റോള്‍സ് റോയ്‌സ് എസ്‌യുവി കുള്ളിനന്‍ തന്നെ

റോള്‍സ് റോയ്‌സ് എസ്‌യുവി കുള്ളിനന്‍ തന്നെ

കുള്ളിനന്‍ എന്ന 3,106 കാരറ്റ് വജ്രത്തില്‍നിന്നാണ് പേര് സ്വീകരിച്ചത്

ഗുഡ്‌വുഡ് (ഇംഗ്ലണ്ട്) : ലക്ഷ്വറി ബ്രാന്‍ഡായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവിയുടെ പേര് കുള്ളിനന്‍ എന്ന് തീരുമാനിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കുള്ളിനന്‍ എന്ന വജ്രത്തില്‍നിന്നാണ് റോള്‍സ് റോയ്‌സ് തങ്ങളുടെ പുതിയ മോഡലിന് പേര് സ്വീകരിച്ചത്. 1905 ല്‍ ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍നിന്നാണ് 3,106 കാരറ്റ് വജ്രം കണ്ടെത്തിയത്.

അസാധാരണമായ പുതിയ ഉല്‍പ്പന്നത്തിന് ഏറ്റവും ഉചിതമായ പേരാണ് കുള്ളിനന്‍ എന്ന് റോള്‍സ് റോയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോര്‍സ്റ്റന്‍ മുള്ളര്‍-ഒറ്റ്‌വോസ് പറഞ്ഞു. ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും മരുഭൂമികളിലും ആര്‍ട്ടിക് മേഖലയിലെ മഞ്ഞുറഞ്ഞ സ്ഥലങ്ങളിലും സ്‌കോട്ടിഷ് ഹൈലാന്‍ഡുകളിലെ താഴ്‌വരകളിലും കുള്ളിനന്‍ ഇതിനകം വ്യാപകമായി പരീക്ഷണ ഓട്ടം നടത്തി.

റോള്‍സ് റോയ്‌സിന്റെ ബ്രാന്‍ഡ് ന്യൂ അലുമിനിയം സ്‌പേസ്‌ഫ്രെയിമില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വാഹനമാണ് കുള്ളിനന്‍

റോള്‍സ് റോയ്‌സിന്റെ ബ്രാന്‍ഡ് ന്യൂ അലുമിനിയം സ്‌പേസ്‌ഫ്രെയിമില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വാഹനമാണ് കുള്ളിനന്‍ എസ്‌യുവി. പുതു തലമുറ ഫാന്റമാണ് ആദ്യ വാഹനം. ‘ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി’ എന്നാണ് അലുമിനിയം സ്‌പേസ്‌ഫ്രെയിമിനെ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. ഫാന്റം ഉപയോഗിക്കുന്ന 6.8 ലിറ്റര്‍ വി12 എന്‍ജിന്‍ തന്നെയായിരിക്കും കുള്ളിനന്‍ എസ്‌യുവിക്ക് നല്‍കുന്നത്. റോള്‍സ് റോയ്‌സിന്റെ ഉടമസ്ഥരായ ബിഎംഡബ്ല്യു ഭാവിയില്‍ തങ്ങളുടെ ഹൈബ്രിഡ് പവര്‍ട്രെയ്‌നുകള്‍ കുള്ളിനന്‍ എസ്‌യുവിയില്‍ നല്‍കിയേക്കും. ഡീസല്‍ എന്‍ജിന് തീരെ സാധ്യതയില്ല. ബെന്റ്‌ലി ബെന്റായ്ഗയായിരിക്കും കുള്ളിനന്‍ എസ്‌യുവിയുടെ പ്രധാന എതിരാളി.

Comments

comments

Categories: Auto