സാമൂഹ്യ മാധ്യമങ്ങളുടെ പ്രതിസന്ധി

സാമൂഹ്യ മാധ്യമങ്ങളുടെ പ്രതിസന്ധി

ലാഭത്തിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തരത്തിലേക്ക് സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇത് സാമൂഹ്യ മാധ്യമങ്ങളുടെ തനത് സവിശേഷതയായ തുറന്ന മനോഭാവത്തിന് വിലങ്ങുതടിയാകുമോ എന്നതാണ് പ്രശ്‌നം

കടുത്ത പ്രതിസന്ധിയാണ് ഡിജിറ്റല്‍-സാമൂഹ്യ മാധ്യമങ്ങള്‍ നേരിടുന്നത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക്. തുറന്ന നിലപാടുകളുടെ പ്രതീകമായിരുന്നു ഫേസ്ബുക്ക്. ലോകത്തെമ്പാടുമുള്ള ജനങ്ങളെ ‘കണക്റ്റ്’ ചെയ്യുന്ന മാധ്യമം എന്നതിനോടൊപ്പം തന്നെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്താനുള്ള സ്‌പേസുമായിരുന്നു അത്. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഫേസ്ബുക്ക് ഹനിക്കുന്നുവെന്ന പരാതികള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇന്ന് ശക്തമാവുകയാണ്. ഫേക്ക് ന്യൂസുകളുടെ അതിപ്രസരവും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തിയെന്ന ആരോപണങ്ങളുമെല്ലാം മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വല്ലാതെ കുഴക്കിയിരുന്നു.

ഇതിനെത്തുടര്‍ന്നെല്ലാമാണ് ഫേസ്ബുക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സുക്കര്‍ബര്‍ഗ് തീരുമാനിച്ചത്. എക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ന്യൂസ്ഫീഡുകളില്‍ കാര്യമായ മാറ്റം തന്നെ വരുത്തി. ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ഷെയര്‍ ചെയ്യുന്ന വ്യക്തിഗത പോസ്റ്റുകള്‍ കൂടുതല്‍ കാണുന്ന തരത്തിലാണ് അതിനെ മാറ്റിയത്. ഫേസ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം കൂടുതല്‍ അര്‍ത്ഥവത്താക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് സുക്കര്‍ബര്‍ഗ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നുണ്ട്. മാത്രമല്ല യഥാര്‍ത്ഥ ഐഡിയും ഫേക്ക് ഐഡിയും തിരിച്ചറിയുന്നതിനെന്ന് പറഞ്ഞ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു ഫേസ്ബുക്ക്. എന്നാല്‍ സംഗതി ഇപ്പോള്‍ ആകെ പുലിവാലാകുന്ന മട്ടാണെന്നാണ് പല ടെക്‌നോളജി വിദഗ്ധരും പറയുന്നത്. ഫേസ്ബുക്കിന്റെ നിയന്ത്രണങ്ങളുടെ തിക്തഫലം പ്രമുഖ മലയാളികള്‍ ഉള്‍പ്പെടെ അടുത്തിടെ അനുഭവിച്ചതും നാം കണ്ടു.

ആമി സിനിമയുടെ നെഗറ്റീവ് റിവ്യു പോസ്റ്റ് ചെയ്യുന്നത് ഡിലീറ്റ് ചെയ്യുന്ന നിലവാരമില്ലാത്ത പ്രവൃത്തിയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള ഈ സാമൂഹ്യ മാധ്യമത്തിന്റെ പ്രതിബദ്ധത കൂടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ എന്ന് നടിച്ചവരുടെ മുഖംമൂടി അതിനോടൊപ്പം അഴിഞ്ഞുവീണു എന്നതു വേറെക്കാര്യം. എന്തായാലും മറ്റുള്ളവരെ ദ്രോഹിക്കുന്നതോ വിദ്വേഷം പരത്തുന്നതോ ആയ പോസ്റ്റുകള്‍ മാത്രമല്ല എന്തും ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടാം, ഏത് എക്കൗണ്ടും ഡിസ്ഏബിള്‍ ചെയ്യപ്പെടാം എന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് വേണം കരുതാന്‍.

സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയില്‍ നിന്നും പിറവിയെടുത്ത ഒരു സംരംഭത്തിന് ചേര്‍ന്നതല്ല ഇത്. ഫ്രാന്‍സില്‍ ഒരു എക്കൗണ്ട് ഡിസ്ഏബിള്‍ ചെയ്തതിന് ഇപ്പോള്‍ കോടതി കയറിയിറങ്ങുകയാണ് ഫേസ്ബുക്ക്. ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് ഫേസ്ബുക്കില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ടീനേജുകാരുടെ എണ്ണം. ഫേസ്ബുക്ക് എക്കൗണ്ട് ഉപേക്ഷിച്ച് പോകുന്ന യുവാക്കളുടെ എണ്ണം വല്ലാതെ കൂടുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഉള്ളടക്കങ്ങളിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ഒരു ബഹുരാഷ്ട്ര കമ്പനി ഭീമന്‍ ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഇനി മുതല്‍ പരസ്യം നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പറഞ്ഞതു ശ്രദ്ധേയമാണ്. മനുഷ്യരെ തമ്മില്‍ വിഭജിക്കുന്നതും വംശീയവെറി പ്രോത്സാഹിപ്പിക്കുന്നതുമായ കണ്ടന്റുകള്‍ തുടച്ചുനീക്കണമെന്നും ഇല്ലെങ്കില്‍ നല്‍കുന്ന പരസ്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്നാണ് യൂണിലിവറിന്റെ നിലപാട്.

കഴിഞ്ഞ വര്‍ഷം മൊത്തം 9.4 ബില്യണ്‍ ഡോളറാണ് യൂണിലിവര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. ഇതിന്റെ മൂന്നിലൊരു ഭാഗവും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു തീരുമാനം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആശങ്കയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വിദ്വേഷം പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫേസ്ബുക്കില്‍ നിരോധിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ഇത്തരം പ്ലാറ്റ്‌ഫോമില്‍ ഇടമില്ലാതാകുന്നത് ആശാസ്യമല്ല. അതിലേക്കല്ല നിയന്ത്രണങ്ങള്‍ നീളേണ്ടത്. വ്യാജ എക്കൗണ്ടുകള്‍ ഏത് യഥാര്‍ത്ഥ എക്കൗണ്ടുകള്‍ ഏത് എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഫേസ്ബുക്ക് തന്നെയാണ് മെച്ചപ്പെടുത്തേണ്ടതും.

Comments

comments

Categories: Editorial