ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കിയേക്കും

ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കിയേക്കും

ന്യൂഡെല്‍ഹി: ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിളവെടുപ്പു കാലം തുടങ്ങിയതോടെ രാജ്യത്ത് ഇറക്കുമതി വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് നിലവില്‍ 20 ശതമാനമുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കാന്‍ നിക്കമിടുന്നത്. വകുപ്പ് സെക്രട്ടറിമാരുടെ ഒരു സമിതി ഇതുസംബന്ധിച്ച നിര്‍ദേശം ഉടന്‍തന്നെ പരിഗണിച്ചേക്കും.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഭക്ഷ്യ, കാര്‍ഷിക, വാണിജ്യ മന്ത്രാലയ സെക്രട്ടറിമാര്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷ. മന്ത്രിതല സമിതിയുടെ അവസാന യോഗത്തില്‍ ഗോതമ്പിന്റെ ഇറക്കുമതി തീരുവ 40 ശതമാനമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ വിളവിറക്കല്‍ പൂര്‍ത്തിയാകാത്തതിനാലും ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാത്തതിനാലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവച്ചെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

2016 -17 സാമ്പത്തിക വര്‍ഷത്തില്‍ 5.75 മില്യണ്‍ ടണ്‍ ഗോതമ്പാണ് ഇന്ത്യ ഇറക്കുമതി ചെയതത്. 2015-16 കാലയളവില്‍ ഇത് 518,000 ടണ്‍ ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ – ഒക്‌റ്റോബര്‍ കാലയളവില്‍ 1.15 മില്യണ്‍ ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്.
20 ശതമാനം തീരുവ നല്‍കിയതിനു ശേഷം ടണ്ണിന് 18500 രൂപയെന്ന തോതിലാണ് കരിങ്കടല്‍ മേഖലകളില്‍ നിന്നുള്ള ഗോതമ്പ് ബെംഗളൂരുവില്‍ ലഭ്യമാകുന്നത്. മധ്യപ്രദേശില്‍ ഉല്‍പ്പാദിപ്പിക്കുന്ന ടണ്ണിന് 20200 രൂപ വിലയുള്ള ഗോതമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

ക്വിന്റലിന് 200 രൂപ എന്ന തോതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കുള്ള താങ്ങുവിലയില്‍ ബോണസ് പ്രഖ്യാപിച്ചതോടെ പ്രാദേശിക ഗോതമ്പിന്റെ വില ടണ്ണിന് 20200 രൂപയായി വര്‍ധിക്കുമെന്നാണ് മില്‍ ഉടമകള്‍ കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ചില ഇറക്കുമതി കരാറുകള്‍ നടക്കുമെന്ന്് വ്യാപാരികള്‍ പറഞ്ഞു. എന്നിരുന്നാലും ഇറക്കുമതി തീരുവയേയും ബോണസിനോട് എങ്ങനെ വിപണി പ്രതികരിക്കുന്നുവെന്നതിനേയും ആശ്രയിച്ചിരിക്കും കരാറുകളും മറ്റുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy