ഫേസ്ബുക്ക് ഇന്ത്യ മുന്‍ മേധാവി ഉമംഗ് ബേദി പ്രസിഡന്റായി ഡെയ്‌ലിഹണ്ടിലേക്ക്

ഫേസ്ബുക്ക് ഇന്ത്യ മുന്‍ മേധാവി ഉമംഗ് ബേദി പ്രസിഡന്റായി ഡെയ്‌ലിഹണ്ടിലേക്ക്

ബെംഗളുരു: ഫേസ്ബുക്ക് ഇന്ത്യയുടെ മുന്‍ മേധാവി ഉമഗ് ബേദിയെ ന്യൂസ് അഗ്രഗേറ്റിംഗ് ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടിന്റെ പ്രസിഡന്റായി നിയമിച്ചു. നിലവില്‍ 80 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഡെയ്‌ലിഹണ്ടിനുള്ളത്. ‘ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കുക, സാന്നിധ്യം വിപുലീകരിക്കുക, വരുമാനം ഉയര്‍ത്തുക എന്നീ മൂന്ന് കാര്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുക. പരസ്യ ഇടത്തില്‍ മികച്ച വിപണി വിഹിതം സ്വന്തമാക്കാന്‍ ഡെയ്‌ലിഹണ്ടിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ബേദി പറഞ്ഞു.

ഇന്ത്യക്ക് പുറമേ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല കൂടി ഫേസ്ബുക്കില്‍ ബേദിക്കുണ്ടായിരുന്നു. ഔദ്യോഗികമായി ജനുവരിയിലാണ് ഉമംഗ് ബേദി ഫേസ്ബുക്ക് പദവിയില്‍ നിന്നും വിട്ടത്. അഡോബ്, ഇന്‍ട്യൂട്, സിമാന്‍ടെക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിലുള്ള ഉമംഗിന്റെ അനുഭവപരിജ്ഞാനം തങ്ങളുടെ വരുമാന ലക്ഷ്യങ്ങളിലെത്തിച്ചേരുന്നതിന് സഹായിക്കുമെന്നും മത്സരാധിഷ്ഠിത മേഖലയില്‍ ഉമംഗിനെ പോലെ അനുഭവസ്ഥരായ എക്‌സിക്യൂട്ടിവുകളെ കമ്പനിക്ക് ആവശ്യമാണെന്നും ഡെയ്‌ലിഹണ്ട് സ്ഥാപകന്‍ വിരേന്ദ്ര ഗുപ്ത പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പരസ്യ വിപണിയുടെ 10 ശതമാനം നേടാനാണ് ഡെയ്‌ലിഹണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ മേഖലയില്‍ 2-2.5 ബില്യണ്‍ ഡോളര്‍ വിഹിതമാണ് കമ്പനിക്കുള്ളത്. നിലവില്‍ ിജിറ്റല്‍ പരസ്യ വിപണിയുടെ 80-85 ശതമാനവും കൈയടക്കിയിരിക്കുന്നത് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഫേസ്ബുക്കുമാണ്.

പ്രതിമാസം 14 ഭാഷകളിലായി 250,000 ലധികം വാര്‍ത്തകളാണ് ഡെയ്‌ലിഹണ്ട് നല്‍കുന്നത്. ആയിരക്കണക്കിന് കണ്ടന്റ് പാര്‍ട്ണര്‍മാരില്‍ നിന്നു വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് കമ്പനിക്ക് അനുമതിയുണ്ട്. പ്രതിമാസം 6 ബില്യണിലധികം മിനിറ്റുകളാണ് ഈ ആപ്പില്‍ ഉപയോക്താക്കള്‍ ചെലവഴിക്കുന്നത്. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ, സെക്വോയ, ഒമിദ്യര്‍ നെറ്റ്‌വര്‍ക്ക്, ഫാല്‍ക്കണ്‍ എഡ്ജ് തുടങ്ങിയ നിക്ഷേപകരില്‍ നിന്നായി 160 മില്യണ്‍ ഡോളറിലധികം ഫണ്ട് സമാഹരണം നടത്തിയിട്ടുണ്ട്.
ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഒമ്പത് ഭാഷകളിലായി വാര്‍ത്തകള്‍ ചുരുക്കി നല്‍കുന്ന ആപ്ലിക്കേനായ ന്യൂസ്‌ലി അടുത്തിടെ ഡെയ്‌ലിഹണ്ട് പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Business & Economy