പെപ്‌സികോ മികച്ച വളര്‍ച്ച നേടിയെന്ന് ഇന്ദ്രാ നൂയി

പെപ്‌സികോ മികച്ച വളര്‍ച്ച നേടിയെന്ന് ഇന്ദ്രാ നൂയി

ന്യൂഡെല്‍ഹി: 2017 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ ഇടത്തരം ഒറ്റയക്ക വളര്‍ച്ച സ്വന്തമാക്കി പെപ്‌സികോ ഇന്ത്യ. മെക്‌സിക്കോയിലും ഇന്ത്യയിലും സ്ഥിരതയുള്ള ഇടത്തരം ഒറ്റയക്ക വളര്‍ച്ച നേടിയതായി കമ്പനി സിഇഒയും ചെയര്‍മാനുമായ ഇന്ദ്ര നൂയി പറഞ്ഞു. ജിഎസ്ടിക്കു ശേഷം ഇന്ത്യന്‍ വിപണി തിരിച്ചുവരികയാണെന്നും മെച്ചപ്പെട്ട മാക്രോ ഇക്കണോമിക് സാഹചര്യത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡിസംബറിലവസാനിച്ച പാദത്തില്‍ ഇന്ത്യയില്‍ നടന്ന ആസ്തി വില്‍പ്പന കാരണം കമ്പനിയുടെ ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (എഎംഇഎന്‍എ) ഡിവിഷനുകള്‍ അനുകൂലമായ നേട്ടം സ്വന്തമാക്കിയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മുംബൈയിലെ ചെമ്പൂരിലുള്ള പ്രവര്‍ത്തന രഹിതമായ ഒരു ഫാക്റ്ററി പെപ്‌സികോ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ വാധ ഗ്രൂപ്പിന് വിറ്റിരുന്നു. പെപ്‌സികോ ബ്രാന്‍ഡായ ഡ്യൂക്ക് എന്ന പാനീയം ഉല്‍പ്പാദിപ്പിക്കുന്നതിനായി സ്ഥാപിച്ച ഫാക്റ്ററിയുടെ പ്രവര്‍ത്തനം 2014 മുതലാണ് നിലച്ചത്.

ജോര്‍ദ്ദാന്‍ റീഫ്രാഞ്ചൈസിംഗ്, ഉല്‍പ്പാദന നേട്ടം, ഇന്ത്യയിലെ ആസ്തി വില്‍പന എന്നിവ പെപ്‌സികോയ്ക്ക് അനുകൂലമായി പ്രതിഫലിച്ചു. നാലാം പാദത്തില്‍ ആറു ശതമാനം വളര്‍ച്ചയാണ് കമ്പനിയുടെ എഎംഇഎന്‍എ ഡിവിഷന്‍ നേടിയെടുത്തത്. വര്‍ഷം മുഴുവന്‍ മേഖലയില്‍ വരുമാനത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണുണ്ടായത്. 2017ല്‍ അക്വാ വൈറ്റമിന്‍ സ്പ്ലാഷ്, മിറിന്‍ഡ ജ്യൂസി എന്നിവ ഉള്‍പ്പെടെയുള്ള ഏതാനും പുതിയ ഉല്‍പ്പന്നങ്ങള്‍ പെപ്‌സികോ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy