പ്രൈവറ്റ് ലേബല്‍ ബിസിനസ് വിപുലീകരിക്കാന്‍ ആമസോണ്‍ തയാറെടുക്കുന്നു

പ്രൈവറ്റ് ലേബല്‍ ബിസിനസ് വിപുലീകരിക്കാന്‍ ആമസോണ്‍ തയാറെടുക്കുന്നു

ബെംഗളൂരു: ഈ വര്‍ഷം പുതിയ വിഭാഗങ്ങളില്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചുകൊണ്ട് സ്വകാര്യ ലേബല്‍ ബിസിനസ് വിപുലീകരിക്കാന്‍ ആമസോണിന്റെ നീക്കം. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കിരീടമുറപ്പിക്കുന്നതിന് ഫഌപ്കാര്‍ട്ടുമായി കടുത്ത മത്സരം നടത്തുന്നതിനൊപ്പം പ്രൈവറ്റ് ലേബല്‍ ബിസിനസ് ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോണ്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഈ വര്‍ഷം പ്രൈവറ്റ് ലേബല്‍ ബിസിനസ് വിപുലീകരിക്കുന്നതിന് ആക്രമണോത്സുക പരിശ്രമം നടത്തുന്നതായാണ് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി അറിയിച്ചത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ബിസിനസ് വിപുലീകരണത്തിന് ഫഌപ്കാര്‍ട്ടിന്റെ ശൈലി ആമസോണ്‍ പിന്തുടര്‍ന്നേക്കുമെന്നാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. അപ്ലെയന്‍സസ് വിഭാഗത്തില്‍ പുതിയ ബ്രാന്‍ഡ് കമ്പനി അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ഫാഷന്‍ പോലുള്ള വിഭാഗങ്ങളിലാണ് ഫഌപ്കാര്‍ട്ടും ആമസോണും നിലവില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിനു വേണ്ടി പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡുകള്‍ അടുത്തിടെ ഇരു കമ്പനികളും അവതരിപ്പിച്ചിരുന്നു.

ഫഌപ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ രൂപീകരിച്ച ‘ബില്യണ്‍’ എന്ന ബ്രാന്‍ഡിലാണ് കമ്പനി ഒരു സ്്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. ‘ടെനര്‍’ എന്ന തങ്ങളുടെ തന്നെ ബ്രാന്‍ഡില്‍ ആമസോണും സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നടക്കുന്ന ഇ-കൊമേഴ്‌സ് വില്‍പ്പനയില്‍ 60 ശതമാനത്തോളം പങ്കുവഹിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്. ടെനര്‍ അടക്കം അഞ്ച് സ്വകാര്യ ലേബല്‍ ബ്രാന്‍ഡുകളാണ് ഇതുവരെ ആമസോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. സിംബല്‍, മിക്‌സ് (ഫാഷന്‍, വസ്ത്രം) സോളിമോ (ഫാര്‍ണിച്ചര്‍) ഇന്‍ ഹൗസ് വിഭാഗത്തില്‍ ആമസോണ്‍ ബേസിക്‌സ് എന്നിവയാണ് കമ്പനിയുടെ മറ്റ് ബ്രാന്‍ഡുകള്‍.

Comments

comments

Categories: Business & Economy