട്ടകളില്‍ മാത്രമല്ല ഇന്ത്യയിലെ പ്രസിദ്ധീകരണശാലള്‍ക്കും വിവര്‍ത്തകര്‍ വളരെ പ്രയങ്കരാകുന്ന സാഹചര്യത്തില്‍. പ്രമുഖ ഇന്ത്യന്‍ – ബഹുരാഷ്ട്ര പ്രസിദ്ധീകരണശാലകള്‍ അധിക വിഭവങ്ങളും പ്രത്യേക സംഘങ്ങളും ആവിഷ്‌കരിച്ച് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പ്രധാന സാഹിത്യ സൃഷ്ടികളുടെ ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനങ്ങള്‍ സമീപ വര്‍ഷങ്ങളായി ഏറെ പുറത്തുവന്നു. വായനക്കാര്‍ അംഗീകരിച്ച വിവര്‍ത്തനങ്ങളോടുള്ള അഭിനിവേശം ഈ രംഗത്തെ കൂടുതല്‍ മുന്നോട്ട് നയിക്കാനേ ഉതകൂ. അതുകൊണ്ടുതന്നെ 2018ല്‍ പരിഭാഷകളിലേക്കുള്ള കേന്ദ്രീകരണം കൂടുതലായിരിക്കും.

പെരുമാള്‍ മുരുഗന്റെ വണ്‍ പാര്‍ട്ട് വുമണ്‍ (അര്‍ധനാരീശ്വരന്‍) ആയാലും കെആര്‍ മീരയുടെ ഹാങ്കിംഗ് വുമണ്‍ (ആരാച്ചാര്‍) ആയാലും ഇന്നത്തെ ഏറ്റവും ശക്തമായ സാഹിത്യസൃഷ്ടികള്‍ പ്രാദേശിക ഭാഷകളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണെന്നും ധീരവും വിഭിന്നവും പ്രചോദിതവുമായ സാഹിത്യ പരിതസ്ഥിതികള്‍ ഇവ സൃഷ്ടിക്കുന്നുണ്ടെന്ന് സമീപ വര്‍ഷങ്ങള്‍ കാണിച്ചു തരുന്നതായും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ കമ്മീഷനിംഗ് എഡിറ്റര്‍ അംബര്‍ സാഹില്‍ ചാറ്റര്‍ജി പറഞ്ഞു. തനിക്കു ചുറ്റുമുള്ള പുരുഷന്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്നതില്‍ വിസമ്മതിച്ച സ്ത്രീയിലൂടെയായാലും കുട്ടികളില്ലാത്ത ദമ്പതികളിലൂടെയായാലും നമ്മുടെ സ്വന്തം വൈഷമ്യം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക മാത്രമല്ല, കഥ പറയുന്ന രീതിയില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി വായനാനുഭവം കൂടുതല്‍ സമ്പന്നവും ദീപ്തവുമാക്കി മാറ്റി ഈ എഴുത്തുകാരെന്നും- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള കഥകള്‍ക്കായി വായനക്കാരില്‍ പ്രത്യക്ഷമായഅഭിനിവേശമുണ്ടെന്നും ഒരു പ്രസിദ്ധീകരണശാലയെന്ന നിലയില്‍ പെന്‍ഗ്വിന്‍ ഇന്ത്യ ഇതെപ്പോഴും പരിഗണിക്കുന്നുണ്ടെന്നും ചാറ്റര്‍ജി പറഞ്ഞു.

പെന്‍ഗ്വിനിന്റെ 2018ലേക്കുള്ള പദ്ധതികളിലും പ്രതിഫലിക്കുന്നത് വിവര്‍ത്തനത്തോടുള്ള ആഭിമുഖ്യമാണ്. പ്രേംചന്ദിന്റെ ദി കംപ്ലീറ്റ് ഷോര്‍ട്ട് സ്റ്റോറീസ് ആണ് ഇവരുടെ ക്ലാസിക്കല്‍ ലിസ്റ്റിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. പ്രേംചന്ദ് എഴുതിയ എല്ലാ ചെറുകഥകളെയും ഒരുമിപ്പിക്കുന്നതിനു വേണ്ടി 70 വിവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ബൃഹത്തായ പദ്ധതിയാണിത്. തസ്ലീമ നസ്‌റിന്റെ സ്പിളിറ്റ്, കെ ആര്‍ മീരയുടെ ദി അണ്‍സീയിംഗ് ഐഡിയല്‍ ഓഫ് ലൈറ്റ്, പെരുമാള്‍ മുരുഗന്റെ വണ്‍ പാര്‍ട്ട് വുമണ്‍ എന്നിവയുള്‍പ്പെടുന്നതാണ് സമകാലിക വിവര്‍ത്തനങ്ങള്‍.

ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള സാഹിത്യരത്‌നങ്ങളോട് വായനക്കാര്‍ക്കുള്ള വളര്‍ന്നുവരുന്ന താല്‍പര്യമാണ് അടുത്തിടെ സമാപിച്ച ജെയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലും അടിവരയിടുന്നത്. പ്രശസ്ത എഴുത്തുകാരി നമിത ഗോഖലെ ഭാഷ എന്നു വിളിക്കുന്ന ഈ രംഗത്തെ കേന്ദ്രീകരിച്ചുള്ള ഡസന്‍ കണക്കിന് സെഷനുകളിലൂടെ ഇതിലെ കുതിപ്പ് വ്യക്തമായി കാണാം.

ഹാര്‍പര്‍കോളിന്‍സ് ഇന്ത്യയുടെ വിവര്‍ത്തനങ്ങളുടെ ഇംപ്രിന്റായ (trade name) പെരന്നിയല്‍ രാജ്യത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിവര്‍ത്തനത്തിനായി സമര്‍പ്പിതമായ മുദ്രയുള്ള ഇന്ത്യയിലെ ഒരേയൊരു പ്രമുഖ പ്രസാധകരാണ് തങ്ങളെന്ന് ഇതിന്റെ ലിറ്റററി എഡിറ്റര്‍ ഉദയന്‍ മിത്ര അവകാശപ്പെടുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ തങ്ങള്‍ പെരന്നിയലില്‍ നൂറിനടുത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇന്ത്യന്‍ ഭാഷകളിലെ മികച്ച ആധുനിക എഴുത്തുകാരുടെ സൃഷ്ടികള്‍ രാജ്യത്തെ മികച്ച പരിഭാഷകരിലൂടെ ഇംഗ്ലീഷിലും പ്രാപ്യമാക്കിയെന്നും അദ്ദേഹം പറയുന്നു. സാഹിത്യപരവും സാംസ്‌കാരികപരവുമായ പാരമ്പര്യമുള്ള വ്യക്തിത്വമുള്ള വ്യത്യസ്തമായ പ്രാദേശിക ഭാഷകള്‍ നമുക്കുണ്ടെന്ന് മിത്ര ചൂണ്ടിക്കാട്ടി. നമ്മുടെ സ്വന്തം ഭാഷയേക്കാള്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലൂടെയാണ് മറ്റു ഭാഷകളിലെ സാഹിത്യം ആസ്വദിക്കാന്‍ നമുക്ക് സാധിക്കുന്നതെന്നത് വളരെ വിചിത്രമാണ്. എന്നാല്‍ സത്യവുമാണ്. ഇംഗ്ലീഷിലൂടെ മാത്രമാണ് ഒരു ബംഗാളിക്ക് തമിഴ് സാഹിത്യവും അല്ലെങ്കില്‍ ഒരു മഹാരാഷ്ട്രക്കാരന് മലയാള സാഹിത്യവും വായിക്കാന്‍ സാധിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി. നിലവാരമുള്ള സാഹിത്യം ആസ്വദിക്കുന്ന എല്ലാ വായനക്കാര്‍ക്കും താല്‍പര്യമുണര്‍ത്തുന്നതും ആകര്‍ഷകമായതുമായിരിക്കും പെരന്നിയലിന്റെ വരാനിരിക്കുന്ന പ്രസിദ്ധീകരണങ്ങളെന്നും മിത്ര പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള വായനക്കാര്‍ക്ക് ലഭ്യമാകുന്നതിന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട ഇന്ത്യന്‍ രചനകളുടെ വിശാലമായ സമുദ്രം തന്നെ ഇനിയുമുണ്ടെന്ന് എല്ലാ പ്രമുഖ പ്രസാധകരും പറയുന്നു. പരിഭാഷപ്പെടുത്തിയ രചനകളില്‍ വായനക്കാരുടെ താല്‍പര്യം വര്‍ധിച്ചുവരികയാണെന്നും വരും വര്‍ഷങ്ങളില്‍ വിവര്‍ത്തന രംഗത്ത് ഗണ്യമായ പുരോഗതി കാണാന്‍ സാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്.

കടപ്പാട് : ഐഎഎന്‍എസ്

Comments

comments

Categories: Education