സംരംഭകര്‍ക്കുള്ള ഉപദേശങ്ങള്‍

സംരംഭകര്‍ക്കുള്ള ഉപദേശങ്ങള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ടിപ്പുകള്‍. ബിസിനസ് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

സംരംഭകതല്‍പരനായ ഏതൊരാളുടെയും ലക്ഷ്യമാണ്. എന്നാല്‍ പ്രായോഗികതലത്തിലെത്തുമ്പോള്‍ പലര്‍ക്കും വിചാരിച്ച വിജയം കണ്ടെത്താനാകുന്നില്ല. പ്രശസ്ത മാര്‍ക്കറ്റിംഗ് ഏജന്‍സി കെയ്‌സന്റെ സ്ഥാപകന്‍ പീറ്റ് കാംപ്‌ബെല്‍ ഇതു സംബന്ധിച്ച ചില ഉപദേശങ്ങള്‍ നല്‍കുന്നു. പതിനൊന്നാം വയസില്‍ തന്റെ ആദ്യ വെബ്‌സൈറ്റ് രൂപീകരിച്ച കാംപ്‌ബെല്‍ മാര്‍ക്കറ്റിംഗ് കോണ്‍ഫറന്‍സുകളിലെ സ്ഥിരം പ്രഭാഷകനുമാണ്.

പരിവര്‍ത്തനവിധേയരാകുക

ജോലി ചെയ്തിരുന്ന കമ്പനി ഉപേക്ഷിച്ച് സ്വന്തമായി സംരംഭകനാകാന്‍ തീരുമാനിക്കുമ്പോള്‍ നാം ഒരു മാറ്റത്തിനു തയാറാകുകയാണ് ചെയ്യുന്നത്. ജോലി ചെയ്തിരുന്നപ്പോള്‍ അതില്‍ മുഴുകാനും ക്രിയാത്മകമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും പ്രചാരണതന്ത്രങ്ങള്‍ മെനയാനുമെല്ലാം ഇഷ്ടംപോലെ സമയം കിട്ടിയിരിക്കും. എന്നാല്‍ സംരംഭകനാകുമ്പോള്‍ സമയക്കുറവ് അനുഭവപ്പെടാന്‍ തുടങ്ങും. ഉള്ള ജോലി ചെയ്യാന്‍ പോലും സമയം തികയാതെ വരും. പ്രധാനമായും സംരംഭത്തിന്റെ ഭരണം, കണക്കുകള്‍ നോക്കല്‍, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയിലേക്ക് സംരംഭകര്‍ ഒതുങ്ങേണ്ടി വരുന്നു. പീറ്റ് കാംപ്‌ബെല്‍ സംരംഭം തുടങ്ങിയ സമയത്ത് കക്ഷികള്‍ക്കായി 60 ശതമാനം സമയം വിനിയോഗിച്ചിരുന്നു. ബാക്കി സമയം സ്വന്തം ബിസിനസ് ഭരണത്തിനു വേണ്ടിയും ചെലവാക്കി. എന്നിട്ടും സ്വന്തം സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗിനു സമയം കിട്ടാതെ വന്നു. ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയായിരുന്നിട്ടു കൂടി സംരംഭത്തിന് വെബ്‌സൈറ്റ്, ലോഗോ, ബ്രാന്‍ഡിംഗ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പോലുമില്ലാതെ ആറു മാസം പിന്നിടേണ്ടി വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സ്വയം മൂല്യം നിര്‍ണയിക്കുക

സംരംഭകനാകുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആശയക്കുഴപ്പം തങ്ങള്‍ നല്‍കുന്ന സേവനത്തിനും ഉല്‍പ്പന്നത്തിനും എന്തു പ്രതിഫലം ചുമത്തണമെന്നതായിരിക്കും. എങ്ങനെ സ്വന്തം വില നിര്‍ണയിക്കാമെന്ന് ഒരു പിടിയും കിട്ടില്ല, എളിയ നിലയില്‍ തുടങ്ങുന്ന സംരംഭങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. കാംപ്‌ബെല്‍ തുടക്കകാലത്തില്‍ ഈ പ്രശ്‌നം നേരിട്ടിരുന്നു. വലിയൊരു മാധ്യമസ്ഥാപനത്തില്‍ നിന്നു പിരിഞ്ഞു വന്നാണു സംരംഭം തുടങ്ങിയത്. തന്റെ മുന്‍കമ്പനിയുടേതു പോലുള്ള വന്‍കിട കക്ഷികളെയാണ് അദ്ദേഹവും പ്രതീക്ഷിച്ചത്. എന്നാല്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അതേ നിരക്ക് താന്‍ ചുമത്തുന്നത് ഔചിത്യമാകുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ കുഴക്കിയത്. എന്നാല്‍ അതൊരു തെറ്റായ ചിന്താഗതിയയിരുന്നു. താന്‍ എന്താണു ചെയ്യുന്നത് എന്നതിനെ ആശ്രയിച്ച് സ്വയം വില നിര്‍ണയിക്കുന്നതിലേക്ക് അദ്ദേഹം എത്തി. നാം ചാര്‍ജ് കുറച്ചാല്‍ ഒരുപാട് ഇടപാടുകാരെ കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവരില്‍ നിന്ന് ഗുണനിലവാരമുള്ള ജോലികള്‍ പ്രതീക്ഷിക്കരുത്. അമിതജോലിഭാരം കൂടിയാകുന്നതോടെ മടുപ്പു തോന്നാന്‍ തുടങ്ങും. ബുദ്ധിപൂര്‍വമായിരിക്കണം പ്രതിഫലം നിര്‍ണയിക്കേണ്ടത്. വിപണിയില്‍ പ്രചാരത്തിലുള്ള പ്രതിഫലം തന്നെ നിശ്ചയിക്കാന്‍ മടിക്കേണ്ട. നിങ്ങള്‍ ആര്‍ക്കൊപ്പമാണു സഹകരിക്കുന്നതെന്നു നോക്കി ആത്മവിശ്വാസമനുസരിച്ച് ഇത് ഉയര്‍ത്തി നിശ്ചയിക്കുകയുമാകാം.

ദിശാനിര്‍ണയം

അഞ്ചു മണിക്കൂര്‍ ജോലി ചെയ്യുക, അതിനുശേഷം മൊബീല്‍, കംപ്യൂട്ടര്‍ കളികളില്‍ മുഴുകുക എന്നതായിരുന്നു സംരംഭം തുടങ്ങുമ്പോഴുണ്ടായിരുന്ന കാംപ്‌ബെല്ലിന്റെ വിചാരം. ആദ്യവര്‍ഷം താന്‍ ജോലി ചെയ്ത സ്ഥാപനത്തിലേതു പോലെയുള്ള വരുമാനം ലഭിച്ചിരുന്നു. വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളോ ദീര്‍ഘവീക്ഷണമോ രൂപപ്പെടുത്തിയിരുന്നില്ല. രണ്ടാമത്തെ വര്‍ഷം വരെ സ്റ്റോക്ക് എടുക്കാന്‍ പോലും തയാറായില്ല. ഈ ഘട്ടത്തിലാണ് തിരിച്ചറിവുണ്ടായത്. താന്‍ എന്താണു ബിസിനസിനു വേണ്ടി ചെയ്യുന്നതെന്ന് സ്വയം ചോദിക്കാന്‍ തുടങ്ങി. സ്വന്തമായി സംരംഭം കൊണ്ടുനടക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതു വളര്‍ത്തിയെടുക്കേണ്ടത് അവശ്യകതയായി തോന്നിയിരുന്നില്ല. ഒരു മികച്ച ഏജന്‍സിയായി വളരണമെങ്കില്‍ ഒരു കാഴ്ചപ്പാടും ദിശാബോധവും വേണമെന്ന് സ്വയം തോന്നി തുടങ്ങി. ഒരു ബിസിനസ് പ്ലാന്‍ വേണമെന്ന ആളുകളുടെ ആവശ്യം യാഥാര്‍ത്ഥ്യബോധത്തോടു കൂടിയതാണ്. ബിസിനസ് പദ്ധതിയെന്നു പറയുമ്പോള്‍ വില്‍പ്പന, ധനകാര്യം, വിപണനം എന്നിവ എങ്ങനെ നടപ്പാക്കണമെന്നു വിശദീകരിക്കുന്ന 40 പേജ് വരുന്ന പ്രമാണമല്ല ഉദ്ദേശിക്കുന്നത്. പക്ഷേ നിങ്ങള്‍ നേടിയേടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. അതിലേക്ക് എങ്ങനെ എത്തിപ്പെടാന്‍ കഴിയുമെന്നതിനെക്കുറിച്ച് ധാരണ വേണം. ഇനിയുമൊരു സംരംഭം ആരംഭിക്കുകയാണെങ്കില്‍ അതിനു വേണ്ടി മൂന്നു മുതല്‍ 10 വര്‍ഷത്തെ മാതൃകാപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിയമനങ്ങള്‍ എങ്ങനെയാകണം

ജോലിക്കാരെ വെക്കുക ആദ്യഘട്ടത്തില്‍ ക്ലേശകരമായിരിക്കും. ഓരോ രംഗത്തെയും പ്രഗല്‍ഭരെ തെരഞ്ഞെടുക്കുകയെന്നതാണ് കാലാകാലങ്ങളായി പിന്തുടര്‍ന്നു വരുന്ന രീതി. ഇത് സംരംഭത്തിന്റെ മൂല്യം വര്‍ധിപ്പിക്കുമെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ സംരംഭം ആരംഭിച്ച കാലത്ത് തന്റെ ഏറ്റവും വലിയ വീഴ്ചയായി കാംപ്‌ബെല്‍ കണക്കാക്കുന്നത് കഴിവുറ്റവരെ ജോലിക്കുവെക്കുകയും അവരെ പുറകെ നടന്ന് കൈകാര്യം ചെയ്തുവെന്നതുമാണ്. ഓരോ ഘട്ടത്തിലും അമിതസൂക്ഷ്മതയോടെയാണ് താന്‍ കൈകടത്തിയിരുന്നതെന്ന് അദ്ദേഹം മനസിലാക്കിയിരുന്നില്ല. ഓരോ പദ്ധതിയിലും എന്താണു ചെയ്യേണ്ടതെന്ന് വളരെ കൃത്യമായി ജീവനക്കാര്‍ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാല്‍ ജീവനക്കാരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിടാതിരുന്നതു വഴി ബിസിനസ് വളര്‍ച്ചയും അവരുടെ വികസനവും തടസപ്പെടുത്തുകയാണു താന്‍ ചെയ്തതെന്ന് മനസിലാക്കാന്‍ വളരെ വൈകിയെന്ന് അദ്ദേഹം പറയുന്നു.

രണ്ടോ മൂന്നോ ജീവനക്കാരുള്ള ഒരു ചെറുകമ്പനിയാകുമ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലുള്ള ഫലമുണ്ടാക്കാന്‍ അവരുമായി നിരന്തരം കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ എട്ടോ പത്തോ ജീവനക്കാരായി സംരംഭം മുമ്പോട്ടു നയിക്കുമ്പോള്‍ ഇതേ പോലെ ഓരോരുത്തരുടെയും മേല്‍നോട്ടം വഹിക്കാന്‍ പറ്റില്ല. ഇന്ന് നിയമനം നടത്തുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ വിലയിരുത്താറുണ്ടെന്നും കാംപ്‌ബെല്‍ പറയുന്നു. ഉല്‍ക്കര്‍ഷേച്ഛയുള്ള വ്യക്തിയാണോ, സ്വന്തമായി എന്തെങ്കിലും പദ്ധതികളുള്ള വ്യക്തിയാണോ, സ്വയം വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നവരാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ഇതുവഴി സ്വതന്ത്രചിന്താഗതിക്കാരായ ഒരു സംഘം ജീവനക്കാരെയാണു തനിക്കു കിട്ടിയിരിക്കുന്നത്. അവര്‍ വ്യത്യസ്ത ആശയങ്ങളും സംശയങ്ങളുമായി സമീപിക്കുമ്പോള്‍ തനിക്ക് പ്രശ്‌നപരിഹാരകനായി വര്‍ത്തിക്കാന്‍ സാധിക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഒരു മികച്ച ടീമിനെ സൃഷ്ടിക്കുന്നതിലൂടെ വളര്‍ച്ച സുഗമമാക്കാനുള്ള മാര്‍ഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒഴിവുകള്‍ നികത്തല്‍

കോടികളുടെ ലാഭം പ്രതീക്ഷിക്കുമ്പോള്‍ത്തന്നെ അത് വിവിധ ശൃംഖലകളിലൂടെയും വാമൊഴിയായുമൊക്കെയാണ് സാധിക്കുകയെന്ന വസ്തുതയും മനസിലാക്കണം. വലിയ സംരംഭമായി വളരാന്‍ നമ്മുടെ വളര്‍ച്ചാലക്ഷ്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന അഭ്യുദയകാംക്ഷികളുണ്ടായിരിക്കണം. തന്റെ ഏജന്‍സിയില്‍ ഒരു വാണിജ്യവിഭാഗം മേധാവിയെ നിയമിച്ചത് ഈ കാഴ്ചപ്പാടോടെയാണെന്ന് കാംപ്‌ബെല്‍ വ്യക്തമാക്കി. തന്റെ ബിസിനസുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ്, ഡിസൈനിംഗ്, കോപ്പിറൈറ്റിംഗ് തുടങ്ങി മാര്‍ക്കറ്റിംഗ് ഏജന്‍സിയുമായി ബന്ധപ്പെട്ട ഒരു ജോലിയും തനിക്കു പുത്തരിയല്ല. കൈവെക്കാത്ത ഒരേയൊരു മേഖല വില്‍പ്പനയാണ്. സെയില്‍സിലേക്ക് ആളുകളെ നിയമിക്കുകയെന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. മേഖലയില്‍ അധികം അനുഭവപരിജ്ഞാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായം തേടാന്‍ കണ്‍സള്‍ട്ടന്റുമാര്‍ പൂര്‍ണപിന്തുണ നല്‍കിയത് വളരെയധികം സഹായകമായെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വയം അനുമോദിക്കുക

വിജയം വരിക്കുമ്പോള്‍ അനുമോദിക്കേണ്ടതെന്ന കാര്യത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് കാംപ്‌ബെല്ലിന്റെ സ്വന്തമായുള്ള വിലയിരുത്തല്‍. ഒരു സംരംഭകന്‍ എന്ന നിലയില്‍ ഇതൊരു ശാപമാണെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ മികച്ച രീതിയിലാണ് ബിസിനസ് മുമ്പോട്ടു കൊണ്ടു പോകുന്നതെന്ന് ജനം അനുമോദിക്കാറുണ്ട്. 15 പേര്‍ക്കു നിങ്ങളുടെ സംരംഭത്തില്‍ ജോലി നല്‍കാനായെന്ന കാര്യമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 15 പേര്‍ക്കു പകരം അതിന്റെ ഇരട്ടിയാളുകളുടെ ശക്തി എന്തു കൊണ്ടു കൈവരിക്കാനാകുന്നില്ല എന്ന ചിന്തയിലേക്കാണ് തന്നെ ഈ അനുമോദനം നയിക്കുക. അല്‍പ്പം അവധാനതയോടെ ആലോചിക്കുമ്പോള്‍ തങ്ങള്‍ എത്ര നന്നായി കാര്യങ്ങള്‍ ചെയ്തുവെന്ന് മനസിലാകുന്നു. അത് അവിശ്വസനീയമായ പ്രേരകതന്ത്രമായി വര്‍ത്തിക്കുകയാണു ചെയ്യുന്നത്. കമ്പനിസംസ്‌കാരത്തില്‍ അംഗീകാരമെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് ആളുകളുടെ വാഴ്ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്നു. വലിയ ചില ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ക്രിയാത്മകമായ പ്രചാരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടി വരുകയെന്നതും പ്രധാനമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും സമ്മാനത്തില്‍ നിന്നു കണ്ണുപറിച്ചെടുക്കാന്‍ നിങ്ങള്‍ക്കാകില്ല.

മുഴുനീള ജോലി

ജോലിയും വ്യക്തിജീവിതവും തമ്മില്‍ സംതുലനം പാലിക്കുകയെന്നത് വളരെയധികം കൗശലം ആവശ്യപ്പെടുന്ന പ്രക്രിയയാണ്. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം 5.30 വരെ ജോലി ചെയ്യാന്‍ സന്നദ്ധനാണ് വ്യക്തിയാണെന്ന് കാംപ്‌ബെല്‍ പറയുന്നു. ആവശ്യമെങ്കില്‍ 9- 12 സമയപരിധിയില്‍ വീട്ടിലിരുന്നു ജോലി ചെയ്യാനും കഴിയും. പകല്‍ സമയത്ത് ഓഫിസ്‌ജോലി തീര്‍ക്കാനാകാത്ത അവസരങ്ങളില്‍ വീട്ടിലെത്തിയും ജോലി ചെയ്യേണ്ടി വരും. വീട്ടിലെത്തിയാലും ഓഫിസ് കാര്യം സംസാരിക്കുന്നത് പങ്കാളിക്കോ കുടുംബാംഗങ്ങള്‍ക്കോ ഇഷ്ടപ്പെടില്ല. ജോലിത്തിരക്ക് കുടുംബത്തോടൊപ്പം കഴിയേണ്ട സമയം അപഹരിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഓഫിസ് സമയത്തായിരിക്കും ബിസിനസ് ആശയങ്ങള്‍ മനസിലേക്ക് വരുന്നതെന്നതിനാല്‍ പലപ്പോഴും ഈ സമയത്തെ ജോലികള്‍ മാറ്റിവെക്കേണ്ടി വരും. എന്നാല്‍ നിങ്ങള്‍ ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന ജോലി നിങ്ങളുടെ മറ്റുകാര്യങ്ങള്‍ക്ക് വിഘാതമുണ്ടാക്കില്ല. അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു ചെലവാക്കുന്ന സമയം മിച്ചം പിടിച്ച് ബിസിനസ് കാര്യങ്ങള്‍ക്കു വിനിയോഗിക്കാം.

 

Comments

comments

Categories: Entrepreneurship, Slider