ഹൃദയത്തില്‍ നിന്നുള്ള സംഗീതം

ഹൃദയത്തില്‍ നിന്നുള്ള സംഗീതം

ജീവിതവും പ്രണയവും വിഷാദവും നിഴലിക്കുന്ന ഗസലുകള്‍ പലപ്പോഴും നമ്മുടെ ഹൃദയത്തെ നുറുക്കാറുണ്ട്. ഒരു വിഷാദഗാനം പോലെ നോവുണര്‍ത്തുന്നതായിരുന്നു ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന മിര്‍സാ ഗാലിബിന്റെ ജീവിതവും. മുഗള്‍ ഡെല്‍ഹിയിലെ ആസ്ഥാന കവിയായിരുന്ന ഗാലിബ് ലോകത്തോട് വിടപറഞ്ഞിട്ടിത് 149ാം വര്‍ഷം.

മുഗള്‍ കാലഘട്ടങ്ങളിലെ ജീവിതം തന്റെ വരികളിലൂടെ കുറിച്ചിട്ടു മിര്‍സ ഗാലിബ്. ബ്രിട്ടീഷുകാരുടെ ഡെല്‍ഹി പിടിച്ചടക്കല്‍, അതിനു ശേഷവുമുള്ള നഗരത്തിന്റെ നശീകരണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവും ശോകാത്മവുമായ വിവരണം ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്. സൂഫിമാര്‍ഗ്ഗത്തിന്റെ വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമികനേതാക്കളെ തന്റെ രചനകളില്‍ക്കൂടി വിമര്‍ശിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന ഡല്‍ഹി കോളേജില്‍ പേര്‍ഷ്യന്‍ അധ്യപകനായി ഗാലിബിന് ജോലി ലഭിച്ചെങ്കിലും, ഇംഗ്ലീഷുകാര്‍ തന്റെ പ്രഭുത്വത്തെ ബഹുമാനിക്കുന്നില്ലെന്ന പരാതിയില്‍ അദ്ദേഹം അത് സ്വീകരിച്ചില്ല. അക്കാലത്തെ ഡല്‍ഹിയിലെ ഇസ്ലാമികപണ്ഡിതരില്‍ നിന്ന് വ്യത്യസ്തമായി പാശ്ചാത്യആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്.

വളരെ കുത്തഴിഞ്ഞ വ്യക്തിജീവിതമായിരുന്നു ഗാലിബ് നയിച്ചിരുന്നത്. മദ്യപാനവും വ്യഭിചാരവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരില്‍ അദ്ദേഹം തടവിലാക്കപ്പെട്ടു. എന്നാല്‍ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം. ഏഴുവയസ് തികയുന്നതിനു മുന്നേ കവിതയെഴുതിത്തുടങ്ങിയ ഗാലിബിന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കലയ്ക്കായി നീക്കിവച്ചതായിരുന്നു. 1865 ഫെബ്രുവരി 15ന് മരണപ്പെട്ട് 149 വര്‍ഷങ്ങള്‍ക്കിപ്പുറവും കലാപരമായും ചരിത്രപരമായും പ്രാധാന്യമുള്ള രചനകളിലൂടെ അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നു.

Comments

comments

Categories: World