മെന്‍സ ലുകാട്ടിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മെന്‍സ ലുകാട്ടിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

പേടിഎം മാള്‍ വഴി പ്രീ-ബുക്കിംഗ് നടത്താം. അഹമ്മദാബാദ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പാണ് മെന്‍സ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : മെന്‍സ മോട്ടോഴ്‌സിന്റെ ലുകാട്ട് എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. അഹമ്മദാബാദ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പാണ് മെന്‍സ മോട്ടോഴ്‌സ്. മെന്‍സയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ലുകാട്ട്. പേടിഎം മാള്‍ വഴി പ്രീ-ബുക്കിംഗ് നടത്താം. 2018 അവസാന പാദത്തില്‍ ഡെലിവറി ചെയ്തു തുടങ്ങും.

പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കി ഈ മാസം 28 വരെ ടോപ് വേരിയന്റ് ബുക്ക് ചെയ്യാം. 2,79,999 രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില. പ്രതിമാസം 4,000 രൂപ നല്‍കി ബാറ്ററി വാടയ്ക്ക് എടുക്കാനും കഴിയും. അങ്ങനെയെങ്കില്‍ മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില 1,79,999 രൂപയായി കുറയും. ബെംഗളൂരു, പുണെ, ലഖ്‌നൗ, ഗോവ, മുംബൈ, ഡെല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ഭോപാല്‍, അമൃത്‌സര്‍, ചണ്ഡീഗഢ്, നൈനിറ്റാള്‍, നാഗ്പുര്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വഴി മെന്‍സ ലുകാട്ട് ബുക്ക് ചെയ്യാം.

കഴിഞ്ഞ ദിവസം സമാപിച്ച ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മെന്‍സ ലുകാട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പേടിഎം മാളുമായി സഹകരിക്കുന്നതിലൂടെ രണ്ടാം നിര നഗരങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനാകുമെന്ന് മെന്‍സ മോട്ടോഴ്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാഹുല്‍ ഗോണ്‍സാല്‍വ്‌സ് പറഞ്ഞു.

പതിനായിരം രൂപ നല്‍കി ഈ മാസം 28 വരെ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. 2,79,999 രൂപയാണ് എക്‌സ് ഷോറൂം വില

ഏത് വോള്‍ സോക്കറ്റിലും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് മെന്‍സ ലുകാട്ട്. മോട്ടോര്‍സൈക്കിളിലെ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 18 കിലോവാട്ട് (24 ബിഎച്ച്പി) കരുത്തും പരമാവധി 60 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ടോപ് സ്പീഡ്. 72 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി സിറ്റി റൈഡിംഗ് സമയത്ത് 100 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കും. ഹൈവേയിലാണെങ്കില്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

Comments

comments

Categories: Auto