കരുത്ത് കാട്ടാന്‍ അപ്രീലിയ ആര്‍എസ് 150, ടൂനോ 150

കരുത്ത് കാട്ടാന്‍ അപ്രീലിയ ആര്‍എസ് 150, ടൂനോ 150

2019 ല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നതോടെ 150-200 സിസി സെഗ്‌മെന്റില്‍ മത്സരം കനക്കും

ഗ്രേറ്റര്‍ നോയ്ഡ : ഓട്ടോ എക്‌സ്‌പോയില്‍ അപ്രീലിയ ആര്‍എസ് 150, ടൂനോ 150 ബൈക്കുകള്‍ അനാവരണം ചെയ്തു. വാഹനങ്ങള്‍ വിപണിയിലെത്തുന്നതോടെ 150-200 സിസി പെര്‍ഫോമന്‍സ് സെഗ്‌മെന്റില്‍ മത്സരം കനക്കും. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ ഈ രണ്ട് ബൈക്കുകളും ഓള്‍-ന്യൂ മോഡലുകളാണ്. 2019 ല്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫുള്‍-ഫെയേര്‍ഡ് ഇരുചക്രവാഹനമായ അപ്രീലിയ ആര്‍എസ് 150 യുടെ എതിരാളികള്‍ ഈയിടെ പുറത്തിറക്കിയ യമഹ ആര്‍15 വി3, കെടിഎം ആര്‍സി 200 എന്നിവയാണ്. അതേസമയം അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, ബജാജ് എന്‍എസ് 200, കെടിഎം 200 ഡ്യൂക്ക് എന്നിവയുമായി നേക്കഡ് ബൈക്കായ ടൂനോ 150 കൊമ്പുകോര്‍ക്കും. എസ്ആര്‍ 150, എസ്ആര്‍ 125 എന്നീ ബൈക്കുകള്‍ അപ്രീലിയ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുവരുന്നുണ്ട്.

അപ്രീലിയ ആര്‍എസ് 150, ടൂനോ 150 എന്നിവ കാഴ്ച്ചയില്‍ അവയുടെ ലിറ്റര്‍-ക്ലാസ് (1,000 സിസി) മോട്ടോര്‍സൈക്കിളുകളുടെ ചെറിയ വേര്‍ഷനാണ്. അപ്രീലിയയുടെ സ്വന്തം നിറങ്ങളായ സില്‍വര്‍, ബ്ലാക്ക്, റെഡ് കോമ്പിനേഷനിലാണ് ബൈക്കുകള്‍ വരുന്നത്. ബോള്‍ഡ് ഗ്രാഫിക്‌സ് കാണാം. മുന്നില്‍ അപ്-സൈഡ്-ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍, പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുകള്‍, ബോഷിന്റെ ഡുവല്‍ ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, ഓപ്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഫീച്ചറുകളാണ്.

അപ്രീലിയ ആര്‍എസ് 150 ഫുള്‍-ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളും ടൂനോ 150 നേക്കഡ് മോട്ടോര്‍സൈക്കിളുമാണ്

150 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്ത് നല്‍കുന്നത്. ഈ എന്‍ജിന്‍ 18 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 150-200 സിസി സെഗ്‌മെന്റില്‍ ഇതാദ്യമായാണ് ഒരു കമ്പനി ഓപ്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ ഫീച്ചര്‍ നല്‍കുന്നത്.

Comments

comments

Categories: Auto