നവി മുംബൈ പ്രത്യേക സാമ്പത്തിക മേഖലയിലെ എട്ട് പദ്ധതികള്‍ വാണിജ്യ വകുപ്പ് റദ്ദാക്കി

നവി മുംബൈ പ്രത്യേക സാമ്പത്തിക മേഖലയിലെ എട്ട് പദ്ധതികള്‍ വാണിജ്യ വകുപ്പ് റദ്ദാക്കി

മുംബൈ: നവി മുംബൈയിലെ എട്ട് പ്രത്യേക സാമ്പത്തിക മേഖല (സ്‌പെഷല്‍ ഇക്കണോമിക് സോണ്‍) പദ്ധതികള്‍ക്ക് നല്‍കിയ അനുമതി കേന്ദ്ര വാണിജ്യ മന്ത്രാലയം റദ്ദാക്കി. ഈ മാസം അഞ്ചാം തിയതി നടന്ന സെസ് ഉന്നതതല സമിതി യോഗത്തിലാണ് ഈ പദ്ധതികളുടെ ഔദ്യോഗിക അനുമതി പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. വാണിജ്യ വകുപ്പ് സെക്രട്ടറി റിത ടിയോട്ടിയയാണ് ഈ സമിതിയുടെ ചീഫ്.
എട്ട് പദ്ധതികളും പ്രവര്‍ത്തനപരവും റെഗുലേറ്ററി വ്യവസ്ഥകളുമായി ബന്ധപ്പെട്ടതുമായ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് അനുമതി റദ്ദാക്കാന്‍ ‘ബോര്‍ഡ് ഓഫ് അപ്രൂവല്‍’ തീരുമാനിച്ചത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട പ്രൊജക്റ്റ് ഡെവലപ്പറിനും മതിയായ സമയം ബോര്‍ഡ് അനുവദിച്ചിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇതുവരെ വ്യക്തമായ ഒരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്നാണ് എട്ട് പ്രൊജക്റ്റുകളുടെയും അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചത്.

നവി മുംബൈ സെസ് ലിമിറ്റഡ് (എന്‍എംഎസ്ഇഇസെഡ്) അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് നേരത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ സമിതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2017 സെപ്റ്റംബര്‍ 18 വരെയുള്ള ഔദ്യോഗിക അനുമതിയുടെ കാലാവധി ബോര്‍ഡ് ഓഫ് അപ്രൂവല്‍ നീട്ടിനല്‍കിയിരുന്നു. അനുമതി റദ്ദാക്കിയ പദ്ധതികളില്‍ ആറെണ്ണത്തിന് 2007ല്‍ ബോര്‍ഡ് അനുമതി നല്‍കിയത്്. രണ്ടെണ്ണത്തിന് 2009ലാണ് അനുമതി ലഭിച്ചത്. ഐടി/ഐടിഇഎസ് വിഭാഗത്തില്‍ നിന്നുള്ള നാലും മള്‍ട്ടി സര്‍വീസസുമായി ബന്ധപ്പെട്ട രണ്ടും മള്‍ട്ടി പ്രൊഡക്റ്റ് വിഭാഗത്തിലെ ഒന്നും ജുവല്‍റിയുമായി ബന്ധപ്പെട്ട ഒന്നും പദ്ധതികളുടെയാണ് അനുമതി റദ്ദാക്കിയത്. 2016-2017 സാമ്പത്തിക വര്‍ഷം പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതി വരുമാനം 12 ശതമാനം വര്‍ധിച്ച് 5.24 കോടി രൂപയിലെത്തിയിരുന്നു.

Comments

comments

Categories: Business & Economy