സാന്ത്വന സംഗീതവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

സാന്ത്വന സംഗീതവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: സിനിമ ഗാനങ്ങളിലൂടെ കവിതയുടെ മാധുര്യം മലയാളിക്ക് പകര്‍ന്നു നല്‍കിയ ഒഎന്‍വി കുറുപ്പിന്റെയും ചടുലമായ പശ്ചാത്തല സംഗീതത്തിലൂടെ മലയാള സിനിമയുടെ ഒരു കാലത്തെ അവിഭാജ്യ ഘടകമായിരുന്ന രാജാമണിയുടെയും ഓര്‍മകളുണര്‍ത്തി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വന സംഗീതത്തിന്റെ 207ാമത് ലക്കം എറണാകുളം ജനറല്‍ ആശുപത്രിയില്‍ അരങ്ങേറി.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എല്ലാ ബുധനാഴ്ചയും ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അവതരിപ്പിച്ചു വരുന്നത്. ശ്യാം പി ജി, സൗമ്യ ശ്യാം, നൗഷാദ് കെ എ, വിഷ്ണു, മുജീബ് എന്നീ ഗായകരാണ് പരിപാടി അവതരിപ്പിക്കാനെത്തിയത്. ആകെ 16 പാട്ടുകളാണ് ഇവര്‍ പാടിയത്.

ഒഎന്‍വിയുടെ രചനകളില്‍ തലമുറകള്‍ ഭേദമില്ലാതെ ആസ്വദിക്കുന്ന മെല്ലെ മെല്ലെ മുഖപടം, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നീ ഗാനങ്ങളാണ് നൗഷാദും മുജീബും പാടിയത്.

പത്തുവെളുപ്പിന്.. എന്ന ഗാനത്തോടെ സൗമ്യ ശ്യാമാണ് പരിപാടി തുടങ്ങിയത്. ചിന്ന ചിന്ന ആശൈ.., എന്ന തമിഴ് ഗാനത്തോടൊപ്പം നൗഷാദിന്റെകൂടെ കല്ലായി കടവത്തെ.. എന്ന പാട്ടും വിഷ്ണുവിനൊപ്പം പൊന്‍മേനി എന്നുള്ളില്‍.. എന്നീ യുഗ്മ ഗാനങ്ങളും സൗമ്യ പാടി.സൗമ്യയുടെ അച്ഛനായ ശ്യാം മൂന്നു പാട്ടുകളാണ് പാടിയത്.

ഗോരി തേരാ ഗാവ് ബഡാ പ്യാരാ.., കായാമ്പൂ കണ്ണില്‍ വിടരും.., എന്നീ ഗാനങ്ങളാണ് വിഷ്ണു ആലപിച്ചത്. പ്രാണസഖീ ഞാന്‍.. എന്ന ഗാനമാണ് തന്റെ രണ്ടാം ഗാനമായി മുജീബ് ആലപിച്ചത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ശ്യാം തൃപ്പൂണിത്തുറയില്‍ സ്റ്റുഡിയോ നടത്തുകയാണ്. മകളായ സൗമ്യ യഷ് മ്യൂസിക് ബാന്‍ഡിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനും ബിസിനസുകാരനുമാണ് നൗഷാദ് കെ എ. ഫെഡറല്‍ബാങ്ക് ഉദ്യോഗസ്ഥനായ വിഷ്ണു പ്രൊഫഷണല്‍ ഗായകന്‍ കൂടിയാണ്. സെറ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ് മുജീബ്.

Comments

comments

Categories: Life