വ്യാവസായിക വൃത്തങ്ങളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

വ്യാവസായിക വൃത്തങ്ങളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) ഉള്‍പ്പെട്ട 40 ഓളം രാജ്യങ്ങളുടെ കൂടിച്ചേരലിനു മുന്നോടിയായി വ്യാവസായിക വൃത്തങ്ങളുമായും ഗവേഷണ കേന്ദ്രങ്ങളുമായും മുന്‍ വ്യാപാര പ്രതിനിധികളുമായും വാണിജ്യ മന്ത്രാലയം ചര്‍ച്ച നടത്തും. ഇതിനായി ഈ മാസം 19, 20 തിയതികളില്‍ യോഗം സംഘടിപ്പിക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ലോക വ്യാപാര സംഘടനയിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വ്യാവസായിക വൃത്തങ്ങളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. മാര്‍ച്ച് 19, 20 തിയതികളിലാണ് 40 ഡബ്ല്യുടിഒ അംഗ രാഷ്ട്രങ്ങളുടെ സമ്മേളനം ഇന്ത്യയുടെ ആതിഥേയത്തില്‍ നടക്കുന്നത്.

മന്ത്രിതല സമ്മേളനത്തിനു മുമ്പ് വിവിധ മേഖലകളില്‍ നിന്നുള്ള കാഴ്ചപാടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വാണിജ്യ മന്ത്രാലയം വിളിച്ചുചേര്‍ക്കുന്ന യോഗത്തിലൂടെ സാധിക്കും. ലോക വ്യാപാര സംഘടനയില്‍ തങ്ങളുടെ നിലപാട് പുന:പരിശോധിക്കേണ്ടതുണ്ടോ എന്നറിയാനുള്ള വലിയ യോഗം കൂടിയാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വാണിജ്യ വകുപ്പില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു പുറമെ മറ്റ് മന്ത്രാലയങ്ങളുടെ സാന്നിധ്യവും യോഗത്തിലുണ്ടാകും. വാണിജ്യ വകുപ്പ് മുന്‍ സെക്രട്ടറിമാര്‍, അംബാസഡര്‍മാര്‍, നയതന്ത്ര വിദഗ്ധര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യനും യോഗത്തില്‍ പങ്കെടുത്തേക്കും.

നിക്ഷേപ സൗകര്യം, ഇ-കൊമേഴ്‌സ്, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, ലിംഗസമത്വം തുടങ്ങിയ പുതിയ വിഷയങ്ങളില്‍ നിലപാടെടുക്കുന്നതിനുള്ള ചര്‍ച്ചകളായിരിക്കും ആദ്യ ദിനത്തില്‍ ഉണ്ടാകുക. തര്‍ക്ക പരിഹാരവും ഡബ്ലുടിഒ സെക്രട്ടേറിയറ്റിന്റെ പങ്കും, വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയായിരിക്കും യോഗം രണ്ടാം ദിവസം ചര്‍ച്ച ചെയ്യുക.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്യൂണോസ് എയ്‌റസില്‍ നടന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം യാതൊരു നിര്‍ണായക പ്രഖ്യാപനങ്ങളുമില്ലാതെ പരാജയപ്പെട്ടിരുന്നു. യുഎസ് ഉന്നയിച്ച എതിര്‍പ്പാണ് പല വിഷയങ്ങളിലും ധാരണയ്ക്ക് വിഘാതമായത്. കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള തങ്ങളുടെ വാഗ്ദാനത്തില്‍ നിന്ന് യുഎസ് പിറകോട്ടുപോയതും ഇന്ത്യക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് തങ്ങളുടെ നിലപാടുകള്‍ക്ക് പിന്തുണ ലഭിക്കാനും സമവായം സൃഷ്ടിക്കാനും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൂടിച്ചേരുന്നത്.

ലിംഗ സമത്വം, പരിസ്ഥിതി, തൊഴില്‍ നിലവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഡബ്ല്യുടിഒയില്‍ അനുവദിക്കണമെന്ന ആവശ്യം യുഎസ് ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരവുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത വിയോജിപ്പാണ് ഇന്ത്യ പ്രകടിപ്പിച്ചിട്ടുള്ളത്.

 

Comments

comments

Categories: Business & Economy

Related Articles