ആമസോണ്‍ ഇക്കോ ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും

ആമസോണ്‍ ഇക്കോ ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും

ബെംഗളൂരു: ഇന്ത്യയിലെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ ലഭ്യമാക്കിക്കൊണ്ട് വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആമസോണ്‍ ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് ക്രോമ, റിലയന്‍സ്, വിജയ് സെയില്‍സ്, ക്രോസ്‌വേഡ് തുടങ്ങി രാജ്യത്തെ 20 നഗരങ്ങളിലെ 350 ലധികം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇക്കോ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് ആമസോണ്‍ ഡിവൈസെസ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി പ്രയാഗ് ഗുപ്ത പറഞ്ഞു. ഇന്ത്യയില്‍ 10,000 ഉപഭോക്താക്കള്‍ ഇക്കോ ഉപകരണങ്ങള്‍ സ്വന്തമാക്കികഴിഞ്ഞു.ഒരാഴ്ച്ചക്കുള്ളില്‍ ദശലക്ഷക്കണക്കിനു വോയിസ് കമാന്‍ഡുകളാണ് കമ്പനിക്കു ലഭിക്കുന്നത്. ഇത് നിലവില്‍ ഇക്കോ ഉപകരണങ്ങള്‍ ലഭ്യമായ ഏതു രാജ്യത്തെ നിരക്കിനേക്കാളും കൂടുതലാണ്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ ഇക്കോ ഡോട്ട്- 4,499 രൂപ, ആമസോണ്‍ ഇക്കോ-9,999 രൂപ, ആമസോണ്‍ ഇക്കോ പ്ലസ്-14,999 രൂപ എന്നിങ്ങനെയാണ് ഇന്ത്യന്‍ വിപണിയിലെ ഇക്കോ ഡിവൈസുകളുടെ വില. ഈ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങിയ സമയത്ത് ആമസോണ്‍ പ്രൈം അംഗത്വത്തിനോടൊപ്പം ഡിസ്‌ക്കൗണ്ടും നല്‍കിയിരുന്നു. എന്നാല്‍ ലഭ്യത കൂടിയതിനെതുടര്‍ന്ന് ആനൂകൂല്യങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരിക്കുകയാണ്. ആമസോണ്‍ ഇക്കോ പ്ലസ് ഓണ്‍ലൈനില്‍ നിന്നോ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നോ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഫിലിപ്‌സ്് ഹ്യൂ ബള്‍ബ് സൗജന്യമായി കമ്പനി നല്‍കിയിരുന്നു.

ലഭ്യത വര്‍ധിപ്പിച്ചതിനോടൊപ്പം പല പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇക്കോ പിന്തുണയ്ക്കുന്ന ഡിവൈസുകളും ആപ്പുകളുമുള്ള സുഹൃത്തുക്കളുമായുള്ള ആശയവിനിമയത്തിന് അലെക്‌സാ-ടു അലെക്‌സാ കോളിംഗ്, മെസേജിംഗ് ഫീച്ചര്‍ എന്നിവ ഉപയോഗിക്കാന്‍ ആമസോണ്‍ ഇക്കോ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതിനായി വിവിധ ഇക്കോ ഉപകരണങ്ങളില്‍ ഒരേ സമയം മ്യൂസിക് പ്ലേ ചെയ്യാനും നിയന്ത്രിക്കാനും സഹായിക്കുന്ന മള്‍ട്ടി റൂം മ്യൂസിക് ഫീച്ചറും ആമസോണ്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലെക്‌സ, ഇക്കോ ഉപകരണങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഉല്‍പ്പന്ന അനുഭവത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയാണെന്നും ആമസോണ്‍ ഡിസൈവ് ഡയറക്റ്റര്‍ ജയശ്രീ ഗുരുരാജ് പറഞ്ഞു.

 

Comments

comments

Categories: Business & Economy