മികവിന്റെ പുതിയ അളവുകോല്‍ തീര്‍ത്ത ‘അസറ്റ്’

മികവിന്റെ പുതിയ അളവുകോല്‍ തീര്‍ത്ത ‘അസറ്റ്’

റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപത്തെ ഒരു ‘അസറ്റ്’ ആയി കാണണം. ഒരിക്കലും അതൊരു ലയബിലിറ്റി ആയി തോന്നരുത്-ഈ പ്രത്യയശാസ്ത്രത്തിലുറച്ചായിരുന്നു അസറ്റിന്റെ മുന്നേറ്റം

‘കസ്റ്റമര്‍ ഈസ് ദി കിംഗ്’ എന്ന ആശയം അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കി…അവിടെ നിന്നുതുടങ്ങി അസറ്റ് ഹോംസിന്റെയും മാനേജിംഗ് ഡയറക്റ്റര്‍ വി സുനില്‍കുമാറിന്റെയും വിജയം. 2006ന്റെ അവസാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള രംഗപ്രവേശം ഏറ്റവും ദുഷ്‌കരമായ കാലം. എന്നാല്‍ ആ സമയത്ത് തന്നെയാണ് സധൈര്യം അസറ്റ് ഹോംസ് എന്ന ബ്രാന്‍ഡ് ന്യൂ സംരംഭം പ്രവര്‍ത്തനമാരംഭിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിച്ചും ഉപഭോക്താവിന്റെ മനസ് പ്രതിഫലിപ്പിക്കുന്ന പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയുമാണ് അസറ്റ് വളര്‍ന്നത്. സാമ്പത്തികമാന്ദ്യം റിയല്‍ എസ്റ്റേറ്റ് വിപണിയെ ഒന്നാകെ പിടിച്ചു കുലുക്കിയ കാലഘട്ടത്തില്‍ പോലും അസറ്റിന് തുണയായത് വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും അന്താരാഷ്ട്ര തലത്തിലുള്ള ഉപഭോക്തൃ സേവനവുമാണ്. ‘തീയില്‍ കുരുത്ത ബ്രാന്‍ഡ്’ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം അസറ്റിനെ.

2007-2009 കാലഘട്ടത്തില്‍ ചെറുതും വലുതുമായ നിരവധി റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡുകള്‍ നിലംപൊത്തിയപ്പോള്‍, വാല്യൂ ഫോര്‍ മണി, ഡെലിവറി ഓണ്‍ ടൈം, ക്വാളിറ്റി പ്രോഡക്റ്റ് തുടങ്ങിയ ഘടകങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാത്തതാണ് അസറ്റിനെ ഉപഭോക്താക്കളുടെ വിലപ്പെട്ട ‘അസറ്റാക്കി’ മാറ്റിയത്. പ്രീമിയം റേഞ്ചില്‍ പെട്ട ഫഌറ്റുകളാണ് വില്‍ക്കുന്നത് എന്നതുകൊണ്ട് തന്നെ, തന്റെ ഉപഭോക്താക്കള്‍ നൂറു ശതമാനം സംതൃപ്തരായിരിക്കണം എന്ന നിര്‍ബന്ധം തുടക്കം മുതല്‍ക്കേ സുനില്‍ കുമാറിന് ഉണ്ടായിരുന്നു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അത് അദ്ദേഹം ഉറപ്പു വരുത്തിക്കൊണ്ടിരുന്നു.

അര്‍ഹമല്ലാത്ത ഒരു രൂപപോലും ലാഭമായി കമ്പനിക്ക് വേണ്ട എന്ന നിര്‍ബന്ധബുദ്ധിക്കൊപ്പം അസറ്റ് എന്ന ബ്രാന്‍ഡും വളരുകയായിരുന്നു. നൂറു ശതമാനം തൃപ്തരായ ഉപഭോക്താക്കള്‍, ഏറ്റവും കൂടുതല്‍ വിപണി വിഹിതമുള്ള റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡ്, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡഡ് ഫഌറ്റുകള്‍… റിയല്‍ എസ്റ്റേറ്റ് രംഗത്ത് 11 വര്‍ഷം പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന് തിരിഞ്ഞു നോക്കുമ്പോള്‍ എവിടെയും നേട്ടങ്ങള്‍ മാത്രം.

അസറ്റ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയേയും ഭാവി പദ്ധതികളെയും കുറിച്ച് മാനേജിംഗ് ഡയറക്റ്റര്‍ വി സുനില്‍ കുമാര്‍ ഫ്യുച്ചര്‍ കേരളയോട് സംസാരിക്കുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ നമ്പര്‍ വണ്‍ ബില്‍ഡറായി മാറിയ അസറ്റ് ഹോംസിന്റെ തുടക്കം ഓര്‍ത്തെടുക്കാമോ?

1991ല്‍ തൃശൂര്‍ എന്‍ജിനീയറിംഗ് കോളെജില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ഞാന്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവമായിരുന്നു. ആ സമയത്ത് ഫഌറ്റ് സംസ്‌കാരം കേരളത്തില്‍ ചുവടുറപ്പിച്ചു വരുന്നേയുള്ളൂ. 2006 വരെ ഞാന്‍ സ്വതന്ത്രമായി ഫഌറ്റ് നിര്‍മാണ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു. ചെറുതും വലുതുമായി 16 ഫഌറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോഴാണ്, എന്തുകൊണ്ട് ഫഌറ്റ് നിര്‍മാണത്തെ ഒരു ബ്രാന്‍ഡിന് കീഴില്‍ കൊണ്ട് വന്നു കൂടാ എന്ന ചിന്തയുണ്ടായത്. 2007ലാണ് ആ സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. തീര്‍ത്തും ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡ് എന്ന നിലയില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിട്ടായിരുന്നു അസറ്റ് ഹോംസിന്റെ തുടക്കം.

കോര്‍പ്പറേറ്റ് തലത്തില്‍ ഞങ്ങള്‍ ബ്രാന്‍ഡിംഗ് ചെയ്യുന്നുണ്ട്. എന്നാല്‍ ബിസിനസ് വരുന്നത് അത്തരം ബ്രാന്‍ഡിംഗിലൂടെയല്ല. ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് ബ്രാന്‍ഡിനെ വളര്‍ത്തുന്നത്. ആദ്യ യൂണിറ്റ് ഫഌറ്റിന്റെ ഉദ്ഘാടനം മുതല്‍ ഇന്നുവരെ 11 വര്‍ഷങ്ങളിലും അസറ്റിനെ വളര്‍ത്തിയത് ഉപഭോക്താക്കള്‍ നല്‍കിയ ‘ഓറല്‍ പബ്ലിസിറ്റി’യാണ്. ഇതുവരെ ഉപഭോക്താക്കളില്‍ നിന്നും ഒരു പരാതിപോലും സ്ഥാപനത്തിനോ പ്രോജക്റ്റുകള്‍ക്കോ എതിരെ ഉണ്ടായിട്ടില്ല. അത് തന്നെയാണ് ഞങ്ങളുടെ വിജയം

വി സുനില്‍ കുമാര്‍, മാനേജിംഗ് ഡയറക്റ്റര്‍, അസറ്റ് ഹോംസ്‌

‘അസറ്റ് ഹോംസ്’ഇത്രയും അര്‍ത്ഥവത്തായ ഒരു പേര് സ്വീകരിച്ചതിന് പിന്നില്‍?

റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപത്തെ ഒരു അസറ്റ് ആയി കാണണം. ഒരിക്കലും അതൊരു ലയബിലിറ്റി ആയി തോന്നരുത്. ആ കാഴ്ചപ്പാട് കൂടുതല്‍ ആഴത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അസറ്റ് ഹോംസ് എന്ന പേര് സ്വീകരിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് വീട് എന്നത്. അത് എന്നെന്നും ആ വ്യക്തിക്ക് ഒരു അസറ്റ് ആയിരിക്കണം.

മാന്ദ്യം നിലനില്‍ക്കുന്ന ഒരു സമയത്ത് രംഗപ്രവേശം ചെയ്യുക, പ്രതിസന്ധികള്‍ തരണം ചെയ്ത് ഈ മേഖലയിലെ

പ്രമുഖരാകുക, ശ്രമകരമായിരുന്നോ ഈ ദൗത്യം?

മാന്ദ്യമുള്ള സമയം നോക്കി ആരംഭിക്കുകയല്ലായിരുന്നു. ഈ രംഗത്ത് 14 വര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയശേഷമാണ് അസറ്റ് ഹോംസ് ആരംഭിക്കുന്നത്. എന്‍ജിനീയറിന്റെ മാത്രം പ്ലാന്‍ അനുസരിച്ച് ഫഌറ്റുകള്‍ നിര്‍മിച്ച് ഉപഭോക്താക്കളെ തേടിപ്പോകുന്ന രീതി ആയിരുന്നില്ല അസറ്റ് സ്വീകരിച്ചത്. ഉപഭോക്താവിന്റെ സംതൃപ്തിക്ക് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായായിരുന്നു തുടക്കം. കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്തുക എന്നതായിരുന്നു മറ്റൊരു പ്രഖ്യാപിത ലക്ഷ്യം. ആദ്യ ഒരു വര്‍ഷം അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ സ്ഥാപനം മുന്നോട്ടു പോയി. അപ്പോഴാണ് സാമ്പത്തിക മാന്ദ്യം വിപണിയെ ബാധിക്കുന്നത്. ഏറ്റവും കൂടുതല്‍ കഷ്ടത്തിലായത് റിയല്‍ എസ്റ്റേറ്റ് മേഖല തന്നെയായിരുന്നു. ആ സമയത്ത് വിപണിയില്‍ സജീവമായിരുന്ന ചെറുതും വലുതുമായ നിരവധി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പൂട്ടിപ്പോയി. ഉന്നത ഗുണമേന്മയുള്ള ഉല്‍പ്പന്നം, ചെലവാക്കുന്ന പണത്തിന് മതിയായ മൂല്യം, കൃത്യമായ സമയത്തെ താക്കോല്‍ദാനം തുടങ്ങിയ മൂന്നു ഘടകങ്ങളാണ് സാമ്പത്തികമാന്ദ്യം നേരിടുന്ന അവസ്ഥയില്‍ പോലും അസറ്റിന് ശക്തി പകര്‍ന്നത്.

സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ ആരംഭിച്ചതിനാല്‍ തന്നെ ഏതു വിധേനയും നിലനില്‍ക്കുക എന്നത് ഞങ്ങള്‍ക്ക് അനിവാര്യമായ കാര്യമായിരുന്നു. അതിനായി പ്രവര്‍ത്തിക്കുന്ന വളരെ മികച്ച ഒരു ടീമിന്റെ സാന്നിധ്യം കമ്പനിക്ക് മുതല്‍ക്കൂട്ടായിരുന്നു. ആ ഘട്ടത്തെ മികച്ച രീതിയില്‍ തരണം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ട് തന്നെ അതിനു ശേഷം വന്ന പ്രതിസന്ധി ഘട്ടങ്ങള്‍ ഒന്നും തന്നെ കമ്പനിക്ക് ഭാരമായി തോന്നിയില്ല.

ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്ത കമ്പനി എന്ന രീതിയിലേക്ക് വളരുന്നതില്‍ ബ്രാന്‍ഡിംഗ് എത്രമാത്രം സഹായിച്ചിട്ടുണ്ട് ?

കോര്‍പ്പറേറ്റ് തലത്തില്‍ നോക്കുകയാണെങ്കില്‍ ഞങ്ങള്‍ ബ്രാന്‍ഡിംഗ് ചെയ്യുന്നുണ്ട്. എന്നാല്‍ ബിസിനസ് വരുന്നത് അത്തരം ബ്രാന്‍ഡിംഗിലൂടെയല്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ വിശ്വാസമാണ് ബ്രാന്‍ഡിനെ വളര്‍ത്തുന്നത്. ആദ്യ യൂണിറ്റ് ഫഌറ്റിന്റെ ഉദ്ഘാടനം മുതല്‍ ഇന്നുവരെ 11 വര്‍ഷങ്ങളിലും അസറ്റിനെ വളര്‍ത്തിയത് ഉപഭോക്താക്കള്‍ നല്‍കിയ ‘ഓറല്‍ പബ്ലിസിറ്റി’യാണ്. ഇതുവരെ ഉപഭോക്താക്കളില്‍ നിന്നും ഒരു പരാതിപോലും സ്ഥാപനത്തിനോ പ്രോജക്റ്റുകള്‍ക്കെതിരെയോ ഉണ്ടായിട്ടില്ല. അത് തന്നെയാണ് ഞങ്ങളുടെ വിജയവും. ഓരോ പുതിയ പ്രോജക്റ്റ് അനൗണ്‍സ് ചെയ്ത ഉടന്‍ തന്നെ ബുക്കിംഗും തീരുന്നു എന്നതാണ് വാസ്തവം. പരസ്യങ്ങള്‍ നല്‍കേണ്ട ആവശ്യം പോലും പലപ്പോഴും ഞങ്ങളുടെ പ്രോജക്റ്റുകള്‍ക്ക് വരാറില്ല. പിന്നെ, ബ്രാന്‍ഡിംഗില്‍ ശ്രദ്ധ ചെലുത്തുന്നത് കോര്‍പ്പറേറ്റ് ഐഡന്റിറ്റിയുടെ ഭാഗമായാണ്. അതിനാലാണ് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പൃഥ്വിരാജിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി തെരഞ്ഞെടുത്തതും റീബ്രാന്‍ഡിംഗ് നടത്തിയതും .

കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്ന ആദ്യ ബ്രാന്‍ഡ് ആണ് അസറ്റ്, ഇതിനു പിന്നിലെ നയം വ്യക്തമാക്കാമോ ?

ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളും ഒരു ബ്രാന്‍ഡിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഘടകങ്ങളും ഒരു പോലെ വരുമ്പോഴാണ് ബ്രാന്‍ഡ് അംബാസഡര്‍ ആ ബ്രാന്‍ഡിന് ചേരുന്ന വ്യക്തിയായി മാറുന്നത്. അസറ്റ് ശ്രദ്ധയൂന്നുന്ന വ്യക്തിത്വ ഘടകങ്ങള്‍ അതുപോലെ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള വ്യക്തി എന്ന നിലയ്ക്കാണ് പൃഥ്വിരാജിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നിയമിച്ചത്. എന്ത് കാര്യത്തിലും തന്റേതായ നിലപാടുകള്‍ ഉള്ള ഒരു ബ്രാന്‍ഡാണ് അസറ്റ്, പൃഥ്വിരാജ് അത്തരത്തില്‍ ഒരു വ്യക്തിയുമാണ്. കൃത്യ സമയത്ത് പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്തും എന്ന അര്‍ത്ഥത്തിലാണ് താക്കോല്‍ ചിഹ്നം അടങ്ങിയ മരം ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. അസറ്റ് ഹോംസ് എന്ന നന്മ മരത്തെയാണ് ഇത് പ്രതിപാദിക്കുന്നത്.

എങ്ങനെയാണ് ഉപഭോക്താക്കളെ സംതൃപ്തരായി കൊണ്ടുപോകുന്നത്?

ഉപഭോക്താക്കളാണ് രാജാവ് എന്ന ആശയത്തിലാണ് അസറ്റ് വിശ്വസിക്കുന്നത്. ഒരു ചതുരശ്ര അടിക്ക് 14000 രൂപവരെ ചെലവിട്ടാണ് അവര്‍ ഫഌറ്റുകള്‍ വാങ്ങുന്നത്. അപ്പോള്‍ അവരുടെ പണത്തിന് പൂര്‍ണ്ണ മൂല്യം ലഭ്യമാക്കുക എന്നത് ബില്‍ഡറുടെ ചുമതലയാണ്. അവിടെ പരാതികള്‍ക്ക് അടിസ്ഥാനമില്ല. അതിനാല്‍ കസ്റ്റമര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് പോലും പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സര്‍വീസിനും ഉപരിയായി ഉപഭോക്താവിന് എന്ത് നല്‍കാന്‍ കഴിയുമോ അതിലാണ് നമ്മുടെ ശ്രദ്ധ. അതിനാല്‍ തന്നെ കസ്റ്റമര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേര് മാറ്റി അസറ്റ് ഡിലൈറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നാക്കി. അഭിനേത്രി ആശാ ശരത് ആണ് ഈ വിഭാഗത്തിന്റെ ഐക്കണ്‍. അസറ്റ് ഹോംസിന്റെ ഭാഗമായ ഉപഭോക്താക്കള്‍ക്ക് എല്ലാ മേഖലകളിലും അവര്‍ ആവശ്യപ്പെടുന്ന സേവനം അസറ്റ് ഡിലൈറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കി നല്‍കുന്നു. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റുകള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് 25 വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത ഗസ്റ്റ്ഹൗസ് സൗകര്യം, അസറ്റ് ഹോംസ് പ്രിവില്ലേജ് കാര്‍ഡ്, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന അസറ്റ് ഡിലൈറ്റ്, കറന്റ് ബില്‍, വാട്ടര്‍ ബില്‍, ടാക്‌സ് എന്നിവ അടയ്ക്കാന്‍ സഹായിക്കുന്ന ഡിലൈറ് ഡി അസറ്റ്, എയര്‍പോര്‍ട്ടില്‍ നിന്നും പിക്കപ്പ് സൗകര്യം നല്‍കുന്ന ഡിലൈറ്റ് ഡ്രൈവ് തുടങ്ങി അനേകം സൗകര്യങ്ങള്‍ അസറ്റ് ഒരുക്കിയിരിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ അസറ്റ് എത്രമാത്രം വളര്‍ച്ച ലക്ഷ്യമിടുന്നു?

റിയല്‍ എസ്റ്റേറ്റില്‍ ഇത് പൊതുവെ വളര്‍ച്ച മുരടിച്ച സമയമാണ്. എന്നാല്‍ അസറ്റിനെ അത് ബാധിച്ചിട്ടില്ല. മുന്‍വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച, ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ തന്നെ നേടിയെടുക്കുവാന്‍ അസറ്റിന് കഴിഞ്ഞു. അവസാന പാദത്തില്‍ ലഭിക്കുന്നത് എന്തുതന്നെ ആയാലും ലാഭമായി വേണം കാണാന്‍. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് അസറ്റ് ഹോംസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രതിവര്‍ഷം 25 ശതമാനം എന്ന നിരക്കിലാണ് അസറ്റ് ഹോംസിന്റെ വളര്‍ച്ച. ഇത് വരും വര്‍ഷങ്ങളിലും തുടരാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം. പുതിയ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ വിറ്റു പോയിരിക്കുന്നു എന്നത് ഈ രംഗത്ത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

 

Comments

comments

Categories: Branding, Slider