കേന്ദ്രമന്ത്രി കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു

കേന്ദ്രമന്ത്രി കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു

കൊച്ചി: കേന്ദ്രഷിപ്പിംഗ് സഹമന്ത്രി പി രാധാകൃഷണന്‍ കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന സാഗര്‍ ഭൂഷണ്‍ കപ്പലിലെ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ച സംഭവത്തിനെതുടര്‍ന്നായിരുന്നു സന്ദര്‍ശനം. കൊച്ചി ഷിപ്പ്യാര്‍ഡ് അധികൃതരോട് ആഭ്യന്തര അന്വേഷണം നടത്തി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ബാധിക്കപ്പെട്ടവരുടെ അവസ്ഥ അന്വേഷിക്കുകയും ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് അവരുടെ കുടുംബത്തിന് വേണ്ട പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം മരിച്ചവരുടെ ബന്ധുമിത്രാദികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സിഎസ്എല്‍ മാനേജ്‌മെന്റ് നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.

മന്ത്രിയും സിഎംഡിയും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ബാധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഉറപ്പുനല്‍കി. സിഎസ്എല്‍ മാനേജ്‌മെന്റിന്റെ സംയോജിതമായ നടപടികളെ തൊഴിലാളികള്‍ പ്രകീര്‍ത്തിച്ചു.

ആഭ്യന്തര അന്വേഷണത്തിന് ശേഷം മാത്രമെ സ്‌ഫോടനത്തിന് കാരണമായ വാതകചോര്‍ച്ച സ്ഥിരീകരിക്കാന്‍ സാധിക്കു എന്ന് കമ്പനി വ്യക്തമാക്കി. അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിന് മുന്‍പായി സിഎസ്എല്‍ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ എസി പ്ലാന്റിന് സമീപം നിരീക്ഷിക്കുമ്പോഴാകണം അപകടം നടന്നിരിക്കാന്‍ സാധ്യയെന്നും ഷിപ്പ്യാര്‍ഡ് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Business & Economy