വീണ്ടും വായ്പ എഴുതിത്തള്ളല്‍, ഇത് മോശം കീഴ്‌വഴക്കം

വീണ്ടും വായ്പ എഴുതിത്തള്ളല്‍, ഇത് മോശം കീഴ്‌വഴക്കം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന പ്രവണത ശക്തിപ്പെടുകയാണ്. ഇതുകൊണ്ട് കര്‍ഷകര്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും പ്രത്യേകിച്ച് കാര്യമൊന്നുമില്ല

അടുത്ത വര്‍ഷമാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തിലെ നേട്ടങ്ങളില്‍ എത്രമാത്രം സംസ്ഥാനം ഭരിക്കുന്ന വസുന്ധര രാജെക്ക് അഭിമാനിക്കാനുണ്ടെന്ന കാര്യം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 8000 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രക്രിയ തീര്‍ത്തും നിരാശാജനകമായിത്തീര്‍ന്നു.

രാജസ്ഥാനില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടി കൊണ്ടാകാം സര്‍ക്കാര്‍ ജനകീയമെന്ന് തോന്നിക്കുന്ന വായ്പ എഴുതിത്തള്ളലിലേക്ക് കടന്നത്. കര്‍ഷകര്‍ക്ക് രാജ്യത്ത് വലിയ പ്രശ്‌നങ്ങളുണ്ട്. സാമ്പത്തിക സര്‍വേയില്‍ തന്നെ അത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇന്ത്യ പോലൊരു കൃഷി അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ കര്‍ഷകര്‍ സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും അനിവാര്യമാണ് താനും.

സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത് കാലാവസ്ഥാ വ്യതിയാനം പോലുള്ള കാരണങ്ങള്‍ കൊണ്ട് കാര്‍ഷിക ഉല്‍പ്പാദനത്തില്‍ ഇടക്കാലത്തേക്ക് 25 ശതമാനം വരെ കുറവ് സംഭവിക്കാം എന്നാണ്. ഇതിലൊന്നും ഇവിടത്തെ ഒരു സര്‍ക്കാരും അത്ര വലിയ ആശങ്ക പ്രകടിപ്പിച്ചതായി കാണുന്നില്ല. എന്നാല്‍ കര്‍ഷകരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ അവരുടെ പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലാതെ പൊള്ളയായ വായ്പാ എഴുതിത്തള്ളല്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

മോശം കീഴ്‌വഴക്കമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളുമെല്ലാം ഇക്കാര്യത്തില്‍ സൃഷ്ടിച്ചെടുക്കുന്നത്. മഹാരാഷ്ട്രയും ഉത്തര്‍ പ്രദേശും എല്ലാം ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് മുന്‍പ് നാം കണ്ടു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ട് പോലും അത് മുഖവിലയ്‌ക്കെടുത്തില്ല ആരും.

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന പോലുള്ള നടപടികള്‍ കൈക്കൊള്ളാം, അതിന്റേതായ അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍. അല്ലാതെ കൂട്ടമായി ഇത്തരത്തില്‍ വായ്പ എഴുതിത്തള്ളുന്നത് ഒരു തരത്തിലുള്ള ലക്ഷ്യവും നേടാന്‍ പര്യാപ്തമല്ല. മോശം വായ്പാ തിരിച്ചടവ് സംസ്‌കാരം സൃഷ്ടിക്കാന്‍ മാത്രമേ ഇത് സഹായകമാകൂ. ബാങ്കുകള്‍ക്ക് വായ്പ നല്‍കാനുള്ള താല്‍പ്പര്യം കുറയുകയും ചെയ്യും. എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കര്‍ഷകരെ എങ്ങനെ പ്രാപ്തരാക്കുന്നു എന്നതിലാണ് കാര്യം. അല്ലാതെ വോട്ട് മാത്രം ലക്ഷ്യമിട്ട് ഇങ്ങനെ വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചല്ല. എത്രയോ വായ്പ എഴുതിത്തള്ളല്‍ നടന്നു. ഇത് എന്ത് ഗുണമാണ് രാജ്യത്തിന്റെ കാര്‍ഷിക രംഗത്തിന് ഉണ്ടാക്കിയിട്ടുള്ളത്. തീര്‍ത്തും സാമ്പത്തികപരമായി നിരുത്തരവാദിത്തം പുലര്‍ത്തുന്ന തരത്തിലുള്ള നടപടിയാണിത്.

വായ്പാ സംസ്‌കാരത്തിലെ മൂല്യച്യുതി കൊണ്ടാണ് ഇവിടെ വിജയ് മല്ല്യമാര്‍ ഉണ്ടായത്. ഇനിയെങ്കിലും ആരോഗ്യമുള്ളൊരു വായ്പാ സംസ്‌കാരം കൊണ്ടുവരാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. ബാങ്കുകളെയും സമ്പദ് വ്യവസ്ഥയെയുമെല്ലാം രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ തുടങ്ങിയാല്‍ രാജ്യം സഞ്ചരിക്കുന്നത് പുറകോട്ടായിരിക്കും. കാര്‍ഷിക മേഖലയിലെ തനതായ പ്രശ്‌നങ്ങള്‍ പഠിച്ച് അതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്. അല്ലെങ്കില്‍ ഈ വായ്പ എഴുതിത്തള്ളല്‍ പരിപാടി അവസാനമില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായി തുടരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുന്ന സംസ്ഥാനങ്ങളെല്ലാം തന്നെ വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് കൂടി ചിന്തിക്കണം. ദീര്‍ഘവീക്ഷണമില്ലായ്മയുടെ പ്രശ്‌നമാണിത്.

Comments

comments

Categories: Editorial