ബോണ്ട് വരുമാന വര്‍ധന ബാങ്കുകള്‍ക്ക് 30,500 കോടി രൂപയുടെ നഷ്ടം വരുത്തും

ബോണ്ട് വരുമാന വര്‍ധന ബാങ്കുകള്‍ക്ക് 30,500 കോടി രൂപയുടെ നഷ്ടം വരുത്തും

മുംബൈ: ബോണ്ട് വരുമാനത്തിലെ തുടര്‍ച്ചയായ വര്‍ധനവ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ 30,500 കോടി രൂപ കുറയ്ക്കുമെന്നും പൊതുമേഖലാ വായ്പാദാതാക്കള്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുമെന്നും ഇന്ത്യാ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. നഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നത് നടപ്പു സാമ്പത്തിക വര്‍ഷവും പൊതുമേഖലാ ബാങ്കുകള്‍ തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 59,800 കോടി രൂപയാണ് ട്രഷറി നേട്ടമായി ബാങ്കുകള്‍ രേഖപ്പെടുത്തിയിരുന്നത്.

10 വര്‍ഷത്തെ ബെഞ്ച്മാര്‍ക് വരുമാനം ജനുവരിയില്‍ 7.60 ശതമാനമായി ഉയര്‍ന്നു. 2017 ജൂലൈയിലിത് 6.50 ശതമാനമായിരുന്നു. 110 അടിസ്ഥാന പോയ്ന്റുകളുടെ ഉയര്‍ച്ചയാണ് ബെഞ്ച്മാര്‍ക് വരുമാനത്തിലുണ്ടായത്. കഴിഞ്ഞ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ബോണ്ട് വരുമാനത്തിന്റെ പെട്ടെന്നുള്ള വര്‍ധനവില്‍ വലിയ തോതില്‍ നഷ്ടമുണ്ടായി. മാര്‍ച്ച് പാദത്തില്‍ ബാങ്കുകളുടെ ട്രഷറി വരുമാനത്തില്‍ കൂടുതല്‍ നഷ്ടങ്ങള്‍ വരുത്തുന്നതിന് ഇത് ഇടയാക്കും. 2019 സാമ്പത്തിക വര്‍ഷത്തിലും ഈ ഇടിവ് പ്രതിഫലിക്കും. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ 30,500 കോടി രൂപയുടെ കുറവ് ഇതുമൂലം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ആസ്തി വരുമാനത്തില്‍ 30 ബേസിസ് പോയ്ന്റുകളുടെ കുറവും വരുത്തുമെന്നും ഇന്ത്യാ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇടത്തരം വലുപ്പമുള്ള ബാങ്കുകളെയാണ് ഇത് കാര്യമായി ബാധിക്കുക. മൊത്തം നഷ്ട സാധ്യതയില്‍ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 2018 സാമ്പത്തിക വര്‍ഷത്തില്‍ 24,800 കോടി രൂപയായിരിക്കും. സ്വകാര്യ മേഖലാ ബാങ്കുകളുടെ നഷ്ടം 5,700 കോടി രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ട്രഷറി വരുമാനത്തിലെ നഷ്ടം ബാങ്ക് റീകാപിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. പുതിയ എക്കൗണ്ടിംഗ് നിലവാരങ്ങളിലേക്കുള്ള മാറ്റം, പ്രൊവിഷനുകളിലെ ഉയര്‍ച്ച എന്നിവ മൂലം അധേിക ഭാരം ബാങ്കുകള്‍ക്ക് ഉണ്ടാകും. വര്‍ധിച്ചു വരുന്ന പ്രൊവിഷനിംഗിനായി വാണിജ്യ ബാങ്കുകള്‍ക്ക് 89,000 കോടി രൂപയോളം ആവശ്യമുണ്ട്.

Comments

comments

Categories: Banking