2017 ഡിസംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 25,600 ബാങ്ക് തട്ടിപ്പ് കേസുകള്‍

2017 ഡിസംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 25,600 ബാങ്ക് തട്ടിപ്പ് കേസുകള്‍

മുംബൈ: 2012നും 2016നുമിടയില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് തട്ടിപ്പ് മൂലം നഷ്ടമായത് 227.43 ബില്യണ്‍ രൂപയെന്ന് റിപ്പോര്‍ട്ട്. ഐഐഎം ബെംഗളുര്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഐഐഎം പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2017 ഡിസംബര്‍ 21 വരെയുള്ള കണക്കുകള്‍ പ്രകാരം 1.79 ബില്യണ്‍ രൂപയുടെ 25,600 ബാങ്ക് തട്ടിപ്പ് കേസുകളാണ് നടപ്പു സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ ചൂണ്ടിക്കാട്ടി ഇലക്ട്രോണിക്‌സ്- ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ നേരത്തെ അറിയിച്ചിരുന്നു.

2017 മാര്‍ച്ചില്‍ ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016-17ലെ ആദ്യത്തെ ഒമ്പത് മാസക്കാലയളവില്‍ ഒരു ലക്ഷം രൂപയോ അതിന് മുകളിലോ വരുന്ന തുകയുടെ 455 തട്ടിപ്പ് കേസുകളാണ് ഐസിഐസിഐ ബാങ്കില്‍ നിന്ന് കണ്ടെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ നിന്ന് 429 കേസുകളും, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് 244 കേസുകളും, എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് 237 കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എസ്ബിഐയിലെ 64 ജീവനക്കാരും, എച്ച്ഡിഎഫ്‌സി ബാങ്കിലെ 49 ജീവനക്കാരും ആക്‌സിക് ബാങ്കിലെ 35 ജീവനക്കാരും ഈ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെടുന്നു. 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്തമായി 177.50 ബില്യണ്‍ രൂപ മൂല്യമുള്ള 3,870 തട്ടിപ്പ് കേസുകളാണ് കണ്ടെത്തിയത്. 450 ബാങ്കിംഗ് ജീവനക്കാര്‍ ഈ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഐഡിബിഐ എന്നീ ബാങ്കുകളിലെ ചില എക്‌സിക്യൂട്ടീവുകള്‍ 10,000 വ്യാജ എക്കൗണ്ടുകള്‍ സൃഷ്ടിച്ച് 1.5 ബില്യണ്‍ രൂപയുടെ വായ്പാ ഇടപാടുകള്‍ നടത്തിതായി 2011ല്‍ സിബിഐ കണ്ടെത്തിയിരുന്നു. വിവിധ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ 2014ല്‍ മുംബൈ പൊലീസ് ഒമ്പത് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സ്ഥിര നിക്ഷേപങ്ങളിലായി 7 ബില്യണ്‍ രൂപയുടെ തട്ടിപ്പ് ഈ കേസുകളില്‍ നടന്നെന്നാണ് കണക്കാക്കുന്നത്.

സിന്‍ഡിക്കേറ്റ് ബാങ്കില്‍ 386 എക്കൗണ്ടുകള്‍ തുറന്ന നാല് പേര്‍ ചേര്‍ന്ന് 2016ല്‍ 10 ബില്യണ്‍ രൂപയുടെ തട്ടിപ്പ് നടത്തിയതും, യുണൈറ്റഡ് ബ്രെവറീസ് മുന്‍ ചെയര്‍മാന്‍ വിജയ് മല്യയടക്കമുള്ള 11 പേര്‍ മൊത്തം 9.5 ബില്യണ്‍ രൂപ ഐഡിബിഐക്കുള്ള വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതും കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്കിംഗ് രംഗത്തുണ്ടായ പ്രധാന തട്ടിപ്പ് കേസുകളാണ്. 20 ബാങ്കുകള്‍ക്ക് 22.23 ബില്യണ്‍ രൂപയുടെ നഷ്ടം വരുത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ പ്രമുഖ ബിസിനസുകാരനായ നിലേഷ് പരേഖിനെ കഴിഞ്ഞ വര്‍ഷം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മരുന്നുകമ്പനിക്കു നല്‍കിയ 5 ബില്യണ്‍ രൂപയുടെ വായ്പ നിയമവിരുദ്ധമായി ചെലവാക്കിയതു സംബന്ധിച്ച കേസില്‍ ആന്ധ്ര ബാങ്ക് മുന്‍ ഡയറക്റ്ററെ 2018 ജനുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

 

Comments

comments

Categories: Banking