പിഇ/വിസി നിക്ഷേപങ്ങള്‍ 3.5 ബില്യണ്‍ ഡോളറായി

പിഇ/വിസി നിക്ഷേപങ്ങള്‍ 3.5 ബില്യണ്‍ ഡോളറായി

ന്യൂഡെല്‍ഹി: സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ (പിഇ/വിസി) നിക്ഷേപങ്ങള്‍ ജനുവരിയില്‍ 3.5 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. 51 ഓളം ഇടപാടുകളില്‍ നിന്നാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 98 ശതമാനം വര്‍ധനവാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2017 ജനുവരിയില്‍ 1.2 ബില്യണ്‍ ഡോളറായിരുന്നു പിഇ/വിസി നിക്ഷേപങ്ങളുടെ മൂല്യം. 100 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള വന്‍ ഇടപാടുകളാണ് പ്രവര്‍ത്തനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയതെന്നും സാമ്പത്തിക സേവന മേഖലയാണ് ഇതില്‍ മുന്നിട്ട് നിന്നതെന്നും ഇവൈയുടെ പ്രതിമാസ പിഇ ഡീല്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് പറയുന്നു.

ജിഐസി, കെകെആര്‍, സിപിപിഐബി, ഒന്റാറിയോ മുനിസിപ്പല്‍ എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം, കാര്‍മിഗ്നാക് ഗ്രൂപ്പ്, പ്രേംജി ഇന്‍വെസ്റ്റ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരുസംഘം നിക്ഷേപകര്‍ ഇന്ത്യയുടെ പ്രീമിയം മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സിയില്‍ നടത്തിയ 1.7 ബില്യണ്‍ രൂപയുടെ വന്‍ നിക്ഷേപമാണ് ഈ വര്‍ധനവിന്റെ മുഖ്യപങ്കും സംഭാവന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജനുവരിയില്‍ 970 മില്യണ്‍ ഡോളറിന്റെ 26 പിന്‍വലിക്കലുകളാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരിയെ അപേക്ഷിച്ച് 10 ശതമാനവും ഡിസംബറിനെ അപേക്ഷിച്ച് 42 ശതമാനവും വര്‍ധനവാണിത്. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 15, ഡിസംബറില്‍ 22 എന്നിങ്ങനെയായിരുന്നു പുറത്തുകടക്കലുകള്‍. മേഖല തിരിച്ചുള്ള കണക്കെടുക്കുകയാണെങ്കില്‍ വ്യാസായിക ഉല്‍പ്പന്നങ്ങളിലെ ആറ് ഇടപാടുകളില്‍ നിന്നും ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ നാല് ഇടപാടുകളില്‍ നിന്നും പുറത്തുകടക്കലുണ്ടായി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടെക്‌നോളജിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം പിന്‍വലിക്കല്‍ ഉണ്ടായത്. 332 മില്യണ്‍ ഡോളറിന്റെ പിന്‍വരലിക്കലാണ് ജനുവരിയില്‍ ടെക്‌നോളജിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2017 ഡിസംബറില്‍ മാന്ദ്യത്തിലായിരുന്നുവെങ്കിലും പിഇ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ഉയര്‍ച്ച നേടിയെന്ന് ഇവൈയിലെ സ്വകാര്യ ഇക്വിറ്റി അഡൈ്വസറി മേധാവിയും പാര്‍ട്ണറുമായ വിവേക് സോണി പറയുന്നു. 2018ന്റെ ആദ്യ മാസത്തില്‍ തന്നെ വന്‍ മൂല്യമുള്ള നിക്ഷേപങ്ങള്‍ നേടാനായി. മേഖലാടിസ്ഥാനത്തില്‍ സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത്‌കെയര്‍ എന്നിവ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നത് തുടര്‍ന്നുവെന്നും അദ്ദേഹം പറയുന്നു.

വലിയ പെന്‍ഷന്‍ ഫണ്ടുകളും സോവറിന്‍ വെല്‍ത്ത് ഫണ്ടുകളും ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വന്‍ മൂല്യത്തിലുള്ള ഇടപാടുകള്‍ തുടരുകയും ചെയ്യുന്നതിനാല്‍ പിഐപിഇ ഇടപാട് മൂല്യത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോണി വ്യക്തമാക്കി.

Comments

comments

Categories: Business & Economy