സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം നല്‍കണമെന്ന് പിഎംഒ

സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം നല്‍കണമെന്ന് പിഎംഒ

ന്യൂഡെല്‍ഹി: ബജറ്റില്‍ അനുവദിച്ച വിഹിതത്തിലൂടെ തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട മേഖലകളില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണവും തൊഴിലുകളുടെ സ്വാഭാവവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. നിതി ആയോഗ് തയാറാക്കിയ ഫലം അധിഷ്ഠിതമാക്കിയുള്ള ബജറ്റ് സ്ട്രാറ്റജിയുടെ ഭാഗമായാണിത്. കൃത്യമായ ലക്ഷ്യം കണക്കാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇത് സര്‍ക്കാരിനെ സഹായിക്കും.

റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടാന്‍ പോകുന്ന തൊഴിലവസരങ്ങള്‍ സംബന്ധിച്ച കരട് റിപ്പോര്‍ട്ട് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ചെറിയ മാറ്റങ്ങളോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റെയല്‍വേ, ഗ്രാമ വികസന, നഗരവികസന, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രധാന്‍മന്ത്രി മുദ്ര യോജനയുടെ സഹായത്തോടെ സ്വയം തൊഴില്‍ കണ്ടെത്തുന്നവരുടെ എണ്ണം കണക്കാക്കാന്‍ തൊഴില്‍ മന്ത്രാലയം ഇതിനകം ലേബര്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ തൊഴില്‍ വളര്‍ച്ച സംബന്ധിച്ച് ഉയര്‍ന്നുവന്ന ആശങ്കകളും വിമര്‍ശനങ്ങളും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിലൂടെ രാജ്യത്ത് നിരവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസന പ്രൊജക്റ്റുകളിലൂടെയും സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെയും രാജ്യത്ത് പ്രതിവര്‍ഷം കുറഞ്ഞത് അഞ്ച് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

2015ല്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണം ആറ് വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലായിരുന്നു. 1,35,000 തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടത്. 2014ല്‍ 4,21,000വും 2013ല്‍ 4,19,000വും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്താണിത്. 2016 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലായിരുന്നു, അഞ്ച് ശതമാനം. 2014 സാമ്പത്തിക വര്‍ഷം 4.9 ശതമാനവും 2013 സാമ്പത്തിക വര്‍ഷം 4.7 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ലേബര്‍ ബ്യൂറോ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy