2018 യമഹ വൈഇസഡ്എഫ്-ആര്‍3 പുറത്തിറക്കി

2018 യമഹ വൈഇസഡ്എഫ്-ആര്‍3 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 3.48 ലക്ഷം രൂപ. ഫുള്‍-ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഏകദേശം ഒരു വര്‍ഷത്തിനുശേഷം തിരിച്ചെത്തി

ഗ്രേറ്റര്‍ നോയ്ഡ : പരിഷ്‌കരിച്ച യമഹ വൈഇസഡ്എഫ്-ആര്‍3 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.48 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫുള്‍-ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നത്. ബിഎസ്-4 പാലിക്കാത്തതിനാല്‍ 2017 ഏപ്രിലില്‍ യമഹ മോട്ടോര്‍ ഇന്ത്യ ബൈക്ക് പിന്‍വലിച്ചിരുന്നു. ബോളിവുഡ് നടനും യമഹയുടെ ബ്രാന്‍ഡ് അംബാസഡറുമായ ജോണ്‍ എബ്രഹാമാണ് ഓട്ടോ എക്‌സ്‌പോയില്‍ ബൈക്ക് അവതരിപ്പിച്ചത്. ചെറിയ മാറ്റങ്ങളോടെയാണ് യമഹ ആര്‍3 യുടെ 2018 എഡിഷന്‍ വരുന്നത്. 2017 നവംബറില്‍ ആഗോള അനാവരണം നടത്തിയിരുന്നു.

റേസിംഗ് ബ്ലൂ, മാഗ്മ ബ്ലാക്ക് എന്നീ പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്‌സുമാണ് 2018 മോഡല്‍ യമഹ ആര്‍3 യിലെ ഒരു മാറ്റം. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 321 സിസി, ഇന്‍-ലൈന്‍, ട്വിന്‍-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 10,750 ആര്‍പിഎമ്മില്‍ 41 ബിഎച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 29.6 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നവിധമാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എന്‍ജിന്‍ ഇപ്പോള്‍ ബിഎസ്-4 അനുസൃതമാണ്. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് നല്‍കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

റേസിംഗ് ബ്ലൂ, മാഗ്മ ബ്ലാക്ക് എന്നീ പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്‌സും നല്‍കിയിരിക്കുന്നു. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് ലഭിക്കും

സ്റ്റിക്കല്‍ മെറ്റ്‌സെലര്‍ റേഡിയല്‍ ടയറുകള്‍ 2018 യമഹ ആര്‍3 യിലെ പുതിയ ഫീച്ചറാണ്. മുന്നില്‍ 41 എംഎം കയാബ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുന്നത്. മുന്‍ ചക്രത്തില്‍ 298 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌കും നല്‍കിയിരിക്കുന്നു. ഇന്തോനേഷ്യയില്‍ നിര്‍മ്മിച്ചാണ് ജാപ്പനീസ് കമ്പനി ബൈക്ക് ഇന്ത്യയിലെത്തിക്കുന്നത്.

Comments

comments

Categories: Auto