ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് വില കുറയും

ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് വില കുറയും

കസ്റ്റംസ് തീരുവ അമ്പത് ശതമാനമായി കുറച്ചു

ന്യൂ ഡെല്‍ഹി : ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറയും. കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസ് തീരുവ അമ്പത് ശതമാനമായി കുറച്ചതോടെയാണിത്. ഇറക്കുമതി ചെയ്യുന്ന 800 സിസിക്കും അതിന് താഴെയും എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 60 ശതമാനം തീരുവയും 800 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 75 ശതമാനം കസ്റ്റംസ് തീരുവയുമാണ് ഇതുവരെ ചുമത്തിയിരുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്യുന്ന (സിബിയു) ഈ രണ്ട് വിഭാഗം മോട്ടോര്‍സൈക്കിളുകളുടെയും കസ്റ്റംസ് തീരുവ അമ്പത് ശതമാനമായി കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) വിജ്ഞാപനം ചെയ്തു.

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റ് എന്ന നിലയില്‍ എന്‍ജിന്‍, ഗിയര്‍ബോക്‌സ്/ട്രാന്‍സ്മിഷന്‍ മെക്കാനിസം എന്നിവയുടെ ഇറക്കുമതി തീരുവ 25 ശതമാനമായും കുറച്ചിട്ടുണ്ട്. നേരത്തെ 30 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ. അതേസമയം പ്രാദേശിക അസ്സംബഌംഗ് പ്രോത്സാഹിപ്പിക്കുന്നതിന് പ്രീ-അസ്സംബ്ള്‍ ചെയ്യാത്ത എന്‍ജിന്‍, ഗിയര്‍ബോക്‌സ്, ട്രാന്‍സ്മിഷന്‍ മെക്കാനിസം എന്നിവയുടെ കസ്റ്റംസ് തീരുവ പത്ത് ശതമാനത്തില്‍നിന്ന് 15 ശതമാനമായി സിബിഇസി വര്‍ധിപ്പിച്ചു.

പ്രീ-അസ്സംബ്ള്‍ ചെയ്യാത്ത എന്‍ജിന്‍, ഗിയര്‍ബോക്‌സ്, ട്രാന്‍സ്മിഷന്‍ മെക്കാനിസം എന്നിവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ചു

ഇതോടെ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്, ബിഎംഡബ്ല്യു മോട്ടോറാഡ്, അപ്രീലിയ തുടങ്ങിയ കമ്പനികളുടെ ബൈക്കുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്. കാവസാക്കി, സുസുകി, യമഹ എന്നിവയുടെ ചില മോഡലുകള്‍ ഇന്ത്യയില്‍ അസ്സംബ്ള്‍ ചെയ്യുന്നില്ല.

Comments

comments

Categories: Auto