ഉല്‍പ്പന്നനിര വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടാനിയ

ഉല്‍പ്പന്നനിര വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടാനിയ

ന്യൂഡെല്‍ഹി: പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് സമ്പൂര്‍ണ്ണ ഭക്ഷ്യകമ്പനിയാകുന്നതിന്റെ ഭാഗമായി 2020ന്റെ അവസാനത്തോടെ നിലവുള്ളതും പുതിയ വിഭാഗങ്ങളിലുമായി 50 ല്‍പരം ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിക്കും.

വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായി ഗ്രീക്ക് കേക്‌സ്, മധുരപലഹാര നിര്‍മാണക്കമ്പനിയായ ചിപിത എന്നിവയുമായി സംയുക്ത സംരംഭത്തിലൂടെ ക്ഷീരോല്‍പ്പന്നങ്ങളും ഫ്രഞ്ച് സ്വീറ്റ് റോളുകളും വിപണിയിലെത്തിക്കുന്നത് അടക്കമുള്ളതാണ് ബ്രിട്ടാനിയയുടെ പദ്ധതികള്‍. ആഫ്രിക്ക പോലുള്ള പുതിയ വിപണികള്‍ക്കായി അന്വേഷണത്തിനൊപ്പം കമ്പനിയുടെ പട്ടികയിലേക്ക് പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ബ്രിട്ടാനിയ പിന്തുടരുന്നുണ്ട്. ബംഗ്ലാദേശിലും മ്യാന്‍മാറിലും കടന്നുചെല്ലാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞു.ബേക്കറി, ബേക്കറി ഇതര സെഗ്മെന്റുകളിലെ വൈവിധ്യവല്‍ക്കരണത്തിനും സ്‌നാക്‌സ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബ്രിട്ടാനിയ പ്രാമുഖ്യം നല്‍കുന്നത്.

2020 അവസാനത്തോടെ ഏതാണ്ട് 50 ഓളം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. ബേക്കറി, ബേക്കറി ഇതര വിഭാഗങ്ങളിലും സ്‌നാക്‌സ് അടക്കമുള്ള മറ്റ് വിഭാഗങ്ങളിലാണ് ശ്രദ്ധ. കമ്പനിയുടെ വളര്‍ച്ചക്ക് ഏറെ സാധ്യതകളുള്ള മേഖലയാണത് – ബ്രിട്ടാനിയ ഇന്‍സ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ വരുണ്‍ ബെറി പറഞ്ഞു.
ചില വിഭാഗങ്ങളില്‍ ബ്രിട്ടാനിയ പുതിയ ഉപ ബ്രാന്‍ഡുകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. വേണ്ടത്ര പരിചയമില്ലാത്ത ബിസിനസുകളിലേക്ക് പൂര്‍ണ്ണമായും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് നിലവിലുള്ള ഉപബ്രാന്‍ഡുകളുമായി കമ്പനി മുന്നോട്ടുപോകും. ഒപ്പം കമ്പനിക്ക് അനുയോജ്യമായ ബ്രാന്‍ഡുകളില്ലാത്ത വിഭാഗത്തില്‍ പുതിയവക്കുള്ള സാധ്യതകളും പരിശോധിക്കുന്നതായും അദ്ദേഹം അറിയിച്ചു.

രഞ്ജന്‍ഗാവില്‍ 1000 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനും പൂനെയില്‍ സമഗ്ര ഭക്ഷ്യ പാര്‍ക്ക് ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയിട്ടുവരുന്നു. ഗുവാഹത്തിയിലെ പ്ലാന്റുകളും മുന്ദ്ര സെസിലുള്ള കയറ്റുമതി യൂണിറ്റ് അടുത്ത വര്‍ഷമാദ്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ വര്‍ഷവും പുതിയ രാജ്യങ്ങളെ കമ്പനിയുടെ വിപണിയുടെ പട്ടികയില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നു. അടുത്ത ഇടങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളും മ്യാന്‍മാറും ബംഗ്ലാദേശും പരിഗണനയിലുണ്ടെന്നും ബെറി കൂട്ടിച്ചേര്‍ത്തു.

പാരിസ്ഥിതികാനുമതി ലഭിച്ചതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ബ്രിട്ടാനിയയുടെ നേപ്പാള്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കണക്കുകൂട്ടല്‍. മധ്യപൂര്‍വേഷ്യയിലെ വിപണികളെ ഉന്നമിട്ട് നിലവില്‍ ദുബായ്, ഒമാന്‍ എന്നിവിടങ്ങളില്‍ ബ്രിട്ടാനിയക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്.

Comments

comments

Categories: Business & Economy